അനുകരണീയ മാതൃക

Posted on: July 26, 2017 8:24 am | Last updated: July 25, 2017 at 11:29 pm

പലിശാധിഷ്ഠിതമായ സാമ്പത്തിക ക്രമത്തില്‍ നിന്നും പയ്യെപ്പയ്യെയെങ്കിലും ലോകം പലിശരഹിതവ്യവസ്ഥയിലേക്ക് കടന്നുവന്നു കൊണ്ടിരിക്കുന്നുവെന്നത് ആഹ്ലാദകരമാണ്. നേരത്തെ പലിശരഹിത ബേങ്കിംഗിനെ പുച്ഛിച്ചു തള്ളിയ പല ലോകരാജ്യങ്ങളും ഇപ്പോള്‍ പലിശരഹിത ബേങ്കിംഗ് സംവിധാനം വിജയകരമായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ പലിശ രഹിത ബേങ്കിന്റെ ഇന്ത്യന്‍ സാധ്യതകളെക്കുറിച്ചു സര്‍ക്കാറിന്റെ നിര്‍ദേശ പ്രകാരം പഠനം നടത്തിയ റിസര്‍വ് ബേങ്കും അതിന് പച്ചക്കൊടി കാട്ടുകയുണ്ടായി. ഇപ്പോള്‍ കേരളത്തിലെ സി പി എമ്മും ഇത്തരം സംരഭത്തിന് തുടക്കം കുറിക്കുകയുണ്ടായി. സി പി എമ്മിന്റെ പോഷക സംഘടനയായ ന്യൂനപക്ഷ സാംസ്‌കാരിക സമിതി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂരിലാണ് ‘ഹലാല്‍ ഫാഇദ’ എന്ന പലിശ രഹിത സഹകരണ സംഘം പ്രവര്‍ത്തനമാരംഭിച്ചത്. ഒരു രാഷട്രീയ പ്രസ്ഥാനത്തിന്റെ കീഴിലുള്ള ഈ രംഗത്തെ ആദ്യസംരഭമാണിത്.

തികച്ചും ചൂഷണാത്മകമാണ് പലിശയിലധിഷ്ഠിതമായ സാമ്പത്തിക ഇടപാടുകള്‍. പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്തു കൊള്ളപ്പലിശക്കാരായ മുതലാളിമാരും പലിശാധിഷ്ഠിത സ്ഥാപനങ്ങളും തടിച്ചുകൊഴുക്കുകയാണ് ഇതുവഴി. പാവപ്പെട്ടവരും സമ്പന്നരുമടങ്ങിയതാണ് ലോകം. സാമ്പത്തിക മേഖലകളിലുള്‍പ്പെടെ പരസ്പരം സഹകരിച്ചും സഹായിച്ചുമുള്ള ഒരു ബന്ധമാണ് രണ്ട് വിഭാഗങ്ങള്‍ക്കുമിടയിലുണ്ടാകേണ്ടത്. പാവപ്പെട്ടവന് വിശപ്പടക്കാനോ നഗ്നത മറക്കാനോ ചികിത്സക്കോ കാര്‍ഷികാവശ്യത്തിനോ പണമില്ലാതെ വരുമ്പോള്‍ ഉള്ളവന്‍ ലാഭേച്ഛ കൂടാതെ കടമായി നല്‍കുകയും കടം വാങ്ങിയവന്‍ അദ്ധ്വാനിച്ചോ കൃഷി നടത്തിയോ അത് തിരിച്ചു നല്‍കുകയും ചെയ്യുമ്പോള്‍ അവര്‍ക്കിടയില്‍ ഹൃദ്യമായ ബന്ധം വളര്‍ന്നുവരും. ത്യാഗ തത്പരത, സഹായ മനഃസ്ഥിതി, കരുണ, സാമൂഹിക സേവനം, ഗുണകാംക്ഷ തുടങ്ങിയ ഉത്തമ മാനുഷിക ഗുണങ്ങള്‍ഇതിലൂടെ പരിപോഷിപ്പിക്കപ്പെടും. അതേസമയം കുടിലമനസ്‌കത, സ്വാര്‍ഥത, അത്യാര്‍ഥി, ചൂഷണമനോഭാവം തുടങ്ങിയ ദുര്‍ഗുണങ്ങളാണ് പലിശയിടപാടിലൂടെ പരിപോഷിപ്പിക്കപ്പെടുന്നത്. ഇതുകൊണ്ടാണ് ലോകത്തെ എല്ലാ മതങ്ങളും ധര്‍മപ്രസ്ഥാനങ്ങളും പലിശയെയും അതിലധിഷ്ഠിതമായ സാമ്പത്തിക വ്യവസ്ഥയെയും കഠിനമായി എതിര്‍ക്കുന്നത്.

