അടവു നയത്തില്‍ സന്ദേഹിച്ചു നില്‍ക്കുമ്പോള്‍

Posted on: September 11, 2017 6:15 am | Last updated: September 10, 2017 at 11:59 pm
SHARE

”ശക്തമായ സി പി ഐ (എം) കെട്ടിപ്പടുക്കണം. ഇടത് ഐക്യം വ്യാപിപ്പിക്കണം. ഇടത്, ജനാധിപത്യ ശക്തികളെ ഒന്നിച്ചു നിര്‍ത്താന്‍ സാധിക്കണം. അതുവഴി ഇടത് ജനാധിപത്യ മുന്നണി രൂപവത്കരിക്കാനാകണം” – ഇരുപത്തിയൊന്നാം പാര്‍ട്ടി കോണ്‍ഗ്രസ് വിശാഖപട്ടണത്ത് സമാപിച്ചപ്പോള്‍ ആവിഷ്‌കരിച്ച അടവ് നയമാണ് വിവരിച്ചത്. ഈ അടവ് നയത്തിന്റെ ആവിഷ്‌കരണത്തിന് അടിസ്ഥാനമാക്കിയ, പാര്‍ട്ടി കൊണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ സമീപന രേഖയില്‍ ഇവ്വിധം പറയുന്നു – ”ബി ജെ പി, കോണ്‍ഗ്രസ്, മറ്റ് ബൂര്‍ഷ്വ – ഭൂവുടമ ശക്തികള്‍ എന്നിവകക്കുള്ള യഥാര്‍ത്ഥ ബദല്‍ ഇടത് ജനാധിപത്യ മുന്നണിയാണ്. ഇത് ജനകീയ ജനാധിപത്യ മുന്നണിയായിരിക്കണം. തെരഞ്ഞെടുപ്പോ സര്‍ക്കാര്‍ രൂപവത്കരണമോ മാത്രം ലക്ഷ്യമിട്ടുള്ളതാകരുത് ഈ മുന്നണി. തൊഴിലാളികള്‍, കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, ഇടത്തരക്കാര്‍, ചെറുകിട കച്ചവടക്കാര്‍ എന്ന് തുടങ്ങി വിവിധ വിഭാഗങ്ങളെയൊക്കെ പ്രതിനിധാനം ചെയ്യുന്ന ഒന്നായിരിക്കണം”. (എന്നുവെച്ചാല്‍ ജനകീയ ജനാധിപത്യ വിപ്ലവമെന്ന സി പി എം പരിപാടി നടപ്പാക്കാന്‍ പാകത്തിലുള്ള മുന്നണി).

