Connect with us

Articles

സ്വാതന്ത്ര്യത്തിന് മേലുള്ള അധിനിവേശം തന്നെയാണ്

Published

|

Last Updated

വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. ഭരണകൂടത്തിന്റെ, അതിന് നേതൃത്വം നല്‍കുന്നവരുടെ, അവരുള്‍ക്കൊള്ളുന്ന പാര്‍ട്ടിയുടെ, അതിനെ നിയന്ത്രിക്കുന്ന “സാംസ്‌കാരിക സംഘടന”യുടെ, അതിന് കീഴിലുള്ള പരിവാരത്തിന്റെ ഒക്കെ അജന്‍ഡകളോടും പ്രവൃത്തികളോടുമുള്ള എതിര്‍പ്പുകളെ അടിച്ചൊതുക്കുന്നതിനെയാണ് പൊതുവില്‍ അസഹിഷ്ണുത എന്ന വാക്കുകൊണ്ട് അര്‍ഥമാക്കുന്നത്. ആ അളവില്‍ മാത്രമാണോ നരേന്ദ്ര മോദിയാല്‍ ഭരിക്കപ്പെടുന്ന ഇന്ത്യന്‍ യൂനിയനില്‍ അരങ്ങേറുന്ന അതിക്രമങ്ങളെ കാണേണ്ടത്? ഭരണഘടന ഉറപ്പുനല്‍ക്കുന്ന സ്വാതന്ത്ര്യങ്ങളിലുള്ള അധിനിവേശമാണ് യഥാര്‍ഥത്തില്‍ നടക്കുന്നത്. അതിനെ അസഹിഷ്ണുത എന്ന വൃത്തത്തിലേക്ക് ചുരുക്കുന്നത്, അപകടത്തെ അതിന്റെ ആഴത്തില്‍ മനസ്സിലാക്കാതെയാണെന്ന് കരുതേണ്ടിയിരിക്കുന്നു. ആ അധിനിവേശത്തിന്റെ പുതിയ ഇരയാണ് ഗൗരി ലങ്കേഷ്.
തീവ്ര ഹിന്ദുത്വത്തെ, അധികാരസ്ഥാപനത്തിന് അതുപയോഗിക്കുന്ന വര്‍ഗീയ ധ്രുവീകരണത്തെ ഒക്കെ നിശിതമായി വിമര്‍ശിച്ചിരുന്നു ഗൗരി ലങ്കേഷ്. തീവ്ര ഹിന്ദുത്വം രാജ്യത്തിന്റെ ജനാധിപത്യത്തെ, മതനിരപേക്ഷ സ്വഭാവത്തെ ഇല്ലാതാക്കുകയും സ്വതന്ത്ര വായു നിഷേധിക്കുകയും ചെയ്യുമെന്ന് ഏറെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു അവര്‍. രാമക്ഷേത്ര നിര്‍മാണം ലക്ഷ്യമിട്ട് എല്‍ കെ അഡ്വാനി രഥയാത്ര നടത്തിയപ്പോള്‍, അതിന്റെ ചുവടുപിടിച്ച് വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കപ്പെട്ടപ്പോള്‍, ബാബരി മസ്ജിദ് തകര്‍ത്ത് ന്യൂനപക്ഷത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ടപ്പോള്‍, ഗുജറാത്തില്‍ വംശഹത്യാ ശ്രമം അരങ്ങേറിയപ്പോള്‍ ഒക്കെ ഗൗരി തന്റെ ഉറച്ച അഭിപ്രായം ഉറക്കെ പ്രഖ്യാപിച്ചിരുന്നു. ലങ്കേഷ് പത്രികയിലും പിന്നീട് സ്വന്തമായി ആരംഭിച്ച ഗൗരി ലങ്കേഷ് പത്രിക എന്ന ടാബ്ലോയിഡിലും മറ്റ് പത്രങ്ങളിലും എഴുതിയ ലേഖനങ്ങളിലൂടെ മാത്രമല്ല, തെരുവില്‍ ഉയര്‍ന്ന പ്രതിഷേധ സ്വരങ്ങളിലും അവരുടെ ശബ്ദമുയര്‍ന്നിരുന്നു. അത്തരത്തിലൊരാളെ വെടിവെച്ചിടുമ്പോള്‍ സമാന ആശയക്കാരായ മറ്റു നിരവധി പേര്‍ക്കുള്ള മുന്നറിയിപ്പാണത്. നരേന്ദ്ര ധാബോല്‍ക്കറെയും ഗോവിന്ദ് പന്‍സാരെയെയും എം എം കല്‍ബര്‍ഗിയെയും വധിച്ചതിലൂടെ സൃഷ്ടിച്ച ഭീതിയുടെ ആവരണം കുറേക്കൂടി കനത്തതാക്കുകയാണ്.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണവേളയില്‍, അടുത്തത് നരേന്ദ്ര മോദിയുടെ ഭരണമാണെന്ന് വിവിധ അഭിപ്രായ സര്‍വേകള്‍ പ്രവചിച്ചപ്പോള്‍ മുതല്‍ സംഘ്പരിവാരം ഈ പ്രവൃത്തി തുടങ്ങിയിരുന്നു. എതിര്‍പ്പുന്നയിക്കുന്നവരെ നിശ്ശബ്ദരാക്കുക എന്നത് ഏകാധിപത്യത്തിന്റെ, വര്‍ഗീയ ഫാസിസത്തിന്റെ വിജയത്തില്‍ നിര്‍ണായകമാണ്. അതുകൊണ്ടാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ഇന്ദിരാ ഗാന്ധി, പൗരാവകാശങ്ങള്‍ റദ്ദാക്കുകയും മാധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുകയും ചെയ്തത്. ഇപ്പോള്‍ നിയമത്തിന്റെ വിവിധ ഉപാധികളെ ഉപയോഗപ്പെടുത്തിയും അക്രമിക്കൂട്ടങ്ങളെ സൃഷ്ടിച്ചും പൗരന്‍മാരെ നിശ്ശബ്ദ വിധേയരാക്കി നിര്‍ത്താന്‍ ശ്രമിക്കുകയാണ് സംഘ്പരിവാരം.

ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്ത് നരേന്ദ്ര മോദി അധികാരത്തിലെത്തിയാല്‍ രാജ്യം വിട്ടുപോകുമെന്ന് പ്രഖ്യാപിച്ച യു ആര്‍ അനന്തമൂര്‍ത്തിയെ പാക്കിസ്ഥാനിലേക്ക് നാടുകടത്തണമെന്ന് ആഹ്വാനം നല്‍കിയിരുന്നു സംഘ്പരിവാര നേതാക്കള്‍. അനന്തമൂര്‍ത്തി മരിച്ചപ്പോള്‍ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും “രാജ്യദ്രോഹി” ഇല്ലാതായതിനെ ആഘോഷിക്കുകയും ചെയ്തു അവര്‍. ഗോമാംസത്തിന്റെ പേരില്‍ നടന്ന കൊലകള്‍, മര്‍ദനങ്ങള്‍ ഒക്കെ നിശ്ശബ്ദരാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. ഗുജറാത്തില്‍ വംശഹത്യാ ശ്രമത്തോടെ സ്ഥാപിച്ചെടുത്ത ഭീതിയുടെ അന്തരീക്ഷം, തുടര്‍ച്ചയായ ഭരണം നല്‍കിയെന്ന തിരിച്ചറിവില്‍ നിന്ന് രൂപപ്പെട്ടതാണ് ഈ തന്ത്രമെന്ന് കരുതണം. ഗുജറാത്തിലെ വര്‍ഗീയ – വംശഹത്യാ അജന്‍ഡക്ക് കാര്‍മികത്വം വഹിച്ചവര്‍ അധികാരവും പാര്‍ട്ടിയും ഭരിക്കുമ്പോള്‍ അത് സ്വാഭാവികമാണ്. സംഘ്പരിവാരത്തിന്റെ അജന്‍ഡകളുമായി ഒരു കാലത്തും യോജിച്ചുപോകാന്‍ സാധിക്കാത്തവരാണ് മുസ്‌ലിംകളും ദളിതുകളും. ഗോമാംസത്തിന്റെ പേരില്‍ തല്ലലും കൊല്ലലും പതിവാക്കിയവര്‍, ഭരണത്തെ ഉപയോഗിച്ച് കശാപ്പിന് വേണ്ടിയുള്ള കന്നുകാലിക്കച്ചവടം നിരോധിച്ചത്, ഉപജീവനത്തിന് വഴിയില്ലാതാക്കുമെന്ന മുന്നറിയിപ്പ് ദളിതുകള്‍ക്കും മുസ്‌ലിംകള്‍ക്കും നല്‍കാനായിരുന്നു. അക്രമത്തിലൂടെയും ഭരണനടപടികളിലൂടെയും ഈ വിഭാഗങ്ങളെ നിസ്സഹായരും നിശ്ശബ്ദരുമാക്കുകയും രാഷ്ട്രീയമായി നിഷ്‌ക്രിയരാക്കുകയും ചെയ്താല്‍ ഹിന്ദുത്വ അജന്‍ഡകളുമായുള്ള മുന്നോട്ടുപോക്ക് എളുപ്പത്തിലാകുമെന്ന കണക്കുകൂട്ടല്‍. ഭരണകൂടത്തെ അനുസരിച്ച്, അതിന്റെ കല്‍പ്പനകളെ ശിരസ്സാവഹിച്ച് ജീവിക്കാന്‍ തയ്യാറുള്ളവര്‍ക്കു മാത്രമേ ഭാവി ഹിന്ദു രാഷ്ട്രത്തില്‍ സ്ഥാനമുള്ളൂവെന്ന സന്ദേശവും.

