ഇന്ധന വില: ലാഭമെടുക്കുന്നതാര്…?

പെട്രോളിയം ഉത്പന്നങ്ങളുടെ അനിയന്ത്രിതമായ വിലവര്‍ധനയിലേക്ക് നയിക്കുന്നതില്‍ പെട്രോള്‍ കമ്പനികളുടെ ഗൂഢ നീക്കങ്ങള്‍ക്കൊപ്പം കേന്ദ്ര സംസ്ഥാനങ്ങളുടെ നികുതി വര്‍ധനയും മുഖ്യ കാരണമാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. എണ്ണ ക്കമ്പനികളെ നിയന്ത്രിക്കേണ്ട കേന്ദ്രസര്‍ക്കാര്‍ കമ്പനികളെ മുന്നില്‍ നിര്‍ത്തി രാജ്യത്തെ പൗരന്മാരെ കവര്‍ച്ച ചെയ്യുകയാണ്. ഇന്ധന മേഖലയിലെ നിലവിലെ രാജ്യാന്തര സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ 2018ല്‍ ക്രൂഡ് ഓയില്‍ വില ഇപ്പോഴത്തേതില്‍ നിന്ന് ഉയരാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. എന്നാല്‍ അസംസ്‌കൃത എണ്ണ സൗജന്യമായി ലഭിച്ചാല്‍ പോലും ഇന്ത്യയില്‍ അത് എണ്ണവിലയില്‍ മാറ്റമുണ്ടാക്കില്ലെന്നതാണ് യാഥാര്‍ഥ്യം
Posted on: September 17, 2017 6:03 am | Last updated: September 18, 2017 at 9:41 pm

ആഗോളതലത്തില്‍ ദൈനംദിന ജീവിതത്തിന്റെ ഗതിമാറ്റത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഇന്ധന വിലയുടെ കാര്യത്തില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്ധനം ഇറക്കുമതി രാജ്യങ്ങളിലൊന്നായ ഇന്ത്യയില്‍ പൗരന്മാര്‍ അനുഭവിക്കുന്നത് തികച്ചും അന്യായമായ ഭരണകൂട ഭീകരതയാണ്. രാജ്യാന്തര വിപണിയില്‍ ഇന്ധന വിലയിലുണ്ടാകുന്ന വന്‍ധന നിമിഷങ്ങള്‍ക്കകം പ്രതിഫലിക്കുകയും, കുറയുമ്പോള്‍ ഇത് അറിയാതിരിക്കുകയും ചെയ്യുന്ന പ്രവണതയാണ് ഇന്ത്യയില്‍ കണ്ടുവരുന്നത്.

രാജ്യത്തെ ജനങ്ങളെ പിഴിഞ്ഞ് എണ്ണക്കമ്പനികളും ഭരണകൂടങ്ങളും വന്‍തോതില്‍ ലാഭം കൊയ്യുമ്പോള്‍ ഈ അമിതലാഭത്തിന്റെ യഥാര്‍ഥ ഉപഭോക്താക്കള്‍ ആരാണെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയമായി ഇതിനെ വ്യാഖ്യാനിച്ച് പരസ്പരം കുറ്റം പഴിചാരാന്‍ മത്സരിക്കുന്ന വേളയില്‍ ഇത്തരമൊരു പരിശോധനക്ക് പ്രസക്തിയുണ്ട്. നിലവില്‍ പെട്രോളിയം ഉത്പന്നങ്ങളില്‍ നിന്ന് വന്‍തോതില്‍ നികുതി ഈടാക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഒരു ലിറ്റര്‍ പെട്രോള്‍ വിലയില്‍ നിന്ന് എക്‌സൈസ് നികുതിയിനത്തില്‍ ഈടാക്കുന്നത് 21.48 രൂപയാണ്. ഇതിന് പുറമെ ഇറക്കുമതി നികുതി, പെട്രോള്‍ നേരിട്ട് ഇറക്കുമതി ചെയ്യുകയാണെങ്കില്‍ 2.5 ശതമാനം ബേസിക് കസ്റ്റംസ് ഡ്യൂട്ടിയും, ഒപ്പം അഡീഷനല്‍ കസ്റ്റംസ്, കൗണ്ടര്‍ വെയിലിംഗ് ഡ്യൂട്ടിയും കേന്ദ്രം ഈടാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം പെട്രോളിയം ഉത്പന്നങ്ങളുടെ അധികനികുതിയില്‍ നിന്ന് കേന്ദ്രം ജനത്തിന്റെ കഴുത്തില്‍ കുത്തിപ്പിടിച്ച് പിഴിഞ്ഞത് 2.73 ലക്ഷം കോടി രൂപയാണ്. സംസ്ഥാനങ്ങള്‍ ഈ ഇനത്തില്‍ 1.89 ലക്ഷം കോടിയുടെ അധികവരുമാനമെടുത്തിട്ടുണ്ട്.

