ഡിജിറ്റല്‍ ഇന്ത്യയെ തുണക്കാത്ത സാങ്കേതിക വിദ്യാഭ്യാസം

Posted on: September 10, 2017 11:49 am | Last updated: September 10, 2017 at 11:50 am

സ്വാശ്രയ കോളജുകളിലെ ഫീസ് സംബന്ധിച്ച തര്‍ക്കം പരിഹൃതമാകാതെ തുടരുകയാണ്. സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസ് കോളജ് മാനേജ്‌മെന്റുകള്‍ക്ക് സ്വീകാര്യമല്ല. നടത്തിപ്പ് ചിലവിലെ വര്‍ധന ചൂണ്ടിക്കാട്ടി ഓരോ വര്‍ഷവും ഫീസ് കുത്തനെ ഉയര്‍ത്തുകയാണ്. മാനേജ്‌മെന്റുകളുടെ കഴുത്തറപ്പന്‍ ഫീസ് അനുവദിക്കുകയില്ലെന്ന് സര്‍ക്കാറും. ഉന്നത സാമ്പത്തിക ശേഷിയില്ലാത്തവര്‍ക്ക് സ്വാശ്രയ കോളജുകളില്‍ വിശേഷിച്ചും മെഡിക്കല്‍ എന്‍ജിനീയര്‍ കോഴ്‌സുകളില്‍ പഠിക്കാനാകാത്ത അവസ്ഥയാണ് നിലവില്‍. ഫീസും മറ്റു പഠന ചെലവുകള്‍ വര്‍ഷാന്തം കുത്തനെ ഉയരുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങളിലും പഠന നിലവാരത്തിലും രാജ്യത്തെ, വിശേഷിച്ചും കേരളത്തിലെ ഉന്നത കോളജുകള്‍ അടിക്കടി പിന്നോട്ടാണെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്.

പൊതു വിദ്യാഭ്യാസ സംവിധാനങ്ങളുടെ കാര്യത്തില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ വലിയ മുന്നേറ്റം കൈവരിച്ചിട്ടുണ്ട് കേരളമെങ്കിലും ഉന്നത വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനത്തിന്റെ നിലവിലെ സ്ഥിതി ദയനീയമാണ്. ഇന്ത്യയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ റാങ്കിംഗ് പട്ടിക കഴിഞ്ഞ ഏപ്രില്‍ ആദ്യത്തില്‍ കന്ദ്ര മാനവവിഭവശേഷി വകുപ്പിന്റെ കീഴിലുള്ള നാഷനല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ പുറത്തു വിട്ടപ്പോള്‍ കേരളത്തിലെ ഉന്നത വിദ്യാലയങ്ങള്‍ ഏറെ താഴെയായിരുന്നു. സര്‍വകലാശാലാ തലത്തിലും, എന്‍ജിനീയറിംഗ് മെഡിക്കല്‍, ഫാര്‍മസി തലത്തിലുമൊന്നും കേരളം നേട്ടങ്ങള്‍ കൈവരിച്ചില്ല. അഖിലേന്ത്യാ മത്സരപ്പരീക്ഷകളില്‍ കേരളത്തില്‍ നിന്നുള്ള കുട്ടികള്‍ പിന്നോട്ടുപോകുന്നത് ഈ നിലവാരത്തകര്‍ച്ചയുടെ മികച്ച ഉദാഹരണമാണ്.
മികച്ച അധ്യാപകരുടെ അഭാവമാണ് ഇതിന് പ്രധാന കാരണമെന്നാണ് മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറായിരുന്ന ഡോ. രാജന്‍ ഗുരുക്കള്‍ കോട്ടയത്ത് ഒരു കോളജ് അധ്യാപക സംഘടനയുടെ സംസ്ഥാന സമ്മേളനത്തില്‍ പറഞ്ഞത്. പ്രമോഷന്‍, ശമ്പളം തുടങ്ങിയ വ്യക്തിനിഷ്ഠ കാര്യങ്ങളില്‍ മാത്രമാണ് അധ്യാപകര്‍ക്ക് താത്പര്യമെന്നും യു ജി സി പദ്ധതി നിഷ്‌കര്‍ഷിക്കുന്ന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്താനോ അധ്യാപനശേഷി വര്‍ധിപ്പിക്കാനോ താത്പര്യമെടുക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. പി എച്ച് ഡി പോലും കരിഞ്ചന്തയില്‍ സുലഭമായി വാങ്ങാന്‍ കിട്ടുന്ന നാട്ടില്‍ എന്തിനു വെറുതെ ബുദ്ധിമുട്ടണം എന്നു കരുതുന്നവരുമുണ്ടാകാം.