2014ലെ തിരഞ്ഞെടുപ്പ് പ്രചാരണകാലത്തു തന്നെ ഇന്ത്യയിലെ മാധ്യമങ്ങളില്‍ വലിയൊരുവിഭാഗം നരേന്ദ്ര മോദി പക്ഷം ചേര്‍ന്നിരുന്നു. മോദിയുടെ ആധിപത്യത്തിലേക്ക് ഇന്ത്യന്‍ യൂനിയന്‍ മാറിയതോടെ ബാക്കിയുള്ളവയും. ഒരു ടെലിവിഷന്‍ ശൃംഖലയുടെ ഭൂരിപക്ഷ ഓഹരികള്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് സ്വന്തമാക്കിയപ്പോള്‍ തീവ്ര ഹിന്ദുത്വത്തെ എതിര്‍ത്തു നിന്ന രാജ്ദീപ് സര്‍ദേശായിക്കും സാഗരിക ഘോഷിനും പുറത്തേക്കുള്ള വഴിതുറക്കുക മാത്രമല്ല സംഭവിച്ചത്, രാജ്യത്താകെ വേരുകളുള്ള വലിയൊരു ശൃംഖലയൊന്നാകെ സ്തുതിപാഠക സ്ഥാനത്തേക്ക് എത്തുക കൂടിയായിരുന്നു. വഴങ്ങാതെ നിന്ന എന്‍ ഡി ടി വി അനധികൃത സമ്പാദ്യത്തിന്റെ പേരില്‍, മുന്‍കാലത്തെടുത്ത വായ്പ തിരിച്ചടക്കാത്തതിന്റെ പേരില്‍ (തിരിച്ചടച്ചുവെന്ന രേഖ പോലും സ്വീകരിക്കപ്പെടുന്നില്ല) ഒക്കെ കേസുകള്‍ നേരിടുന്നു. പലവിധത്തില്‍ സമ്മര്‍ദത്തിലാക്കി, ഭരണകൂടത്തിന്റെ സ്തുതിപാഠകരാക്കാന്‍ ശ്രമം നടക്കുകയാണ്. ഇതിനെ നിയമവഴിയില്‍ നേരിടാന്‍ ശ്രമിക്കുന്നുണ്ട് ആ സ്ഥാപനം. പല കോണുകളില്‍ നിന്നുള്ള ഞെരിക്കലിനെ നേരിട്ട് എത്രകാലം നില്‍ക്കാന്‍ സാധിക്കുമെന്നത് കണ്ടറിയണം.
രാഷ്ട്രീയത്തിലും സമാനമായ നടപടികള്‍ കാണാം. കോണ്‍ഗ്രസ് അധികാരത്തിലിരുന്ന സംസ്ഥാനങ്ങളില്‍ എം എല്‍ എമാരെ കൂറുമാറ്റി ആ പാര്‍ട്ടിയെ കൂടുതല്‍ ദുര്‍ബലമാക്കി. ബീഹാറില്‍ മഹാസഖ്യമുണ്ടാക്കി ബി ജെ പിയെ വെല്ലുവിളിച്ച ലാലു പ്രസാദ് യാദവിനെ കേസുകളിലൂടെ വേട്ടയാടുന്നു. അഴിമതി ആരോപണങ്ങള്‍ ലാലുവിനെതിരെ മുമ്പുമുണ്ടായിട്ടുണ്ട് എന്നത് വസ്തുതയാണ്. പുതിയ ആരോപണങ്ങളുണ്ടായാല്‍ അതേക്കുറിച്ച് അന്വേഷണം നടത്തുന്നതിനും ആരും എതിരല്ല. പക്ഷേ, ലാലുവിനെയും കുടുംബത്തെയുമൊന്നാകെ കേസില്‍പ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ അതിന് പിന്നില്‍, എതിര്‍പ്പുന്നയിക്കുന്നവരെ ഇല്ലാതാക്കുക എന്ന ഉദ്ദേശ്യം കാണാതിരിക്കാനാകില്ല. സി ബി ഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ആദായ നികുതി വകുപ്പ് തുടങ്ങി വിവിധ ഏജന്‍സികളെ അതിനായി ഉപയോഗിക്കുകയും ചെയ്യുന്നു.
ശ്വാസം മുട്ടിക്കുന്ന നിയന്ത്രണങ്ങള്‍ക്കെതിരെ രോഷമുയരാന്‍ സാധ്യതയുള്ള മറ്റൊരിടം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍വകലാശാലകളുമാണ്. അവിടെയും ഭരണകൂടത്തിന്റെയും സംഘ്പരിവാരത്തിന്റെയും പ്രഹരമുണ്ടായി. ജവഹര്‍ലാല്‍ നെഹ്‌റു, ഹൈദരാബാദ് സര്‍വകലാശാലകളില്‍, മദ്രാസ് ഐ ഐ ടിയില്‍, പുനെയിലെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഒക്കെ കണ്ടത് അതാണ്. ഭീകരവാദത്തിന്റെയും വിഘടനവാദത്തിന്റെയും കേന്ദ്രങ്ങളായി ഇവിടങ്ങള്‍ മുദ്രകുത്തപ്പെട്ടു. എതിരഭിപ്രായം പറയുന്നവര്‍ രാജ്യദ്രോഹികളായി. സ്വയം ജീവനെടുത്ത് പ്രതിഷേധിച്ചവരെപ്പോലും അവഹേളിച്ചു. പ്രതിഷേധത്തിന്റെ സ്വാഭാവികയിടങ്ങളായിരുന്ന ക്യാമ്പസുകള്‍ ഏറെക്കുറെ നിശ്ചലമായതാണ് രാജ്യം പിന്നീട് കണ്ടത്.