കേന്ദ്രത്തില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്നുവര്‍ഷം പിന്നിടുമ്പോള്‍ 16 തവണയാണ് ഇന്ധനത്തിന്റെ സെന്‍ട്രല്‍ എക്‌സൈസ് നികുതി വര്‍ധിപ്പിച്ചത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില താഴുമ്പോള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കണമെന്നിരിക്കെ അപ്പോഴെല്ലാം നികുതി വര്‍ധിപ്പിച്ച് വിലക്കുറവിന്റെ പ്രയോജനം തടയുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാറും എണ്ണക്കമ്പനികളും സ്വീകരിച്ചുവന്നത്. ഇതുവഴി ഏതാണ്ട് ഒരു ലക്ഷം കോടിയിലേറെ രൂപയാണ് കേന്ദ്രസര്‍ക്കാറിന് അധികവരുമാനം കിട്ടിയത്. ഇക്കാലയളവില്‍ ബേസിക് ഡ്യൂട്ടി ലിറ്ററിന് 1.20 രൂപയില്‍ നിന്നും 8.48 രൂപയായും, അഡീഷനല്‍ എക്‌സൈസ് ഡ്യൂട്ടി ലിറ്ററിന് 2.00 രൂപയില്‍ നിന്നും 6.00 രൂപയായും, സ്‌പെഷ്യല്‍ അഡീഷനല്‍ ഡ്യൂട്ടി ലിറ്ററിന് 6.00 രൂപയില്‍ നിന്നും 7.00 രൂപയായും ഉയര്‍ത്തിയതാണ് ഇത്രവലിയ വില വര്‍ധനയിലേക്ക് നയിച്ചത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണക്ക് വലിയ വില വ്യത്യാസം അനുഭവപ്പെടാത്ത ഈ വര്‍ഷം മാത്രം രാജ്യത്തെ പെട്രോള്‍ വിലയില്‍ ആറുരൂപ മുതല്‍ പതിനൊന്നു രൂപവരെ വിലവര്‍ധിച്ചു. ഇതിന്റെ നല്ലൊരു പങ്കും എണ്ണക്കമ്പനികളാണ് കൊയ്‌തെടുത്തതെന്ന് വ്യക്തമാണ്.

2014ല്‍ നരേന്ദ്ര മോദി അധികാരത്തിലെത്തുമ്പോള്‍ 9.20 രൂപയുണ്ടായിരുന്ന പെട്രോളിന്റെ സെന്‍ട്രല്‍ എക്‌സൈസ് നികുതി ഇപ്പോള്‍ 21.48 പൈസയാണ്. മൂന്നുവര്‍ഷത്തെ വര്‍ധന 133 ശതമാനം. 3.46 രൂപയുണ്ടായിരുന്ന ഡീസലിന്റെ നികുതി 400 ശതമാനം വര്‍ധിച്ച് 17.33 രൂപയിലെത്തി. 14-ാം ധനകാര്യ കമ്മീഷന്റെ ഉത്തരവ് പ്രകാരം ഇന്ധന വിലയിലൂടെ ലഭിക്കുന്ന നികുതി വരുമാനത്തിന്റെ 42 ശതമാനം സംസ്ഥാനങ്ങള്‍ക്ക് വീതിച്ചു നല്‍കുമ്പോള്‍ ഒരുലിറ്ററില്‍ 9.16 രൂപയാണ് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുക.