2015ല്‍ സി പി എമ്മിന്റെ 21-ാം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോള്‍, ലോക്‌സഭയില്‍ ബി ജെ പി കേവല ഭൂരിപക്ഷം നേടി, നരേന്ദ്ര മോദിയുടെ ഏകാധിപത്യച്ഛായയുള്ള ഭരണം ഒരു വര്‍ഷം പിന്നിട്ടിരുന്നു. തീവ്ര ഹിന്ദുത്വ അജന്‍ഡകളുടെ നടപ്പാക്കലിനുള്ള അരങ്ങൊരുക്കല്‍ സംഘ്പരിവാരം തുടങ്ങുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ബി ജെ പി – ആര്‍ എസ് എസ് സംയുക്തത്തിനെതിരെ രാഷ്ട്രീയ – പ്രത്യയശാസ്ത്ര സമരത്തിനാണ് മുന്‍തൂക്കം നല്‍കേണ്ടത് എന്ന് വിശാഖപട്ടണം കോണ്‍ഗ്രസ് വിലയിരുത്തി. വര്‍ഗീയതക്കെതിരായ പോരാട്ടം ഒറ്റക്ക് നടത്തിയാല്‍ പോരെന്നും നവ ഉദാരവത്കരണ നയങ്ങള്‍ക്കെതിരായ പോരാട്ടവുമായി യോജിപ്പിക്കേണ്ടതാണെന്നും സി പി എം തീരുമാനിച്ചു. നവ ഉദാരവത്കരണ നയങ്ങള്‍ പിന്തുടര്‍ന്ന കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യു പി എ സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങളും കൊടിയ അഴിമതിയുമാണ് ബി ജെ പിക്ക് ജനപിന്തുണയുണ്ടാക്കിക്കൊടുത്തതെന്നും പാര്‍ട്ടി വിലയിരുത്തി. കോണ്‍ഗ്രസിനെ തുടര്‍ന്നും എതിര്‍ക്കുമെന്ന് തീരുമാനിച്ചു. ആ തീരുമാനത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും വ്യക്തമാകും വിധത്തില്‍, രാഷ്ട്രീയ നയരേഖയില്‍ ഇങ്ങനെ രേഖപ്പെടുത്തി – ”കോണ്‍ഗ്രസുമായി ധാരണയോ തെരഞ്ഞെടുപ്പ് സഖ്യമോ പാര്‍ട്ടിക്ക് ഉണ്ടാകില്ല’.
സി പി എമ്മിന്റെ കൂടി പിന്തുണയോടെ അധികാരത്തിലിരുന്ന ഒന്നാം യു പി എ സര്‍ക്കാറിന്റെ കാലത്തെ നടപടികളുടെ പേരില്‍ ഉയര്‍ന്ന അഴിമതി ആരോപണങ്ങളാണ് രണ്ടാം യു പി എ സര്‍ക്കാറിന്റെ (അതിന് സി പി എം പിന്തുണയുണ്ടായിരുന്നില്ല) കാലത്ത് പുറത്തേക്കുവന്നത്. നിറംപിടിപ്പിച്ച നുണകളുടെ അകമ്പടിയോടെ നരേന്ദ്ര മോദി നടത്തിയ പ്രചാരണത്തിന് സാധുത നല്‍കുന്നതില്‍ ഈ ആരോപണങ്ങള്‍ വലിയ പങ്കുവഹിച്ചു. ആ നിലക്ക്, കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന യു പി എ സര്‍ക്കാറാണ്, ബി ജെ പിക്ക് അധികാരത്തിലേക്ക് വഴിതുറന്നത് എന്ന് പറയാം. സ്വാതന്ത്ര്യ സമരകാലത്തും സ്വാതന്ത്ര്യാനന്തരമുള്ള കാലത്തും കോണ്‍ഗ്രസ് പിന്തുടര്‍ന്നിരുന്ന മൃദുഹിന്ദുത്വ നയങ്ങള്‍ ആര്‍ എസ് എസ്സിനും അവരുടെ രാഷ്ട്രീയ രൂപങ്ങള്‍ക്കും ജനമനസ്സില്‍ വേരോട്ടമുണ്ടാക്കിക്കൊടുത്തിട്ടുണ്ട് എന്ന് വിശാലമായ അര്‍ഥത്തില്‍ പറയാം. ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കുക എന്ന ഉദ്ദേശ്യത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാറുകളെടുത്ത പല തീരുമാനങ്ങളും തീവ്ര വര്‍ഗീയ അജന്‍ഡകളെ മുന്നോട്ടുവെക്കാന്‍ ആര്‍ എസ് എസ്സിന് വഴിതുറന്നുകൊടുത്തിട്ടുണ്ടെന്നും പറയാം. അതിന്റെ ശരിതെറ്റുകള്‍ വിലയിരുത്തി, നേരിടേണ്ട ഭീഷണിയാണോ ഇന്ത്യന്‍ യൂനിയന്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത് എന്നതാണ് പ്രധാനം.

യു പി എ സര്‍ക്കാറിന്റെ കൊടിയ അഴിമതിയും ജനവിരുദ്ധ നയങ്ങളും ബി ജെ പിക്ക് വഴിയൊരുക്കിയെന്ന് പറയുമ്പോള്‍, ഒന്നാം യു പി എ സര്‍ക്കാറിന്റെ കാലത്ത് അഴിമതിക്ക് കളമൊരുങ്ങിയപ്പോള്‍ അതുമനസ്സിലാക്കി ചെറുക്കാന്‍ തങ്ങള്‍ക്ക് സാധിച്ചില്ലെന്ന കുറ്റസമ്മതം കൂടിയാണ് സി പി എം നടത്തുന്നത്. അഴിമതി സാധ്യത മനസ്സിലാക്കി ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍, അതിനെ ജനപിന്തുണയായി വളര്‍ത്തി, പാര്‍ലിമെന്ററി രാഷ്ട്രീയത്തില്‍ മുന്നോട്ടുപോകാന്‍ സാധിച്ചില്ലെന്ന് കൂടിയാണ്. ജനപിന്തുണ വര്‍ധിച്ചില്ലെന്ന് മാത്രമല്ല, വലിയ സ്വാധീനമുണ്ടായിരുന്ന പശ്ചിമ ബംഗാളില്‍ അത് തകരുക കൂടിയാണ് സംഭവിച്ചത് (ആ തകര്‍ച്ചക്ക് മറ്റു കാരണങ്ങള്‍ ഉണ്ടെങ്കിലും).