ഗുജറാത്ത് വംശഹത്യാ ശ്രമത്തിന്റെ ഇരകള്‍ക്ക് നീതി ലഭ്യമാക്കാനും വംശഹത്യാശ്രമത്തിന്റെ നടത്തിപ്പില്‍ നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന പരാതിക്ക് നിയമവഴിയിലൂടെ സാധൂകരണമുണ്ടാക്കാനും ശ്രമിച്ച ടീസ്റ്റ സെറ്റല്‍വാദ്, വിദേശത്തു നിന്ന് അനധികൃതമായി പണം സ്വീകരിച്ച കേസില്‍ പ്രതിയാണ് ഇപ്പോള്‍. അവരുടെ സന്നദ്ധ സംഘടനയുടെ സാമ്പത്തിക സ്രോതസ്സ് തടഞ്ഞ് അതിനെ നിര്‍വീര്യമാക്കി. സര്‍ക്കാറിനെ വിമര്‍ശിക്കുന്ന മറ്റു നിരവധി സന്നദ്ധ സംഘടനകളുടെയും ഫണ്ടും തടയപ്പെട്ടു.
ഇതിന്റെയൊക്കെ തുടര്‍ച്ചയാണ് നരേന്ദ്ര ധാബോല്‍ക്കര്‍ മുതല്‍ ഗൗരി ലങ്കേഷ് വരെയുള്ളവരുടെ ജീവനുകള്‍. സ്വതന്ത്രമായി അഭിപ്രായം പറയുന്നവരെ നിശ്ശബ്ദരാക്കാനുള്ള തിരഞ്ഞെടുത്ത കൊലകള്‍. ധാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എം എം കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് എന്നീ നാലുപേര്‍ക്കിടയില്‍ ആശയഐക്യം ഏറെയുണ്ടായിരുന്നു. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിര്‍ത്ത, തീവ്ര ഹിന്ദുത്വ അജന്‍ഡകളെ ശക്തമായി വിമര്‍ശിച്ച, സമൂഹത്തിലെ അസമത്വത്തെ ഇല്ലാതാക്കണമെന്ന് ആഗ്രഹിച്ചവരായിരുന്നു എല്ലാവരും. വ്യക്തി എന്ന നിലയില്‍ ആര്‍ക്കെങ്കിലും ഇവരോട് വിരോധമുണ്ടാകാന്‍ കാരണമുണ്ടായിരുന്നില്ല, ആര്‍ക്കെങ്കിലും അങ്ങനെ വിരോധമുണ്ടായിരുന്നുവെന്നതിന് ഇതുവരെ തെളിവുമില്ല. ഇവര്‍ ഉറച്ചുവിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത ആശയങ്ങളല്ലാതെ മറ്റൊരു കാരണം ഈ കൊലക്ക് കാണുന്നുമില്ല. ധാബോല്‍ക്കറുടെയും പന്‍സാരെയുടെയും കല്‍ബുര്‍ഗിയുടെയും ജീവനെടുത്ത അതേ ശക്തികള്‍ തന്നെയാണ് ഗൗരി ലങ്കേഷിന്റെ കൊലക്കു പിന്നിലുമെന്ന നിഗമനം അതുകൊണ്ടാണ്. കൊലക്കു ശേഷം സംഘ്പരിവാര പ്രവര്‍ത്തകര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രകടിപ്പിച്ച നികൃഷ്ടമായ അഭിപ്രായങ്ങള്‍ ഈ നിഗമനത്തെ ശരിവെക്കുന്നു.

