Connect with us

Articles

നിങ്ങളില്‍ ആരൊക്കെയാണ് ബി ജെ പിക്ക് പഠിക്കാത്തത്?

Published

|

Last Updated

എല്ലാം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ചു തന്നെ കാര്യങ്ങള്‍ നടന്നു. ഭംഗിയായിട്ടല്ല; അഭംഗിയായിട്ട് എന്നു തന്നെ പറയണം. രാംനാഥ്‌കോവിന്ദ് എന്ന ദളിത് ആര്‍ എസ് എസുകാരന്‍ തന്നെ ഇന്ത്യയുടെ രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു. ദളിത് കോണ്‍ഗ്രസുകാരിയായ മീരാ കുമാര്‍ ദയനീയമായിത്തന്നെ തോറ്റു. തോല്‍ക്കുമെന്ന് ഉറപ്പുണ്ടായിരുന്നെങ്കിലും അതിനെ പരമാവധി ദയനീയമാക്കാന്‍ ഗുജറാത്തിലേയും ഛത്തിസ്ഗഢിലേയും ഗോവയിലേയുമൊക്കെ കോണ്‍ഗ്രസുകാര്‍ തന്നെ ആവുന്നതും ശ്രമിക്കുകയും ചെയ്തു. ഇന്ത്യ ഫാസിസത്തിന്റെ വക്കത്തെത്തി നില്‍ക്കുകയാണെന്ന് നിരന്തരം പ്രസംഗിക്കുകയും ഉത്‌ഘോഷിക്കുകയും ചെയ്യുന്ന പാര്‍ട്ടികളില്‍ പെട്ട പലരും (കോണ്‍ഗ്രസ് ഉള്‍പ്പെടെ ) ഫാസിസത്തിന് കരുത്ത് പകരാന്‍ അതിന്റെ വക്താക്കള്‍ കെട്ടി എഴുന്നള്ളിച്ച സവര്‍ണ വര്‍ഗീയതയുടെ ദളിതു രൂപമായ സ്ഥാനാര്‍ഥിക്ക് തന്നെ വോട്ടു ചെയ്തു. 65 ശതമാനം വോട്ടിന്റെ ഭൂരിപക്ഷവും നല്‍കി. ഇതിലിപ്പോ ഇത്ര പറയാനെന്തിരിക്കുന്നു എന്നല്ലേ?

പറയാനിരിക്കുന്നു എന്നിടത്താണ് ഇന്ത്യയില്‍ ഫാസിസത്തിനെതിരെയുള്ള മുറവിളികളുടെ കാപട്യം ഒളിഞ്ഞിരിക്കുന്നത്. ബി ജെ പിയിതര പാര്‍ട്ടികളായ പ്രതിപക്ഷ മനോഭാവമുള്ള വലുതും ചെറുതുമായ എല്ലാ പാര്‍ട്ടികളും ഒരുമിച്ച് ചേര്‍ന്നുകൊണ്ട് ബി ജെ പിയുടെ പ്രതിനിധിയെ എതിര്‍ത്തിരുന്നുവെങ്കില്‍ ഇന്ത്യന്‍ ഫാസിസത്തിന്റെ വലിയൊരു മോഹത്തിന് നിഷ്പ്രയാസം തിരിച്ചടി ലഭിക്കുമായിരുന്നു. അത് തുടക്കം മുതലേ ഉണ്ടായില്ല എന്നതോ പോകട്ടെ ഒടുക്കമെത്തിയപ്പോള്‍ എതിര്‍ക്കുമെന്ന് ഉറപ്പുണ്ടായിരുന്ന പലരും ക്ലീനായി ബി ജെ പി പക്ഷത്ത് ചേര്‍ന്ന് വോട്ടു ചെയ്യുകയുമുണ്ടായി. പിന്നെന്ത് ഫാസിസ്റ്റ് വിരുദ്ധമുന്നണിയെ കുറിച്ചാണ് ഇന്ത്യയിലെ ബി ജെ പി ഇതര വലതുപക്ഷ കക്ഷികള്‍ വാചാലരാവുന്നത്?