കലാലയങ്ങളുടെയും സര്‍വകലാശാലകളുടെയും അമിതമായ രാഷ്ട്രീയവത്കരണമാണ് മറ്റൊരു പ്രശ്‌നം. രാഷ്ട്രീയക്കാരുടെ ഇടപെടലില്ലാതെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ചുരുക്കമാണ് സംസ്ഥാനത്ത്. അധ്യാപക സംഘടനകള്‍ രാഷ്ട്രീയപാര്‍ട്ടികളുടെ വാലായി തരം താഴുന്നത് ഉന്നതവിദ്യാഭ്യാസമേഖലയില്‍ അച്ചടരക്കരാഹിത്യത്തിനും നിലവാരത്തകര്‍ച്ചക്കും ആക്കംകൂട്ടുകയും ചെയ്യുന്നു. രാഷ്ട്രീയ പിന്‍ബലമുള്ള സംഘടനയുടെ ശക്തിയില്‍ വിശ്വാസമുള്ള അധ്യാപകന് കുട്ടികളെ നന്നായി പഠിപ്പിച്ചില്ലെങ്കിലോ, ഗവേഷണ പഠനങ്ങളിലൂടെ കൂടുതല്‍ അറിവുകള്‍ കരസ്ഥമാക്കി വൈദഗ്ധ്യം ആര്‍ജിച്ചില്ലെങ്കിലോ ആരെയും ഭയക്കേണ്ടതില്ല എന്നതാണ് അവസ്ഥ.
ദേശീയ തലത്തിലും സ്ഥിതി മെച്ചമല്ല. വന്‍ വര്‍ധനവാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വിദ്യാര്‍ഥികളുടെയും വളര്‍ച്ചയിലുണ്ടായത്. കഴിഞ്ഞ നൂറ്റാണ്ടില്‍ സ്ഥാപിതമായ മെഡിക്കല്‍ കോളജുകളുടെ ഇരട്ടിയോളം കോളജുകള്‍ 2000നും 2009നും ഇടയില്‍ രാജ്യത്ത് സ്ഥാപിതമായിട്ടുണ്ട്. സ്വകാര്യ കോളജുകളില്‍ അറുപത് ശതമാനം സീറ്റുകളുടെ വര്‍ധന ഇക്കാലയളവിലുണ്ടായി. എന്നാല്‍ ഉയര്‍ന്ന കാപ്പിറ്റേഷന്‍ ഫീസ് വാങ്ങി വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ കവിഞ്ഞൊന്നും സ്വകാര്യമാനേജ്‌മെന്റുകള്‍ക്കില്ലെന്ന് വ്യാപകമായ ആക്ഷേപമുണ്ട്. പ്രവേശനം നല്‍കുന്ന വിദ്യാര്‍ഥിയുടെ പ്രാപ്തി പരിഗണിക്കാറില്ല. പല സര്‍വകലാശാലകളും മെഡിക്കല്‍ കോളജുകളും തങ്ങള്‍ക്കു തോന്നിയതുപോലെ പരീക്ഷകള്‍ നടത്തിയാണ് പ്രവേശനം നല്‍കുന്നത്. ഇതുമൂലം പഠനനിലവാരം താഴ്ന്നവര്‍ക്കും പ്രയാസമന്യേ പ്രവേശനം നേടാനവസരം ലഭിക്കുകയും യോഗ്യതയില്ലാത്തവര്‍ ഡോക്ടര്‍മാരായി പുറത്തിറങ്ങുന്ന അവസ്ഥ സംജാതമാവുകയും ചെയ്തു. ഇതിനൊരു പരിഹാരമായി മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഏകീകൃത മെഡിക്കല്‍ പ്രവേശന പരീക്ഷാ സമ്പ്രദായത്തിന് ശിപാര്‍ശ ചെയ്തിരുന്നെങ്കിലും രാജ്യത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റുകളും സംസ്ഥാന സര്‍ക്കാറുകളും ഇടപെടല്‍ മൂലം കോടതി അതിന് തടസ്സം നില്‍ക്കുകയായിരുന്നു.
