എസ് എസ് എഫ് പ്രവര്‍ത്തകന്റെ മരണം: തേങ്ങലടക്കാനാകാതെ ചിറക്കല്‍പടി

Posted on: September 16, 2017 6:54 am | Last updated: September 15, 2017 at 11:13 pm

മണ്ണാര്‍ക്കാട്: പഴനിയില്‍ വാഹനാപകടത്തില്‍ മരിച്ച് എസ് എസ് എഫ് ചിറക്കല്‍പ്പടി യൂനിറ്റ് ജനറല്‍ സെക്രട്ടറിയും തൊട്ടിപറമ്പില്‍ വീട്ടില്‍ ഹംസ ദാരിമിയുടെ മകനുമായ മുഹമ്മദ് ശഫീഖിന്റെ വീട് സുന്നിപ്രവര്‍ത്തകര്‍ സന്ദര്‍ശിക്കുകയും പരലോക മോക്ഷത്തിനായി പ്രാര്‍ഥന നടത്തുകയും ചെയ്തു.

സുന്നി നേതാക്കളായ കെ ഉണ്ണീന്‍കുട്ടി സഖാഫി, ഇസ്മാഈല്‍ ദാരിമി, പി കെ ലത്തീഫ്, നാസര്‍ മിസ് ബാഹി, ഖാദര്‍മുസ് ലിയാര്‍ തുടങ്ങി നാടിന്റെ വിവിധ നൂറ് കണക്കിനാളുകളാണ് അന്തിമോചാരം അര്‍പ്പിക്കുന്നതിനായി എത്തിയത്. എസ് എസ് എഫ് ചിറക്കല്‍പ്പടി യൂനിറ്റ് ജനറല്‍ സെക്രട്ടറിയും നെല്ലിപ്പുഴ നജാത്ത് ആര്‍ട്‌സ് കേളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയുമാണ്. അയല്‍വാസിയായ പൂച്ചേങ്ങല്‍ വീട്ടില്‍ അഷറഫിന്റെ മകന്‍ ഷഹിഷാദുമൊത്ത് കഴിഞ്ഞ തിങ്കളാഴ്ചയാണ് ബൈക്കില്‍ കൊടൈക്കനാലിലേക്ക് വിനോദയാത്രക്ക് പോയത്.

ചൊവ്വാഴ്ച ഉച്ചക്ക് ശേഷം മൂന്നുമണിയോടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ തമിഴ്‌നാട് പഴനിക്കടുത്ത് വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് പിറകില്‍ തമിഴ്‌നാട് സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. തുടര്‍ന്ന് കോവൈ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരിക്കെ വെളളിയാഴ്ച രാവിലെയാണ് മരണപ്പെട്ടത്. ശനിയാഴ്ച രാവിലെ കോയമ്പത്തൂരിലെ ആസ്പത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തുന്ന ജനാസ ഇന്ന് വൈകീട്ട് രണ്ടിന് കൊറ്റിയോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവുചെയ്യും.