കോണ്‍ഗ്രസിനു മാത്രമേ ബി ജെ പിയെ ചെറുക്കാനാകൂ എന്നും അതുകൊണ്ട് ഇന്ത്യയിലെ ഇടതുപക്ഷങ്ങളടക്കമുള്ളവര്‍ ആ യാഥാര്‍ഥ്യം മനസ്സിലാക്കി കോണ്‍ഗ്രസിനെ പിന്തുണക്കണമെന്നാണല്ലോ എ കെ ആന്റണിയടക്കമുള്ള നേതാക്കള്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. പ്രായോഗികമായി അതില്‍ ശരിയുണ്ടെങ്കിലും കോണ്‍ഗ്രസിനു തന്നെ എത്രത്തോളം ഫാസിസത്തിനെതിരെയും സവര്‍ണ വര്‍ഗീയതക്കെതിരെയും ചലിക്കാനാവും? കേരളമൊഴിച്ചു ഏതു സംസ്ഥാനമെടുത്താലും അവിടങ്ങളിലൊക്കെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഒരസ്തമയം കഴിഞ്ഞ് പിറക്കാനിരിക്കുന്ന പുലരിയില്‍ താമരയായ് വിരിയില്ലെന്ന് ഏത് എ കെ ആന്റണിക്ക് ഉറപ്പ് പറയാനാകും? പിന്നെ ബി ജെ പിക്കെതിരെ ബീഹാറില്‍ മഹാ സഖ്യം പരീക്ഷിച്ച് വിജയിപ്പിച്ച നിതീഷ് കുമാറും ഉത്തര്‍പ്രദേശില്‍ ന്യൂനപക്ഷങ്ങളുടെ മിശിഹയായി സ്വയം പ്രഖ്യാപിച്ച് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിലയുറപ്പിച്ച മുലായം സിംഗ് യാദവും നിര്‍ണായകമായ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ആര്‍ എസ് എസിന്റെ ദളിത് രൂപമായ രാം നാഥ് കോവിന്ദിനെത്തന്നെ പിന്തുണച്ചു. അപ്പോള്‍ ഇതില്‍ നിന്നെല്ലാം മനസ്സിലാക്കേണ്ടത് “ചോറങ്ങും കൂറിങ്ങും” എന്ന പഴയ ശൈലി പിന്തുടരുന്ന ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളുടെ കൈയിലേക്കാണ് നമുക്ക് മതേതരത്വമെന്ന സങ്കല്‍പ്പ ഭാരതത്തെ വിശ്വസിച്ചേല്‍പ്പിക്കേണ്ടത് എന്നാണ്.

അധഃസ്ഥിത വര്‍ഗത്തിന്റെ ആധികാരിക രാഷ്ട്രീയ പ്രസ്ഥാനമായും സവര്‍ണ മനോഭാവത്തിനെതിരെയുള്ള ദ്രവീ ഡിയന്‍ മുന്നേറ്റമായും വിശേഷിപ്പിക്കപ്പെടുന്ന തെക്കേഇന്ത്യയിലെ തമിഴകത്ത് ശക്തിയാര്‍ജിച്ച് വളര്‍ന്നുവന്ന ദ്രാവിഡ പാര്‍ട്ടികള്‍ പോലും കേന്ദ്ര ഭരണത്തിന്റെ പ്രീതി സമ്പാദിക്കാന്‍ എങ്ങിനെ ബി ജെ പി യോട് അടുക്കാമെന്ന പരീക്ഷണത്തിലാണ്. അവര്‍ക്കും അവരുടെ സ്ഥാപക നേതാക്കളായ ഇ വി ആറിന്റേയും അണ്ണാ ദുരയുടേയും ആശയങ്ങളെ തമിഴ് മണ്ണില്‍ വളര്‍ത്തി എടുക്കുന്നതിലല്ല താത്പര്യം. തങ്ങള്‍ നടത്തിയ സമാനതകളില്ലാത്ത അഴിമതി കേസുകളില്‍ നിന്നും രക്ഷ നേടാന്‍ ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കാരായ കോര്‍പറേറ്റ് ദല്ലാളന്മാരായ ബി ജെ പിയെ അവരുടെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം പിന്തുണക്കുക എന്ന ലൈന്‍ തന്നെയാണ് ദ്രാവിഡ കക്ഷികളും സ്വീകരിക്കുന്നത്.
ഒഡിയയിലും ആന്ധ്രയിലും ഒന്നും സ്ഥിതി വിഭിന്നമല്ല. അവിടെയൊക്കെ മധ്യവര്‍ഗ സോഷ്യലിസ്റ്റ് അനുഭാവമുണ്ടായിരുന്ന പല ചെറുകക്ഷികളും ബി ജെ പിക്കെതിരായ ഫലപ്രദമാവേണ്ട പ്രതിപക്ഷ സഖ്യത്തില്‍ ചേരാന്‍ തയ്യാറല്ല. രാഷ്ട്രപതി തിരഞ്ഞെടുപ്പോടെ ഇന്ത്യന്‍ രാഷ്ടീയത്തില്‍ തീവ്രവലതുപക്ഷം ഒന്നുകൂടി അതിന്റെ കരുത്ത് വിപുലീകരിച്ചു എന്നു വേണം കരുതാന്‍. അതിനു സഹായകമായത് പാരമ്പര്യ വര്‍ഗീയ, സവര്‍ണ വിരോധികളും മധ്യവര്‍ഗ സോഷ്യലിസ്റ്റുകളുമെന്ന് നാമൊക്കെ ധരിച്ചു വെച്ചിരുന്ന നേതാക്കളുടെയും പാര്‍ട്ടികളുടേയും പിന്തുണയാണെന്നതാണ് വിരോധാഭാസം.