എന്നാല്‍ സംസ്ഥാനമെന്ന നിലയില്‍ കേരളത്തിന് ഒരു ലിറ്റര്‍ പെട്രോളില്‍ നിന്ന് സെസും ചേര്‍ത്ത് 17.53 രൂപയാണ് ലഭിക്കുന്നത്. കേന്ദ്രത്തിന്റെ നികുതി 133 ശതമാനം വര്‍ധിച്ചപ്പോള്‍ സംസ്ഥാനത്തിന്റെത് വിലവര്‍ധനക്ക് ആനുപാതികമായി 34 ശതമാനം മാത്രമാണ് വര്‍ധിച്ചത്. മൂന്ന്‌വര്‍ഷത്തിനിടെ കേന്ദ്രം 16 ശതമാനം നികുതി വര്‍ധിപ്പിച്ചപ്പോള്‍ സംസ്ഥാനം ഒരു തവണ പോലും വിലവര്‍ധിപ്പിച്ചിട്ടില്ല. 14-ാം ധനകാര്യ കമ്മീഷന്റെ ഉത്തരവ് പ്രകാരം സംസ്ഥാനങ്ങള്‍ക്ക് വീതിക്കുന്ന പങ്കുപ്രകാരം കേരളത്തിന് ഒരുലിറ്റര്‍ പെട്രോളില്‍ നിന്ന് 22 പൈസയും, ഡീസലിന് ലിറ്ററിന് 18 പൈസയും ലഭിക്കും. അതേസമയം, കേന്ദ്രത്തോടൊപ്പം നികുതി വര്‍ധിപ്പിച്ച് ചില സംസ്ഥാനങ്ങള്‍ ഇന്ധന വിലയില്‍ നിന്ന് അധികലാഭമെടുത്തിട്ടുണ്ട്. ഇതില്‍ മുന്നില്‍ നില്‍ക്കുന്നത് ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ തന്നെയാണെന്നതാണ് വസ്തുത. കഴിഞ്ഞ വര്‍ഷം ഇന്ധന വിലവര്‍ധനയിലൂടെ 10,000 കോടിയിലധികം അധിക ലാഭമുണ്ടാക്കിയ നാല് സംസ്ഥാനങ്ങളില്‍ മൂന്നും ബി ജെ പി അധികാരത്തിലിരിക്കുന്ന ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളാണ്. ഒപ്പം തമിഴ്‌നാടുമുണ്ട്.

രാജ്യാന്തര വിപണിയില്‍ ഒരിക്കല്‍ പോലും വലിയ വില വര്‍ധന രേഖപ്പെടുത്താതിരുന്ന കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ രാജ്യത്ത് ഇന്ധനവില റോക്കറ്റ് പോലെ കുതിച്ചുയരുന്ന കാഴ്ചയാണ് നാം കണ്ടത്. ഒടുവില്‍ ഇക്കാലയളവിലെ ഏറ്റവും ഉയര്‍ന്ന വില ഈ ആഴ്ച രേഖപ്പെടുത്തി. മുംബൈയിലാണ് ലിറ്ററിന് 80 രൂപയും കടന്ന് വില കുതിച്ചത്. ആഗോള വിപണിയെ പിടിച്ചുകുലുക്കിയ സാമ്പത്തിക പ്രതിസന്ധിയുടെ അനുരണനം ഇന്ധന മേഖലയെയും ബാധിച്ചതോടെ വില വര്‍ധിച്ച 2014 ല്‍ നിന്ന് കുത്തനെ ഇടിഞ്ഞിട്ടും രാജ്യത്ത് അന്നത്തെ വിലയില്‍ ഇപ്പോഴും പെട്രോള്‍ വില താഴേക്ക് പോയിട്ടില്ലെന്ന് മാത്രമല്ല, പത്തുശതമാനത്തോളം വര്‍ധന രേഖപ്പെടുത്തിയിട്ടുമുണ്ട്. 2014 ആഗസ്റ്റിന് ശേഷം പെട്രോള്‍ വിലയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് കഴിഞ്ഞ ആഴ്ച രാജ്യവിപണിയില്‍ ഇന്ധനം വിറ്റത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ മാത്രം പെട്രോള്‍ വില 10-12 രൂപയിലധികമാണ് വര്‍ധന രേഖപ്പെടുത്തിയത്.