വ്യാവസായിക മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിച്ചു വരവെ ഇന്ത്യയിലെ എന്‍ജിനീയര്‍ ബിരുദ ധാരികളില്‍ എണ്‍പത് ശതമാനവും തൊഴില്‍രഹിതരാണെന്നാണ് ആസ്പയറിംഗ് മൈന്‍ഡ്‌സ് നാഷനല്‍ എംബ്ലോയബിലിറ്റി നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. പഠനം കഴിഞ്ഞു പുറത്തിറങ്ങുന്നവര്‍ക്ക് ജോലി ചെയ്യാന്‍ തക്കമായ പ്രാപ്തിക്കുറവാണ് ഇതിന് കാരണമെന്നും പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ദിനംപ്രതി പുതിയ മാറ്റങ്ങളും കണ്ടെത്തലുകളുമുണ്ടാകുന്ന മേഖലയാണ് എന്‍ജിനീയറിംഗ്. വിദേശ രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇതിനനുസൃതമായി നൂതനസാങ്കേതിക വിദ്യകളില്‍ പ്രായോഗിക പരിശീലനം നല്‍കുകയും വ്യാവസായികാവശ്യങ്ങള്‍ക്കനുസൃതമായി സിലബസുകളില്‍ മാറ്റം വരുത്തുകയും ചെയ്യുന്നു. വാശിയേറിയ തൊഴില്‍ വിപണിയില്‍ ഒരു പടി മുമ്പില്‍ നില്‍ക്കാന്‍ അവര്‍ വിദ്യാര്‍ഥികളെ സജ്ജരാക്കുമ്പോള്‍ തൊഴിലധിഷ്ഠിതമായി പഠന നിലവാരം മെച്ചപ്പെടുത്തുന്നതില്‍ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ വളരെ പിറകിലാണ്.

പ്രമുഖ കരിയര്‍, വിദ്യാഭ്യാസ ശൃംഖലയായ ക്വാക്ക്വാറെല്ലി സിമണ്ട്‌സ്(ക്യു എസ്) തയ്യാറാക്കിയ ലോക യൂനിവേഴ്‌സിറ്റി റാങ്കിംഗില്‍ ഗുണനിലവാരത്തില്‍ ഇന്ത്യയിലെ ഒരു സര്‍വകലാശാലക്കും ലോകത്തിലെ മികച്ച സര്‍വകലാശാലകളുടെ പട്ടികയില്‍ ആദ്യത്തെ 150 സ്ഥാനം നേടാനായിട്ടില്ല. ചില ഇന്ത്യന്‍ ഐ ഐ ടികള്‍ക്ക് നേരത്തെ ലോകോത്തര സര്‍വ കലാശാലകളുടെ പട്ടികയില്‍ സ്ഥാനമുണ്ടായിരുന്നു. ഇപ്പോള്‍ അവയും പിന്തള്ളപ്പെട്ടു. സാങ്കേതിക മേഖലയിലെ ബിരുദധാരികള്‍ക്ക് രാജ്യത്തിനകത്തും പുറത്തും ഏറെ തൊഴില്‍ സാധ്യതയുണ്ട്. എന്നാല്‍ വിദേശ സ്ഥാപനങ്ങളില്‍ പഠിച്ച വിദ്യാര്‍ഥികളുണ്ടെങ്കില്‍ അവര്‍ക്കാണ് ഏതൊരു സ്ഥാപനത്തിലും പരിഗണനയെന്നത് ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മിലുള്ള അന്തരം വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയിലെ നിലവാരമുള്ള സ്ഥാപനങ്ങളില്‍ നിന്ന് പഠിച്ചിറങ്ങുന്നവരെയും തൊഴില്‍ ദാതാക്കള്‍ തെടിയെത്തുന്നുണ്ട്. അതേസമയം എന്‍ജിനീയറിംഗ് കോളജുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് സമീപ കാലത്തുണ്ടായത്. 2006-07 വര്‍ഷത്തില്‍ ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേ ഷനില്‍ (എ ഐ സി ടി ഇ) അഫിലിയേറ്റ് ചെയ്ത സ്ഥാപനങ്ങളുടെ എണ്ണം 1511 ആയിരുന്നെങ്കില്‍ ഇപ്പോള്‍ അത് 3288 ആണ്. 