വലിയൊരു സാമൂഹിക വിപത്തായി മാറിയിട്ടുണ്ട് ഇന്ന് പലിശ. വലുതും ചെറുതുമായ ബേങ്കുകള്‍ രാജ്യത്ത് ധാരാളമുണ്ട്. ചിട്ടിക്കമ്പനികളും പല പേരിലുള്ള കുറികളും നാടന്‍ വട്ടിപ്പലിശക്കാരും യഥേഷ്ടം. വീട്ടുപടിക്കലെത്തി പണം വായ്പ തരുന്ന തമിഴ് പലിശ സംഘങ്ങളും സജീവം. ഇവരില്‍ നിന്നെടുക്കുന്ന പണത്തിന്റെ പലിശ വിഹിതം അനുദിനം വര്‍ധിച്ചു തിരിച്ചടക്കാന്‍ കഴിയാതെ പ്രയാസപ്പെടുന്നവരാണ് ഇടപാടുകാരില്‍ ഭൂരിഭാഗവും. കടക്കെണിയില്‍പ്പെട്ടു കിടപ്പാടം നഷ്ടപ്പെട്ടവരും മാനസികമായി തളര്‍ന്നു സ്വയം ജീവിതം ഒടുക്കിയവരും ധാരാളം. കൊള്ളപ്പലിശക്കാരെ നേരിടാന്‍ ‘കുബേര ഓപറേഷനുകളും’ മറ്റു നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെങ്കിലും അവരിപ്പോഴും സജീവമാണ് നാട്ടിലെങ്ങും.

സഹോദരന്റെ വിയര്‍പ്പും രക്തവും ഊറ്റിക്കുടിക്കുകയും സമ്പത്ത് പച്ചയായി അപഹരിക്കുകയുമാണ് പലിശക്ക് കടം നല്‍കുന്നവന്‍. പലിശ അമിതമായാലും മിതമായാലും ചൂഷണം തന്നെയാണ്. ഗത്യന്തരമില്ലാതെ പലിശ ഇടപാടില്‍ അകപ്പെടുന്ന ദരിദ്രന് പിന്നീട് അതില്‍ നിന്ന് രക്ഷപ്പെടുക ദുഷ്‌കരമാണ്. അനിയന്ത്രിതമായ വിലക്കയറ്റം ഉള്‍പ്പെടെ വിപണിയിലെ ചൂഷണത്തിനും വഴിവെക്കുന്നത് പലിശയാണ്. പലിശ രഹിതമായ ഒരു സാമ്പത്തിക ക്രമം കെട്ടിപ്പടുക്കുന്നതിലൂടെ മാത്രമേ ഈ വിപത്ത് തടയാനാകൂ. മുസ്‌ലിംകള്‍ക്കിടയില്‍ പല മഹല്ലുകളിലും ഇത്തരം ചെറിയ സംരംഭങ്ങള്‍ വിജയകരമായി പ്രവര്‍ത്തിച്ചു വരുന്നുണ്ട്. സാധാരണക്കാരുടെ അത്യാവശ്യങ്ങള്‍ക്ക് പലിശയില്ലാതെ ധനസഹായം ലഭ്യമാക്കുന്നതിനും ധനമിച്ചം പലിശ രഹിതമായി സുരക്ഷിതമായി സൂക്ഷിക്കുന്നതിനും ഈ സംവിധാനം ഉപകരിക്കുന്നുണ്ട്. ഇത്തരം സംരംഭങ്ങള്‍ക്ക് കേന്ദ്രീകൃത രൂപം നല്‍കിയാല്‍ കൂടുതല്‍ ഫലപ്രദവും പ്രയോജനകരവുമായിത്തീരും. നിക്ഷേപകരുടെ പണം ബിസിനസ്സിനും ലാഭകരമായ മറ്റു സംരംഭങ്ങള്‍ക്കും വിനിയോഗിക്കുകയാണെങ്കില്‍ പ്രവര്‍ത്തനച്ചെലവ് കണ്ടെത്തുന്നതിനപ്പുറം നിക്ഷേപകര്‍ക്ക് ലാഭവിഹിതം നല്‍കാനും സാധിക്കും.

മുതലാളിത്തവും ജൂതായിസവും സൃഷ്ടിച്ച പലിശയെന്ന ചൂഷണത്വരയില്‍ പടുത്തുയര്‍ത്തിയ സാമ്പത്തിക ക്രമത്തില്‍ നിന്ന് സഹജീവി സ്‌നേഹത്തിലധിഷ്ഠിതമായ സാമ്പത്തിക ഇടപാടുകളും മാനുഷിക ബന്ധങ്ങളും സൃഷ്ടിക്കാന്‍ ഉപയുക്തമായ പലിശരഹിത സംരംഭങ്ങള്‍ക്ക് രാജ്യത്ത് സാമൂഹിക മുന്നേറ്റം അനിവാര്യമാണ്. ഇക്കാര്യത്തില്‍ രാജ്യത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് മികച്ച പങ്ക് വഹിക്കാനാകും. അനുദിനം ജീര്‍ണിതമായി കൊണ്ടിരിക്കുന്ന രാഷ്ട്രീയ മേഖലയെ ജനങ്ങള്‍ക്കും രാജ്യത്തിനും കൂടുതല്‍ ഉപകാരപ്രദവും ജീവസ്സുറ്റതുമാക്കാന്‍ ഇതുപോലുള്ള ജനോപകാര പദ്ധതികള്‍ സഹായിക്കും. കണ്ണൂരില്‍ സി പി എം തുടക്കം കുറിച്ച പദ്ധതി സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും ദേശീയ തലത്തില്‍ തന്നെയും വ്യാപിക്കേണ്ടതുണ്ട്. ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും ഇതുപോലുള്ള ക്രിയാത്മകമായ പദ്ധതികളെക്കുറിച്ച് ആലോചിക്കാവുന്നതാണ്.