ഇന്ധന വില ദൈനംദിന ജീവിതത്തെ വളരെ പെട്ടെന്ന് പ്രതിഫലിക്കുന്ന ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ മാത്രം രണ്ടുമാസത്തിനിടെയുണ്ടായ വര്‍ധന ശ്രദ്ധേയമാണ്. കഴിഞ്ഞ ജൂലൈ ഒന്നിന് 63 രൂപ ലിറ്റര്‍ വിലയുണ്ടായിരുന്ന പെട്രോള്‍, സെപ്തംബര്‍~മൂന്നാകുമ്പോഴേക്കും 74.50 രൂപയിലെത്തി. ഇക്കാലയളവില്‍ 11.50 രൂപയാണ് പെട്രോളിന് മാത്രം വര്‍ധിച്ചത്. പത്ത് തവണ വില വര്‍ധിപ്പിച്ചാണ് ഇന്ധന കമ്പനികള്‍ ഈ ‘നേട്ടം’ കൈവരിച്ചത്. അന്താരാഷ്ട്രതലത്തില്‍ അസംസ്‌കൃത എണ്ണയുടെ വില ദിനം തോറും താഴ്ന്നു നില്‍ക്കുമ്പോഴാണ് രാജ്യത്ത് ഇന്ധന വില റെക്കോര്‍ഡിടുന്നതെന്നത് ഏറെ കൗതുകകരമാണ്. ഈ ആഴ്ചയില്‍ ഉയര്‍ന്ന നിരക്കായി കേരളത്തില്‍ 74. 50 രേഖപ്പെടുത്തിയപ്പോള്‍ കേന്ദ്രഭരണ പ്രദേശത്തിനുള്ള നികുതിയിളവ് ലഭ്യമാകുന്ന രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഇന്ധന വില 71.96 കടന്നു. കൊല്‍ക്കത്തയിലും 73.05 ന് മീതെ കടന്നു. കേരളത്തില്‍ താരതമ്യേന കുറവ് അനുഭവപ്പെടുന്ന എറണാകുളത്ത് 73.93 രൂപയിലാണ് പെട്രോള്‍ ലഭിച്ചത്. മറ്റുള്ള പ്രദേശങ്ങളില്‍ ഇതിലും കൂടിയ നിരക്കാണ് നിലവില്‍ ഉള്ളത്.

കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ അസംസ്‌കൃത എണ്ണക്ക് (ക്രൂഡ് ഓയില്‍) ഏറ്റവും കൂടിയ വില രേഖപ്പെടുത്തിയത് 2008 ജൂലൈ മൂന്നിനായിരുന്നു. ബാരലിന് (ഒരുബാരല്‍ 159 ലിറ്റര്‍)145.29 ഡോളര്‍ രേഖപ്പെടുത്തിയ അന്ന് ക്രൂഡ് ഓയില്‍ ലിറ്ററിന് 39, പെട്രോള്‍ 50.56, ഡീസല്‍ 34.80 രൂപയായിരുന്നു രാജ്യത്തെ വില. ഇക്കാലയളവില്‍ പിന്നീട് അസംസ്‌കൃത എണ്ണക്ക് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ 2016 ഫെബ്രുവരി 17ന് (ബാരലിന് 27.67 ഡോളര്‍) ക്രൂഡ് ഓയില്‍ ലിറ്ററിന് 11.9 രൂപയും, പെട്രോള്‍ 59.63 രൂപയും, ഡീസല്‍ 44.96 രൂപയുമായിരുന്നു. ക്രൂഡ് ഓയിലിന് വില കുറയുമ്പോള്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്കും വില കുറയണമെന്നിരിക്കെ ഇക്കാലയളവില്‍ വിലയുടെ 81 ശതമാനം വില കുറഞ്ഞിട്ടും പെട്രോളിയം ഉത്ന്നങ്ങളുടെ വില കുറഞ്ഞില്ലെന്ന് മാത്രമല്ല 12 ശതമാനത്തിലേറെ വര്‍ധിച്ചതായാണ് കാണുന്നത്. അതേസമയം ഇന്ന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന് വെറും 53.69 രൂപ മാത്രമാണുള്ളത്. എന്നാല്‍ പെട്രോള്‍ വില 74.50 രൂപയും. എന്നിട്ടും പ്രതിദിനം എണ്ണക്കമ്പനികള്‍ ഇന്ത്യയില്‍ വില ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. എന്‍ ഡി എ സര്‍ക്കാര്‍ ഇന്ത്യയില്‍ ദിവസംതോറും പെട്രോള്‍ വില പുതുക്കുന്ന ഡയനാമിക് പ്രൈസിംഗ് സംവിധാനം ഏര്‍പ്പെടുത്തിയ കഴിഞ്ഞ ജൂണ്‍ 16 ന് ശേഷം ആദ്യദിനങ്ങളില്‍ പെട്രോളിന് ചെറിയ തോതില്‍ വില കുറഞ്ഞിരുന്നുവെങ്കിലും പിന്നീട് ദിവസംതോറും ക്രമാതീതമായ വര്‍ധനയാണ് അനുഭവപ്പെടുന്നത്. ഫലത്തില്‍ ഇന്ധന മേഖലയിലെ പ്രതിസന്ധി മൂലം സമ്പന്നമായ പെട്രോളിയം ഉത്പാദക രാഷ്ട്രങ്ങള്‍ പോലും നഷ്ടത്തിലേക്ക് കൂപ്പുകുത്തുമ്പോള്‍, ഇന്ധനം ഇറക്കുമതി ചെയ്ത് വില്‍പ്പന നടത്തുന്ന ഇന്ത്യ വന്‍തോതില്‍ ലാഭമുണ്ടാക്കുന്നുവെന്നത് ഏറെ കൗതുകകരമാണ്.

അസംസ്‌കൃത എണ്ണക്ക് ബാരലിന് 107.9 ഡോളര്‍ വിലയുണ്ടായിരുന്ന 2014 ഏപ്രിലില്‍ പെട്രോള്‍ ലിറ്ററിന് 71.41 രൂപയും, ഡീസല്‍ 56.71 രൂപയുമായിരുന്നു. എന്നാല്‍ അസംസ്‌കൃത എണ്ണയുടെ വില 49.50 ഡോളറിലെത്തിയ 2017 സെപ്തംബറില്‍ പെട്രോള്‍ 79.52 രൂപയും ഡീസല്‍ 63.70 രൂപയുമാണെന്നത് കേന്ദ്രസര്‍ക്കാറിന്റെയും എണ്ണക്കമ്പനികളുടെയും പകല്‍ക്കൊള്ളയുടെ ആഴം വ്യക്തമാക്കുന്നതാണ്.

