Connect with us

Kerala

നഞ്ചന്‍കോട്- നിലമ്പൂര്‍ റെയില്‍പ്പാത അട്ടിമറിക്കാന്‍ നീക്കം; കര്‍മസമിതി പ്രക്ഷോഭത്തിലേക്ക്

Published

|

Last Updated

ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിര്‍ദിഷ്ട നഞ്ചന്‍കോട്- നിലമ്പൂര്‍ റെയില്‍വെ പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് നീലഗിരി റെയില്‍വെ കര്‍മസമിതി പ്രത്യക്ഷ സമര പരിപാടികള്‍ക്ക് തയ്യാറെടുക്കുന്നു. ജനകീയ പ്രക്ഷോഭത്തിന്റെ ആദ്യഘട്ടമായി വയനാട്ടിലും പിന്നീട് തിരുവനന്തപുരം സെക്രട്ടറിയേറ്റിലും സമരം നടത്താനാണ് കര്‍മസമിതിയുടെ തീരുമാനം.

വിഷയത്തില്‍ കേരളസര്‍ക്കാര്‍ ഉടന്‍ ഇടപെടല്‍ നടത്തിയില്ലെങ്കില്‍ വൈകാതെ സമരം ആരംഭിക്കുമെന്ന് കര്‍മസമിതി ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി. പദ്ധതിയുടെ വിശദമായ പദ്ധതി രേഖ തയ്യാറാക്കാന്‍ അനുവദിച്ച എട്ട് കോടി രൂപ മാസങ്ങള്‍ കഴിഞ്ഞിട്ടും നല്‍കാത്തതാണ് പദ്ധതി അട്ടിമറിക്കപ്പെടുമെന്ന ആശങ്കയ്ക്ക് കാരണമായിരിക്കുന്നത്. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ആയിരുന്നു ഡി പി ആര്‍ തയ്യാറാക്കേണ്ട ചുമതല ഏറ്റെടുത്തിരുന്നത്. എന്നാല്‍ പ്രവര്‍ത്തനത്തിനുള്ള ഫണ്ട് ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നുവെന്ന് ഡി എം ആര്‍ സി അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് മുന്നോട്ടുള്ള നീക്കങ്ങള്‍ നിലച്ച സ്ഥിതിയിലാണ് പദ്ധതി. എട്ട് കോടി രൂപയില്‍ ആദ്യഗഡുവായ രണ്ട് കോടി രൂപ ഡി എം ആര്‍ സിക്ക് നല്‍കാന്‍ കേരള സര്‍ക്കാറിന്റെ ഉത്തരവുണ്ടായെങ്കിലും തുക ഇനിയും കൈമാറിയിട്ടില്ല. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ അംഗീകരിച്ച പദ്ധതി അട്ടിമറിക്കുന്നതിന് പിന്നില്‍ ചില സ്വാര്‍ഥ താല്‍പ്പര്യക്കാരാണുള്ളത് എന്നാണ് കര്‍മസമിതിയുടെ ആക്ഷേപം. സമീപകാലത്ത് മൈസൂരുവിലെത്തിയ കേന്ദ്ര റെയില്‍വെ സഹമന്ത്രി മനോജ് സിന്‍ഹയുമായി സുവര്‍ണ കര്‍ണാടക-കേരള സമാജം ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയില്‍ പാത യാഥാര്‍ഥ്യമാക്കുന്നതിന് ആവശ്യമായ പ്രാഥമിക നടപടികള്‍ ഉടന്‍ തുടങ്ങുമെന്ന അറിയിച്ചിരുന്നു. നഞ്ചന്‍കോട്- നിലമ്പൂര്‍ റെയില്‍വെപ്പാതയുടെ പ്രാധാന്യത്തെക്കുറിച്ച് മന്ത്രിയെ ഭാരവാഹികള്‍ ധരിപ്പിച്ചിരുന്നു. നിലവിലുള്ള സാഹചര്യത്തില്‍ നിലമ്പൂര്‍- നഞ്ചന്‍കോട് പാത നിര്‍മാണം മൂന്ന് ഘട്ടങ്ങളായി നടത്താനാണ് ഉദ്ദേശിച്ചിരുന്നത്. നഞ്ചന്‍കോടുനിന്ന് സുല്‍ത്താന്‍ബത്തേരിയിലേക്ക് ഒന്നാംഘട്ടമായും നിലമ്പൂരില്‍നിന്ന് വഴിക്കടവിലേക്ക് രണ്ടാംഘട്ടമായും അവസാനഘട്ടമായി വഴിക്കടവില്‍ നിന്ന് സുല്‍ത്താന്‍ബത്തേരിയിലേക്കും പാത നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്.