കോണ്‍ഗ്രസ് തുടക്കമിടുകയയും 1991മുതല്‍ അമിത വേഗത്തില്‍ നടപ്പാക്കാന്‍ ആരംഭിക്കുകയും ചെയ്ത സാമ്പത്തിക പരിഷ്‌കരണ – ഉദാരവത്കരണ നയങ്ങളെ കൂടുതല്‍ വേഗത്തില്‍ നടപ്പാക്കുകയാണ് ബി ജെ പി ചെയ്യുന്നത്. 1998 മുതല്‍ 2004 വരെ ബി ജെ പിയുടെ നേതൃത്വത്തില്‍ എന്‍ ഡി എ അധികാരത്തിലിരുന്ന കാലത്ത് നടപ്പാക്കിയതിനേക്കാള്‍ ഊര്‍ജിതമായാണ് ഇപ്പോള്‍ നടപ്പാക്കുന്നത് എന്ന വ്യത്യാസമേയുള്ളൂ. 1998 മുതല്‍ 2004 വരെ വാജ്പയി സര്‍ക്കാറിന്റെ കാലത്ത് അടിത്തറയിട്ട അഴിമതികളാണ് (ടെലികോമും കല്‍ക്കരിയും) ഒന്നാം യു പി എ സര്‍ക്കാറിന്റെ കാലത്ത് ഭീമാകാരം ആര്‍ജിച്ചത്. അഴിമതിയുടെ കാര്യത്തിലും ഇവര്‍ക്കുതമ്മില്‍ വലിയ ഭിന്നതയില്ലെന്ന് അര്‍ഥം.

അക്കാര്യങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ സി പി എമ്മിനും ഇടതുപക്ഷത്തിനും സംഭവിച്ച വലിയ വീഴ്ച കൂടിയാണ് കോണ്‍ഗ്രസിന് ബദലായി ബി ജെ പിയെ വളര്‍ത്തിയത്. അത്തരത്തിലൊരു ബദലായി വളരാനോ ബദല്‍ സഖ്യത്തെ ശക്തിപ്പെടുത്തി നിര്‍ത്താനോ സി പി എമ്മിനോ ഇടതു പാര്‍ട്ടികള്‍ക്കോ സാധിച്ചില്ല. വര്‍ഗ വൈരുധ്യത്തില്‍ അധിഷ്ഠിതമായി മാത്രം, ഭിന്ന സ്വത്വങ്ങളില്‍ അധിഷ്ഠിതമായ ജനതയെ രാഷ്ട്രീയമായി ഏകോപിപ്പിക്കാനാകില്ല എന്ന തിരിച്ചറിവ് അവര്‍ക്കുണ്ടായില്ല, ഇപ്പോഴുമുണ്ടാകുന്നില്ല. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിനും ബി ജെ പിക്കും ബദലായ രാഷ്ട്രീയ ധാരയുണ്ടാകണമെന്ന ആഗ്രഹം ആഗ്രഹമായി തന്നെ തുടര്‍ന്നു.

1978ലെ പത്താം പാര്‍ട്ടി കോണ്‍ഗ്രസാണ് ഇടത് ജനാധിപത്യ സഖ്യമെന്ന ആശയം ആദ്യമായി മുന്നോട്ടുവെക്കുന്നത്. നാല് ദശകം പിന്നിടുമ്പോള്‍ പ്രാവര്‍ത്തികമായ ഇടങ്ങളില്‍ പോലും ആ സഖ്യം ദുര്‍ബലമായ കാഴ്ചയാണ് കാണുന്നത്. എന്നിട്ടും വിശാഖപട്ടണം കോണ്‍ഗ്രസ് ഈ സഖ്യമാണ് രാജ്യത്തിന് ഉചിതമായ ബദലെന്ന കാഴ്ചപ്പാട് ആവര്‍ത്തിച്ചു. സി പി എമ്മിനെ കൂടുതല്‍ ശക്തമാക്കണമെന്നും നിശ്ചയിച്ചു. മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്ന തീരുമാനം സ്വപ്‌നമായി ശേഷിക്കുന്നു. കേരളം, ബംഗാള്‍, ത്രിപുര എന്നിവക്കപ്പുറത്ത് ഇടതു ജനാധിപത്യ സഖ്യമെന്നത് മരീചികയുമാണ്. ഈ സാഹചര്യത്തിലാണ്, നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തി അടവു നയത്തില്‍ മാറ്റം വരുത്തുന്ന കാര്യം 22-ാം പാര്‍ട്ടി കോണ്‍ഗ്രസ് പരിശോധിക്കുമെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറയുന്നത്.

