ജൈവവൈവിധ്യ കര്‍മപദ്ധതി; മാതൃകാ നഗരമായി കൊച്ചിയും

Posted on: August 21, 2017 11:58 pm | Last updated: August 21, 2017 at 11:58 pm

കൊച്ചി: ജര്‍മന്‍ ധനസഹായത്തോടെ രാജ്യത്തെ മൂന്ന് നഗരങ്ങളില്‍ നടപ്പാക്കുന്ന ജൈവവൈവിദ്ധ്യ കര്‍മ പദ്ധതിയുടെ മാതൃകാ നഗരമായി കൊച്ചിയെ ഉള്‍പ്പെടുത്തി. മംഗളുരുവും പനാജിയുമാണ് മറ്റ് രണ്ട് നഗരങ്ങള്‍ . മാതൃകാ നഗരമായി തിരഞ്ഞെടുത്തിരിക്കുന്ന കൊച്ചിക്ക് പദ്ധതി നടപ്പാക്കുന്നതിനായി 80 ലക്ഷം രൂപ ലഭിക്കും. കൊച്ചിയുടെ മാതൃകയില്‍ ആയിരിക്കും മറ്റ് നഗരങ്ങളില്‍ പദ്ധതി നടപ്പാക്കുക. 2020 നുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതി കൊച്ചി നഗരസഭയുടെ സഹായത്തോടെയാണ് നടപ്പാക്കുന്നത്. നഗരസഭയുടെ കീഴിലുള്ള സീ ഹെഡ് ആണ് നോഡല്‍ ഏജന്‍സി. ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗം പദ്ധതിയുടെ പഠനത്തിന് അംഗീകാരം നല്‍കി. പദ്ധതി കൊച്ചിയുടെ വളര്‍ച്ചക്ക് ഗുണകരമാണന്ന് മേയര്‍ അഭിപ്രായപ്പെട്ടു.

ജര്‍മന്‍ സര്‍ക്കാരിന്റെ പരിസ്ഥിതി മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്തോടെ അന്താരാഷ്ട്ര കാലാവസ്ഥാ സംരംഭം വഴി ഇന്ത്യ, ബ്രസീല്‍, താന്‍സാനിയ എന്നീ രാജ്യങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലാണ് പദ്ധതി ആരംഭിക്കുന്നത്. ഇന്ത്യയില്‍ ഇതിന്റെ മേല്‍നോട്ടം ഇന്റര്‍നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ലോക്കല്‍ എന്‍വയണ്‍മെന്റല്‍ ഇനീഷ്യേറ്റീവ് (ഐ സി എല്‍ ഇ ഐ) സൗത്ത് ഏഷ്യ എന്ന ഏജന്‍സിയെയാണ് ജര്‍മന്‍ മന്ത്രാലയം തിരഞ്ഞെടുത്തിരിക്കുന്നത്. പദ്ധതി നടപ്പാക്കാന്‍ ഇന്ത്യയിലെ മൂന്ന് നഗരങ്ങളെ നിര്‍ദ്ദേശിച്ചത് കേന്ദ്രപരിസ്ഥിതി മന്ത്രാലയമാണ്. പദ്ധതികള്‍ നടപ്പാക്കുന്നതിലുള്ള കാര്യക്ഷമതയാണ് കൊച്ചിയെ മാതൃകാ നഗരമായി കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചതിന് പിന്നിലെന്ന് ഐ സി എല്‍ ഇ ഐ ടിം അംഗം സി ജെ അലക്‌സ് പറഞ്ഞു. ഫണ്ടിന്റെ നല്ലൊരു ശതമാനവും വിനിയോഗിച്ച ചരിത്രമാണ് കൊച്ചിക്ക് സഹായകമായത്. സംരക്ഷിത വനങ്ങള്‍ക്കാണ് മുമ്പ് ജൈവവൈവിധ്യ പദ്ധതിയില്‍ മുന്‍ഗണന നല്‍കിയിരുന്നത്. എന്നാല്‍ 2050 ലെത്തുമ്പോള്‍ ലോകത്തെ 70 ശതമാനം ജനങ്ങളും നഗരങ്ങളിലേക്ക് കുടിയേറുമെന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് നഗരങ്ങളെ ഉള്‍പ്പെടുത്തുന്നത്. പശ്ചിമ ഘട്ടത്തിന് സമീപമുള്ള നഗരമെന്നത് കൊച്ചിക്ക് അനുഗ്രഹമായെന്നും അലക്‌സ് പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതിന്മുന്നോടിയായി

വ്യത്യസ്ത ശാസ്ത്ര ശാഖകളിലെയും പ്രവര്‍ത്തന തലങ്ങളിലെയും വിദഗ്ധരെ ഉള്‍പ്പെടുത്തി സ്റ്റേറ്റ് ഹോള്‍ഡര്‍ ഗ്രൂപ്പ് രൂപവത്കരിക്കും. പദ്ധതിയുടെ ഭാഗമായി കൊച്ചിയുടെ ജൈവവൈവിധ്യ സമ്പത്ത് രേഖപ്പെടുത്തുന്ന ഭൂപടം തയ്യാറാക്കും. ജൈവ വൈവിധ്യവുമായി ബന്ധപ്പെട്ട് ദേശീയവും തദ്ദേശീയവുമായ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് കര്‍മ പദ്ധതി തയ്യാറാക്കും. കോര്‍പറേഷന്റെ തിരഞ്ഞെടുക്കപ്പെട്ട ഡിവിഷനുകളിലായിരിക്കും പദ്ധതി നടപ്പാക്കുക