നേരത്തെ രാജ്യാന്തര വിപണിയിലുണ്ടാകുന്ന വിലയിലെ മാറ്റം കാര്യമായി രാജ്യത്ത് പ്രതിഫലിക്കാതിരിക്കാന്‍ വേണ്ടി 1972ലാണ് അന്നത്തെ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ ഓയില്‍പൂള്‍ അക്കൗണ്ട് സംവിധാനം ആരംഭിച്ചത്. ഇതനുസരിച്ച് രാജ്യാന്തര വിപണിയില്‍ വില വര്‍ധിച്ചാല്‍ അക്കൗണ്ടില്‍ നിന്നുള്ള ഫണ്ട് ഉപയോഗിച്ച് സര്‍ക്കാര്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്തുകയും വില കുറയുമ്പോള്‍ അധിക വരുമാനം ഫണ്ടിലേക്ക് മുതല്‍കൂട്ടുകയും ചെയ്യും. ഇതുവഴി ഇന്ധന വിലയില്‍ രാജ്യത്ത് ഒരു സ്ഥായീ ഭാവം നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നു. നീണ്ട മൂന്നുപതിറ്റാണ്ടോളം ഇതിന്റെ ഗുണഫലം രാജ്യത്തെ ജനങ്ങള്‍ അനുഭവിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് 2002ല്‍ വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാറാണ് ഇതിനെ കോര്‍പറേറ്റുകള്‍ക്ക് സഹായകരമാകുന്ന തരത്തിലേക്ക് വഴിതിരിച്ചുവിട്ടത്. രാജ്യാന്തര വിപണിയില്‍ വില കുറയുമ്പോള്‍ രാജ്യത്തും ഇത് പ്രകടമാകുമെന്ന വാഗ്ദാനത്തോടെയാണ് വിലമാറ്റം വിപണിക്ക് വിട്ടുകൊടുത്തതെങ്കിലും ഈ വാഗ്ദാനം മാത്രം ഇപ്പോഴും അങ്ങനെ തന്നെ നിലനില്‍ക്കുകയാണ്.

പെട്രോളിയം ഉത്പന്നങ്ങളുടെ അനിയന്ത്രിതമായ വിലവര്‍ധനയിലേക്ക് നയിക്കുന്നതില്‍ പെട്രോള്‍ കമ്പനികളുടെ ഗൂഢ നീക്കങ്ങള്‍ക്കൊപ്പം കേന്ദ്ര സംസ്ഥാനങ്ങളുടെ നികുതി വര്‍ധനയും മുഖ്യ കാരണമാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. എണ്ണക്കമ്പനികളെ നിയന്ത്രിക്കേണ്ട കേന്ദ്രസര്‍ക്കാര്‍, കമ്പനികളെ മുന്നില്‍ നിര്‍ത്തി രാജ്യത്തെ പൗരന്മാരെ കവര്‍ച്ച ചെയ്യുകയാണ്. ഇന്ധന മേഖലയിലെ നിലവിലെ രാജ്യാന്തര സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ 2018ല്‍ ക്രൂഡ് ഓയില്‍ വില ഇപ്പോഴത്തേതില്‍ നിന്ന് ഉയരാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. എന്നാല്‍ അസംസ്‌കൃത എണ്ണ സൗജന്യമായി ലഭിച്ചാല്‍ പോലും ഇന്ത്യയില്‍ അത് എണ്ണവിലയില്‍ മാറ്റമുണ്ടാക്കില്ലെന്നതാണ് യാഥാര്‍ഥ്യം.

