കാവ്യയുടെ ആരോപണം കേസ് അട്ടിമറിക്കാനുള്ള ശ്രമം: കൊടിയേരി

Posted on: September 16, 2017 8:46 pm | Last updated: September 17, 2017 at 10:17 am

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ ആരോപണങ്ങള്‍ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദിലീപിനേയും തന്നേയും കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ ഭരണകക്ഷിയിലെ പ്രമുഖ നേതാവിന്റെ മകന് പങ്കുണ്ടെന്ന് കാവ്യ ആരോപിച്ചിരുന്നു.

എന്നാല്‍ ഈ ആരോപണം കേസിന്റെ ഗതി തിരിച്ചു വിടാനാണെന്ന് കോടിയേരി ആരോപിച്ചു. ഏത് സിപിഎം നേതാവിന്റെ മകനാണെന്ന് വ്യക്തമായി പറയണം. ഇപ്പോഴും ചിലര്‍ വേട്ടക്കാര്‍ക്കൊപ്പമാണെന്നും കോടിയേരി കുറ്റപ്പെടുത്തി. ഭരണകക്ഷി നേതാവിന്റെ മകന് പുറമെ എഡിജിപി ബി. സന്ധ്യ, പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെയും കാവ്യ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ദിലീപിന്റെ കരിയറും ജീവിതവും തകര്‍ക്കാന്‍ ഇവര്‍ ശ്രമിക്കുന്നുവെന്നാണ് കാവ്യയുടെ ഹര്‍ജിയിലെ ആരോപണം.