ബി ജെ പി – ആര്‍ എസ് എസ് സംയുക്തത്തെ മുഖ്യമായി എതിര്‍ക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസിനെയും എതിര്‍ക്കുക എന്ന നയം മാറുകയെന്നതാണ് അടവുനയത്തില്‍ വരാനുള്ള ഏകമാറ്റം. അതിലേക്ക് വലിയ ആലോചനകള്‍ ഇനിയും വേണ്ടതുണ്ടെന്ന് സി പി എമ്മിന് ഇപ്പോഴും തോന്നുന്നുവെങ്കില്‍ ആ പാര്‍ട്ടി, സമകാലിക രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളെ എത്രത്തോളം ഗൗരവത്തിലാണ് കാണുന്നത് എന്ന് സംശയിക്കേണ്ടിവരും. കോണ്‍ഗ്രസിന് ഒറ്റക്ക് ഇന്ത്യന്‍ യൂനിയനില്‍ അധികാരത്തില്‍ വരാനാകില്ലെന്ന് 1990കളുടെ ആദ്യത്തോടെ തെളിഞ്ഞതാണ്. ആ പാര്‍ട്ടിക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളുടെ എണ്ണം ക്രമേണ കുറഞ്ഞുവരികയും ചെയ്യുന്നു. പ്രാദേശിക പാര്‍ട്ടികള്‍, ജനതാപാര്‍ട്ടി ചിതറിത്തെറിച്ചുണ്ടാകുകയും മണ്ഡല്‍ രാഷ്ട്രീയത്തോടെ കരുത്താര്‍ജിക്കുകയും ഏറിയും കുറഞ്ഞും അത് നിലനിര്‍ത്തുകയും ചെയ്യുന്ന ദളങ്ങള്‍, ഇടതു പാര്‍ട്ടികള്‍ ഒക്കെ ചേര്‍ന്നാലേ ഏകാധിപതിയെയും അദ്ദേഹത്തിന്റെ കീഴിലുള്ള പാര്‍ട്ടിയെയും എതിരിട്ടുനോക്കാനെങ്കിലും സാധിക്കൂ എന്നതാണ് സ്ഥിതി. അതുണ്ടായാല്‍പ്പോലും സംഘ്പരിവാരം ഉയര്‍ത്തിവിടുന്ന വിദ്വേഷ – വര്‍ഗീയ രാഷ്ട്രീയത്തെ ഏതളവില്‍ പ്രതിരോധിക്കാനാകുമെന്ന് സംശയം. അപ്പോഴാണ് കോണ്‍ഗ്രസിനോടുള്ള ബന്ധം എങ്ങനെ വേണമെന്നതില്‍ കൂലംകഷമായ ആലോചനക്ക് സി പി എം തയ്യാറാകുന്നത്, ആ നിലപാട് അംഗീകരിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് മുഖ്യ എതിരാളിയാകയാല്‍ കേരളത്തിലെ സി പി എം നേതാക്കള്‍ പരോക്ഷമായി പറയുന്നത്. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കി മത്സരിച്ചിരുന്നുവെന്നതും അത്, കേരളത്തിലെ തിരഞ്ഞെടുപ്പുഫലത്തെ ഒരു വിധത്തിലും ബാധിച്ചിരുന്നില്ലെന്നതും ഇവരുടെ ഓര്‍മയിലേ ഇല്ലെന്ന് തോന്നുന്നു. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു ഡി എഫും ഇടതുപക്ഷവും നേര്‍ക്കുനേര്‍ മത്സരിച്ചപ്പോള്‍, തൊട്ടയല്‍പക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും സി പി എം നേതാവ് ഹര്‍കിഷന്‍ സിംഗ് സുര്‍ജിതും വേദി പങ്കിട്ട്, ഒരു മുന്നണിക്കായി വോട്ടുചോദിച്ചിരുന്നു.