അതേസമയം, എണ്ണവില വര്‍ധനയുമായി ബന്ധപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രി നിരത്തിയ ന്യായീകരണവും, മുന്നോട്ടുവെച്ച പരിഹാര മാര്‍ഗവും അപ്രായോഗികവും മണ്ടത്തരവുമാണ്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ എണ്ണവില ഏറ്റവും ഉയര്‍ന്ന ഈ മാസം 13 ന് വിലവര്‍ധനക്ക് കാരണം അമേരിക്കയിലെ ഫ്‌ളോറിഡയിലുണ്ടായ ‘ഇര്‍മ’ കൊടുങ്കാറ്റാണെന്നായിരുന്നു മന്ത്രിയുടെ കണ്ടെത്തല്‍. ഒപ്പം എണ്ണ വില വര്‍ധിപ്പിച്ചിരിക്കുന്നത് രാജ്യത്തെ പൗരന്മാര്‍ക്ക് കക്കൂസ് ഉണ്ടാക്കി നല്‍കാനാണെന്ന് കേരളത്തില്‍ നിന്നുള്ള ഒരു ഐ എ എസുകാരനായ കേന്ദ്രമന്ത്രിയുടെ മണ്ടത്തരവും നാം കേട്ടു. ഇത്തരം ഉത്തരവാദപ്പെട്ട മന്ത്രിമാര്‍ മണ്ടന്മാരാകുന്നതിന്റെ പ്രയോജനമാണ് എണ്ണക്കമ്പനികള്‍ കൊയ്‌തെടുക്കുന്നത്.

ഇതോടൊപ്പം വില നിയന്ത്രിക്കാന്‍ മന്ത്രി മുന്നോട്ടുവെച്ച പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ജി എസ് ടി ഏര്‍പ്പെടുത്തുമെന്ന വാഗ്ദാനവും അപ്രായോഗികമാണ്. ഇന്ധനവും മദ്യവും ജി എസ് ടിയില്‍ ഉള്‍പ്പെടുത്തില്ലെന്ന ഉറപ്പിന്മേലാണ് കേന്ദ്രം സംസ്ഥാനങ്ങളുമായി ജി എസ് ടി ധാരണയിലെത്തിയിരിക്കുന്നത്. ഈ ഉറപ്പാണ് ഒരു പരിധിവരെ ജി എസ് ടി വലിയ പ്രശ്‌നങ്ങളില്ലാതെ നടപ്പിലാക്കുന്നതിലേക്ക് വഴി തുറന്നതും. എന്നിരിക്കെ ജി എസ് ടി കൗണ്‍സിലിന് മുന്നിലില്ലാത്ത ഒരു കാര്യം പെട്രോളിയം മന്ത്രി ഉറപ്പുനല്‍കുന്നത് അപ്രായോഗികവും അപഹാസ്യവുമാണ്. ഇതോടൊപ്പം ഇന്ധന വിലയെ സാമൂഹിക ക്ഷേമത്തിന് ഉപയോഗിച്ചെന്ന് ന്യായീകരിക്കുന്ന ഭരണാധികാരികളെ തിരുത്തുകയാണ് രാജ്യാന്തര മോണിറ്ററി ഫണ്ടിന്റെ പഠന വിഭാഗം. ഇന്ധന വിലവര്‍ധനയിലൂടെ സമാഹരിച്ച അധികലാഭത്തില്‍ നിന്ന് സര്‍ക്കാറിന്റെ വാദ പ്രകാരമുള്ള പ്രയോജനം പൊതുജനങ്ങള്‍ക്ക് ലഭിച്ചില്ലെന്നാണ് കണക്കുകള്‍ നിരത്തി രാജ്യാന്തര മോണിറ്ററി ഫണ്ടിന്റെ പഠന വിഭാഗം തെളിയിക്കുന്നത്. ഇന്ധന വില താഴ്ന്നതുമൂലം മിക്ക രാജ്യങ്ങളും അവരുടെ ആഭ്യന്തര വളര്‍ച്ചാ നിരക്ക് ഉയര്‍ത്തിയപ്പോള്‍ ഇന്ത്യ ഇതിലും താഴേക്ക് പോയിരിക്കുകയാണെന്നതാണ് വസ്തുത.