സാങ്കേതിക തടസങ്ങള്‍ നീക്കി പാത യാഥാര്‍ഥ്യമായാല്‍ ഉണ്ടാകുന്ന വികസനസാധ്യതകള്‍ വളരെ വലുതായിരിക്കും. മൈസൂരില്‍ നിന്ന് ചാമരാജ് നഗര്‍ വരെയും അവിടെനിന്ന് നഞ്ചന്‍കോട് വരെയും പാത നിലവിലുണ്ട്. അത് നിലമ്പൂരുമായി ബന്ധിപ്പിക്കുമ്പോള്‍ കൊങ്കണ്‍പാതയ്ക്ക് സമാന്തരപാതയാണ് യാഥാര്‍ഥ്യമാകുന്നത്. നിലമ്പൂരില്‍ നിന്ന് വയനാട്ടിലൂടെ കര്‍ണാടകയിലെ നഞ്ചന്‍കോടിലേക്ക് റെയില്‍പ്പാത യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമാണുള്ളത്. മലപ്പുറം, വയനാട് ജില്ലകളുടെയും ദക്ഷിണ കര്‍ണാടകത്തിന്റെയും സമഗ്രമായ വികസനത്തിന് ഈ പാത വഴിതുറക്കുമെന്നാണ് പൊതുവിലയിരുത്തല്‍. മലപ്പുറം, വയനാട് ജില്ലകളുടെ പ്രധാന സ്വപ്‌നപാതയാണ് നിലമ്പൂര്‍ -നഞ്ചന്‍കോട്. ഇതുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളിലായി നിരവധി സര്‍വേ നടന്നുവെങ്കിലും സാങ്കേതിക തടസങ്ങള്‍ ഉന്നയിച്ചും സാമ്പത്തിക നഷ്ടത്തിന്റെ കണക്കുകളും നിരത്തി പാതയ്ക്കുള്ള അനുമതി നിഷേധിക്കുകയാണ് അധികൃതര്‍ ചെയ്തത്.

നിലമ്പൂര്‍-നഞ്ചന്‍കോട് പാത നിലവില്‍ വന്നാല്‍ ഉത്തരേന്ത്യയിലേക്കുള്ള യാത്രാദൂരം ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും. മൈസൂരുവിലേക്കും ബെംഗളൂരുവിലേക്കുമെല്ലാം ഏറെ കിലോമീറ്ററുകള്‍ ഇതുവഴി ലാഭിക്കാന്‍ കഴിയും. ഇതിലൂടെ യാത്രച്ചെലവ് കുറയ്ക്കാനും കഴിയും. മുംബൈയിലേക്കാണെങ്കില്‍ സേലം, ബെംഗളൂരു വഴിയുള്ളതിനേക്കാള്‍ 64 കിലോമീറ്റര്‍ ലാഭിക്കാനാവും. ബെംഗളൂരു- കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലുകളിലേക്കുള്ള എളുപ്പമാര്‍ഗമാകും. ഗുരുവായൂര്‍, ശബരിമല, ഏര്‍വാടി, മുത്തുപേട്ട, തിരുനെല്ലി തുടങ്ങിയ തീര്‍ഥാടനകേന്ദ്രങ്ങളെ ചെലവ് കുറഞ്ഞ രീതിയില്‍ ബന്ധിപ്പിക്കാനാവും. മാത്രമല്ല കുറഞ്ഞ ചെലവില്‍ ചരക്കുഗതാഗതം സാധ്യമാകും എന്നത് മലയോരകര്‍ഷകര്‍ക്കും പ്രയോജനപ്പെടും. വിനോദ സഞ്ചാരികളുടെ വന്‍തോതിലുള്ള വരവിനും ഇത് സഹായകരമാവും. വയനാട് ജില്ലയ്ക്ക് റെയില്‍വേ ഭൂപടത്തില്‍ സ്ഥാനമുണ്ടാക്കാനും പ്രസ്തുത പാത യാഥാര്‍ഥ്യമായാല്‍ സാധ്യമാവും. 2001- 02 വര്‍ഷത്തെ റെയില്‍വെ ബജറ്റില്‍ നിലമ്പൂര്‍-നഞ്ചന്‍കോട് പാതയുടെ സര്‍വെയ്ക്ക് 8.10ലക്ഷം രൂപ വകയിരുത്തിയിരുന്നു. റെയില്‍വെ ചീഫ് എന്‍ജിനിയറുടെ നേതൃത്വത്തില്‍ സാധ്യതാപഠനം നടത്തുകയും നിലമ്പൂര്‍-ചുങ്കത്തറഎടക്കരവഴിക്കടവ് വടുവഞ്ചാല്‍ സുല്‍ത്താന്‍ബത്തേരി-നഞ്ചന്‍കോട് റൂട്ട് തിരഞ്ഞെടുക്കുകയും ചെയ്തു.