2005ല്‍ കേവലം ഏഴ് ഐ ഐ ടികള്‍ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് നിലവില്‍ 23 എണ്ണമുണ്ട്. രാജ്യത്തെ നിലവാരമില്ലാത്ത 800 എന്‍ജിനീയറിംഗ് കോളജുകള്‍ അടച്ചു പൂട്ടാനുള്ള തീരുമാനത്തിലാണ് ആള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍. കേരളത്തിലാണ് ഇവയില്‍ മുപ്പതെണ്ണം. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും തുടര്‍ച്ചയായ അഞ്ച് വര്‍ഷങ്ങളില്‍ മുപ്പത് ശതമാനത്തില്‍ താഴെ പ്രവേശനം നടക്കുന്നതുമായ കോളജുകള്‍ അടച്ചു പൂട്ടണമെന്നാണു കൗണ്‍സില്‍ നിയമം. സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതാണ് ഇന്ത്യയിലെ എന്‍ജിനീയറിംഗ് കോളജുകളെ അടച്ചു പൂട്ടല്‍ ഭീഷണിയിലേക്ക് നയിച്ചത്. ഇത്തരത്തില്‍ ഏകദേശം 150 കോളജുകള്‍ കൗണ്‍സില്‍ നിയമപ്രകാരം വര്‍ഷത്തില്‍ അടച്ചു പൂട്ടേണ്ടി വരുമെന്നാണ് ആള്‍ ഇന്ത്യ കൗണ്‍സില്‍ ചെയര്‍മാന്‍ അനില്‍ സഹസ്രബുദ്ധ അഭിപ്രായപ്പെട്ടത്. പഠന നിലവാരത്തകര്‍ച്ചയാണ് സീറ്റുകള്‍ വന്‍ തോതില്‍ ഒഴിഞ്ഞു കിടിക്കുന്ന സ്ഥിതിവിശേഷത്തിലേക്ക് ഈ സ്ഥാപനങ്ങളെ എത്തിച്ചത്. സ്ഥാപനങ്ങളുടെ എണ്ണം ചുരുക്കി അവശേഷിക്കുന്നവയെ മെച്ചപ്പെടുത്തുകയും ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തി എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളെ തൊഴില്‍ പ്രാപ്തരാക്കുകയുമാണ് കൗണ്‍സില്‍ ലക്ഷ്യമിടുന്നത്. എല്ലാ രണ്ടാം വര്‍ഷ, മൂന്നാം വര്‍ഷ വിദ്യാര്‍ഥികളും നിര്‍ബന്ധമായും ഇന്റേണ്‍ഷിപ്പിനു പോകണമെന്നും കൗണ്‍സില്‍ നിര്‍ദേശിക്കുന്നു. ശാസ്ത്ര സാങ്കേതിക രംഗത്തും വികസനത്തിലും വന്‍കിട രാജ്യങ്ങളോട് കിടപിടിക്കുന്ന തരത്തിലേക്ക് ഇന്ത്യയെ പരിവര്‍ത്തിക്കുമെന്നാണ് മോദി സര്‍ക്കാറിന്റെ അവകാശവാദം. ലോക സഞ്ചാരത്തിനിടയില്‍ എവിടെയും ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ചാണ് പ്രധാനമന്ത്രി വാചാലനാകാറുള്ളത്. സാങ്കേതിക മേഖലയിലെ വൈദഗ്ധ്യമാണ് വികസന വളര്‍ച്ചയുടെ അടിസ്ഥാന ഘടകങ്ങളില്‍ മുഖ്യം. രാജ്യത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉയര്‍ത്തുകയാണ് ഇതിന് ആദ്യമായി വേണ്ടത്. സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ ഈ വഴിക്ക് ശ്രദ്ധിച്ചു തുടങ്ങിയിട്ടുണ്ടെന്നാണ് മൂന്നാംകിട കോളജുകള്‍ അടച്ചു പൂട്ടാനുള്ള നീക്കം വ്യക്തമാക്കുന്നത്. അവശേഷിച്ച സ്ഥാപനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് സമഗ്ര പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും അതിന്റെ പ്രായോഗികവത്കരണത്തിന് സര്‍ക്കാര്‍ സര്‍വ പിന്തുണയും നല്‍കുകയും ചെയ്യേണ്ടതുണ്ട്.