അതേസമയം, കേന്ദ്രസര്‍ക്കാറിന്റെ മുന്‍കരുതലും ദീര്‍ഘവീക്ഷണവുമില്ലാതെ തീര്‍ത്തും രാഷ്ട്രീയ ലക്ഷ്യത്തോടെ നടപ്പിലാക്കിയ നോട്ടുനിരോധം പത്തുവര്‍ഷം കൊണ്ട് നേടിയെടുത്ത രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദന വളര്‍ച്ചയെ 50 ദിവസം കൊണ്ട് രണ്ടുശതമാനം പിറകോട്ടടിപ്പിക്കുകയും, ഇത് സാമ്പദ്ഘടനയില്‍ പ്രകടമാകുകയും ചെയ്തതോടെ തൊഴിലില്ലായ്മയും മാന്ദ്യവും നേരിടുന്ന ദയനീയ അവസ്ഥയില്‍ പിടിച്ചുനില്‍ക്കാനുള്ള കച്ചിത്തുരുമ്പായാണ് കേന്ദ്രം ഇന്ധന വരുമാനത്തെ മുതല്‍ കൂട്ടുന്നത്. എന്നാല്‍ രാജ്യത്തെ 40 ശതമാനത്തോളം വരുന്ന ഇടത്തരം മധ്യവര്‍ഗത്തിന്റെ അതൃപ്തിയാണ് ഇതിലൂടെ സര്‍ക്കാര്‍ സമ്പാദിക്കുന്നത്.

സാധാരണക്കാരന്റെ പോക്കറ്റ് കൊള്ളയടിച്ച് കോര്‍പറേറ്റുകള്‍ക്ക് കൈമാറുന്ന ഒരു കൂട്ടിക്കൊടുപ്പുകാരന്റെ റോളാണ് ഇന്ധന വിലയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍വഹിക്കുന്നതെന്ന് പറഞ്ഞാല്‍ അധികമാകില്ല. നേരത്തെ പെട്രോളിന് ഒരു രൂപ വര്‍ധിച്ചാല്‍ പോലും വാര്‍ത്തയായിരുന്ന രാജ്യത്ത് ഇപ്പോള്‍ ഇന്ധന വില റെക്കോര്‍ഡിട്ടിട്ടുപോലും ജനം അറിയാത്ത അവസ്ഥയാണ്. ദിനേന വില മാറ്റമെന്ന ‘സ്ലോപോയിസനി’ലൂടെയാണ് ഭരണാധികാരികള്‍ ഇത് സാധ്യമാക്കിയത്. നേരത്തെ ഇന്ധന വിലവര്‍ധനക്കെതിരെ മോട്ടോര്‍ വാഹനം തള്ളിയും, ഗ്യാസ് സിലിണ്ടറുമായി തെരുവിലിറങ്ങിയവര്‍ തന്നെയാണ് ഇന്നതിനെ ന്യായീകരിച്ച് രംഗത്തുള്ളതെന്നതും ഏറെ വിരോധാഭാസമാണ്.

നേരത്തെ പോലെ എണ്ണ ശുദ്ധീകരണ മേഖലയില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ മാത്രമായിരുന്നുവെങ്കില്‍ പൊതുഖജനാവിലേക്കാണ് പോകുന്നതെന്നെങ്കിലും സമാധാനിക്കാമായിരുന്നു. എന്നാല്‍ 60 മുതല്‍ 70 ശതമാനം വരെ പെട്രോളും ഡീസലും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത് ഉപയോഗിക്കുന്ന ഒരു രാജ്യത്ത് ഈ മേഖലയിലെ പൊതുമേഖലാ കമ്പനികളെ മറികടക്കാന്‍ മാത്രം വളര്‍ന്ന സ്വകാര്യ കമ്പനികളും, പൊതുമേഖലയുടെ ഓഹരികള്‍ വാങ്ങിക്കൂട്ടിയ കോര്‍പറേറ്റ് കമ്പനികളും അരങ്ങുവാഴുന്നുവെന്ന യാഥാര്‍ഥ്യം നമുക്ക് വിസ്മരിക്കാനാകില്ല. ഈ സാഹചര്യത്തില്‍ ഈ വിലവര്‍ധന അവരെ കൂടി സഹായിക്കാനാണെന്ന് ഏറെക്കുറെ വ്യക്തമാണ്.