ധാബോല്‍ക്കറില്‍ തുടങ്ങി ഗൗരിയിലെത്തിനില്‍ക്കുന്ന കൊലകള്‍ക്ക് ഭയാനകമായ സാമ്യങ്ങളുണ്ട്. എല്ലാവരുടെ നേര്‍ക്കും വെടിയുതിര്‍ത്തത് തൊട്ടടുത്തു നിന്ന്, ഒരേയിനം പിസ്റ്റള്‍ ഉപയോഗിച്ച്. മോട്ടോര്‍ സൈക്കിളിലെത്തി, കൃത്യം നടത്തി അപ്രത്യക്ഷരായ അക്രമികള്‍. ധാബോല്‍ക്കറിനെയും ഗോവിന്ദ് പന്‍സാരെയെയും കൊലപ്പെടുത്തിയത് സംഘ്പരിവാറുമായി ബന്ധമുള്ള സനാതന്‍ സന്‍സ്ഥയുടെ പ്രവര്‍ത്തകരാണ് എന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം. ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവര്‍ക്ക് കല്‍ബുര്‍ഗിയുടെ കൊലയില്‍ പങ്കുണ്ടോ എന്ന സംശയം സജീവമായി നില്‍ക്കുകയും ചെയ്യുന്നു. സനാതന്‍ സന്‍സ്ഥയെ നിരോധിക്കണമെന്ന നിര്‍ദേശം 2011ല്‍ സുശീല്‍ കുമാര്‍ ഷിന്‍ഡെ ആഭ്യന്തര മന്ത്രിയായിരിക്കെ യു പി എ സര്‍ക്കാര്‍ തള്ളിക്കളഞ്ഞിരുന്നുവെന്നതിന് ഇപ്പോള്‍ വലിയ പ്രാധാന്യം കൈവരുന്നു. മക്ക മസ്ജിദിലും മലേഗാവിലും അജ്മീര്‍ ദര്‍ഗയിലുമൊക്കെ സ്‌ഫോടനങ്ങള്‍ നടത്തിയ ഹിന്ദുത്വ ഭീകരവാദ ശൃംഖലയെക്കുറിച്ച് ഗൗരവത്തില്‍ അന്വേഷിക്കാനുള്ള ഇച്ഛാശക്തിയും അന്നത്തെ യു പി എ സര്‍ക്കാറിനുണ്ടായില്ല, അതിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസിനുമുണ്ടായില്ല. അതിന്റെ പ്രതിഫലം കൂടിയാണ് ഏകാധിപത്യത്തിന്റെയും തീവ്ര ഹിന്ദുത്വത്തിന്റെയും കൈകളില്‍ നിന്ന് രാജ്യം ഇപ്പോള്‍ സ്വീകരിക്കുന്നത്.

പല ഇടങ്ങളില്‍, പല രൂപങ്ങളില്‍ വേട്ട നടക്കുകയാണ്. അതുകൊണ്ടു തന്നെ അതിനെ അസഹിഷ്ണുതയുടെ പ്രകടനമായോ അപ്രഖ്യാപിത അടിയന്തരാവസ്ഥയായോ അല്ല, ഏകാധിപത്യത്തിന്റെ, തീവ്ര ഹിന്ദുത്വത്തിന്റെ അധിനിവേശമായി വേണം കാണാന്‍. രാജ്യത്തിന്റെ എഴുപതാണ്ടോളം നിലനിന്ന സ്വഭാവ സവിശേഷതകളെയൊക്കെ ഇല്ലായ്മ ചെയ്യാനുള്ള അധിനിവേശം.

---- facebook comment plugin here -----

Latest