പിന്നീട് ചെന്നൈയിലെ അണ്ണാ സര്‍വകലാശാലയുടെ റിമോട്ട് സെന്‍സിങ് വിഭാഗവുമായി സഹകരിച്ച് എന്‍ജിനിയറിങ് സര്‍വെ നടത്തി. ഇതുപ്രകാരം നിലമ്പൂര്‍-എടക്കര-വഴിക്കടവ്-അയ്യന്‍കൊല്ലി-വടുവഞ്ചാല്‍-സുല്‍ത്താന്‍ബത്തേരി വഴി നഞ്ചന്‍കോടിലേക്കുള്ള റൂട്ടിന് മുന്‍ഗണന നല്‍കിക്കൊണ്ട് റെയില്‍വേയ്ക്ക് ശിപാര്‍ശ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സാമ്പത്തികമായി പാത ലാഭകരമാകില്ലെന്ന് ചൂണ്ടിക്കാട്ടി 2004 മെയില്‍ റെയില്‍വെ അനുമതി നിഷേധിക്കുകയാണുണ്ടായത്. എന്നാല്‍ 2007-08 റെയില്‍വെ ബജറ്റില്‍ വീണ്ടും സര്‍വെ ഉള്‍പ്പെടുത്തുകയും ഇതുപ്രകാരം 2008 ജനവരി 23ന് റെയില്‍വെ ബോര്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇതുസംബന്ധിച്ച നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. ഷൊര്‍ണൂരില്‍നിന്ന് നിലമ്പൂരിലേക്കുള്ള ബ്രോഡ്‌ഗേജ് പാതയ്ക്ക് 1924ലാണ് അനുമതി നല്‍കിയത്.
മൂന്ന് വര്‍ഷംകൊണ്ട് പണിപൂര്‍ത്തിയാക്കി 1927ല്‍ ട്രെയിന്‍ ഓടിച്ചുതുടങ്ങി. ഈ പാതയെ ഭാവിയില്‍ കര്‍ണാടകയുമായി ബന്ധിപ്പിക്കനുദ്ദേശിച്ച് നിലമ്പൂര്‍ ടൗണില്‍ നിന്ന് നാലുകിലോമീറ്ററോളം അകലെ ചന്തക്കുന്നിലാണ് റെയില്‍പ്പാളങ്ങള്‍ വന്നുനില്‍ക്കുന്നത്. മൈസൂരില്‍നിന്ന് 26 കിലോമീറ്റര്‍ അകലെയുള്ള നഞ്ചന്‍കോടിലേക്ക് പാതയെ ബന്ധിപ്പിക്കാന്‍ ഏറെ സാധ്യതയുള്ള ദിശയിലാണ് ചന്തക്കുന്നില്‍ പാത ബ്രിട്ടീഷുകാര്‍ പണിതിട്ടുള്ളത്.

Latest