നവ ഉദാരവത്കരണ നയങ്ങളാണോ അക്രമോത്സുകവും അധിനിവേശോദ്യുക്തവുമായ തീവ്ര ഹിന്ദുത്വ നയങ്ങളാണോ കൂടുതല്‍ അപകടകരമെന്ന് ഇപ്പോള്‍ ചിന്തിക്കുമ്പോള്‍, നവ ഉദാരവത്കരണ നയങ്ങള്‍ വര്‍ഗീയതക്ക് വളമായിട്ടുണ്ടെന്ന വാദമുയര്‍ത്തി, രണ്ടിനെയും ഒരുപോലെ എതിര്‍ക്കണമെന്ന് ന്യായം പറയുന്നത് മരണം ചോദിച്ചുവാങ്ങുന്നതിന് തുല്യമാണ്. നവ ഉദാരവത്കരണ നയങ്ങളില്‍ നിന്ന് മാറിക്കൊണ്ട്, സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയിലേക്ക് മാറുക എന്നത് സി പി എം ഒറ്റക്ക് അധികാരത്തില്‍ വന്നാല്‍പ്പോലും അസാധ്യമാണെന്ന് അറിയാത്തവരല്ല ഈ വാദമുയര്‍ത്തുന്നത്. വന്‍കിടക്കാര്‍ക്ക് വലിയ അവസരങ്ങള്‍ തുറന്നിടുകയും പാവപ്പെട്ടവരെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന വിധത്തിലാണ് പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ പലതും നടപ്പാക്കുന്നത്. അതിലൊരു മാറ്റമുണ്ടാക്കുക എന്നത് മാത്രമേ കരണീയമായുള്ളൂ. ഉദാരവത്കരണം രാജ്യത്തെ ജനങ്ങളെ എങ്ങനെ സ്വാധീനിച്ചിരിക്കുന്നുവെന്ന് പഠിക്കാനും അതിനനുസരിച്ച് രാഷ്ട്രീയ നിലപാടുകളില്‍ മാറ്റം വരുത്താനും ശ്രമിക്കുമെന്ന് നേരത്തെ സി പി എം പ്രഖ്യാപിച്ചിരുന്നു. അതിലേക്ക് മാറുകയും കമ്മ്യൂണിസ്റ്റ് സ്വഭാവം നിലനിര്‍ത്തുക എന്നതിനപ്പുറത്ത് സ്വാതന്ത്ര്യവും ജനാധിപത്യവും മതനിരപേക്ഷതയും നിലനില്‍ക്കുകയും പൗരാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയുമാണ് ഇപ്പോഴത്തെ ആവശ്യമെന്ന് മനസ്സിലാക്കുകയാണ് വേണ്ടത്. അതുണ്ടാകുന്നില്ലെങ്കില്‍ വര്‍ഗീയ ഫാസിസത്തിനെതിരായ ഉറച്ച നിലപാടുകാരാണ് ‘ഞങ്ങളെ’ന്ന അവകാശവാദം കവലപ്രസംഗങ്ങളില്‍ മാത്രമേ ഉണ്ടാകൂ. വൈകാതെ, ആ അവകാശവാദം കവല പ്രസംഗങ്ങളില്‍ പോലും ഉന്നയിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാകുകയും ചെയ്യും.
നിലനില്‍പ്പ് ഒരു വലിയ ചോദ്യമായി മുന്നിലുണ്ടെന്നും ആ ചോദ്യം പാര്‍ട്ടി മാത്രമല്ല, ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷ ജനാധിപത്യ സംവിധാനവും നേരിടുന്നതാണെന്നും നേതാക്കള്‍ സ്വയം മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകരും അനുഭാവികളുമൊക്കെ ഇത് വളരെ നേരത്തെ മനസ്സിലാക്കിയിട്ടുണ്ട്. അതിനനുസരിച്ച് നയം നിശ്ചയിച്ച് നടപ്പാക്കുന്നതിന് പാര്‍ട്ടി കോണ്‍ഗ്രസ് വരെ പോലും കാത്തിരിക്കേണ്ട ആവശ്യം ഇപ്പോഴില്ല. മുഖ്യ ശത്രുവിനെ മാത്രമല്ല, അവര്‍ക്ക് വളരാന്‍ പാകത്തിലുള്ള നയങ്ങള്‍ പിന്തുടര്‍ന്നവരെ/പിന്തുടരുന്നവരെ കൂടി എതിര്‍ക്കണമെന്ന വാദം തത്വത്തില്‍ ശരിയായിരിക്കാം. പക്ഷേ, രാജ്യമെത്തിനില്‍ക്കുന്ന വലിയ അപകടം പരിഗണിക്കുമ്പോള്‍ അത് പ്രായോഗികമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here