ഇനി ഈ ചിന്തക്ക് ഒരു മറുവശം കൂടിയുണ്ട്. മീരാ കുമാറെന്ന കോണ്‍ഗ്രസുകാര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ദളിത് സ്ഥാനാര്‍ഥി വിജയിച്ചിരുന്നുവെങ്കില്‍ അവര്‍ ബി ജെ പിക്ക് വലിയ തലവേദനയാകുമായിരുന്നോ എന്നതും സംശയാസ്പദമാണ്. പൊതുവേ പറഞ്ഞാല്‍ ഇന്ത്യയില്‍ രാഷ്ട്രപതിയായി എത്തുന്നവരൊക്കെ അതാതു കാലത്തെ ഭരണകൂടങ്ങളുടെ അരികുപറ്റി നിന്ന ചരിത്രമേയുള്ളൂ. ഇന്ത്യയില്‍ ആദ്യമായി ജനാധിപത്യത്തെ ഗളഹസ്തം ചെയ്ത 1975 -ലെ അടിയന്തരാവസ്ഥക്ക് പച്ചക്കൊടി വീശിയത് പോലും ഒരു രാഷ്ട്രപതിയുടെ ഒപ്പോടെയായിരുന്നു. ഫക്രുദ്ദീന്‍ അലി അഹമ്മദെന്ന അന്നത്തെ കോണ്‍ഗ്രസുകാരനായ രാഷ്ട്രപതിയാണ് ഒരു വൈമനസ്യവും കൂടാതെ ഇന്ദിരാ ഗാന്ധിയുടെ സ്വേച്ഛാധിപത്യ മോഹത്തിന് കൂട്ടുനിന്നത്. പിന്നെ ഏറെ പ്രതീക്ഷയോടെ ഇന്ത്യന്‍ ജനത ഒന്നാകെ പിന്തുണച്ച് അധികാരത്തിലേറ്റിയ ആദ്യത്തെ ദളിത് പ്രസിഡന്റായ കെ അര്‍ നാരായണനു പോലും അദ്ദേഹത്തിന്റെ അധികാരം വിനിയോഗിച്ചു കൊണ്ട് ന്യൂനപക്ഷ, ദളിത് വിഭാഗങ്ങള്‍ക്കു വേണ്ടി കാര്യമായൊന്നും ചെയ്യാനായില്ലെന്നതാണ് ചരിത്ര സത്യം.“”ഗുജറാത്ത്” അരങ്ങേറുന്നത് അന്നായിരുന്നല്ലോ. എന്തിന് മീരാകുമാറിനേക്കാളുമൊക്കെ ശക്തമായ കോണ്‍ഗ്രസ് പാരമ്പര്യവും ഭരണപരമായ കഴിവുകളും എല്ലാമുള്ള പ്രണബ് മുഖര്‍ജിക്കു പോലും മോദിയുടെ ഫാസിസ്റ്റ് ചെയ്തികള്‍ക്കു മുമ്പില്‍ നിസ്സഹായതയോടെ നില്‍ക്കേണ്ടി വന്നിട്ടുണ്ട്. ബീഫിന്റെ പേരിലും മറ്റും ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവരെ അടിച്ചും ചവിട്ടിയും കൊല്ലല്‍ പരിധി വിട്ട് തുടര്‍ന്നപ്പോള്‍ പ്രണബില്‍ നിന്നും അവസാനം ചില കടുത്ത മുന്നറിയിപ്പുകള്‍ ഉണ്ടായി എന്നത് മാത്രം ആശ്വാസം.

“ഡീ മോണിറ്റൈസേഷനി”ലൂടെ ഇന്ത്യന്‍ ജനതയെ ഫാസിസത്തിലേക്കുള്ള റിഹേഴ്‌സല്‍ ക്യൂവില്‍ നിറുത്തി മോദി പരീക്ഷിച്ചപ്പോള്‍ പ്രണാബില്‍ നിന്നു കടുത്ത വിയോജനം ഇന്ത്യ പ്രതീക്ഷിച്ചതായിരുന്നു. പക്ഷേ അതുണ്ടായില്ല. എന്നാല്‍ പോലും പല മുന്‍ഗാമികളെയും അപേക്ഷിച്ച് തമ്മില്‍ ഭേദം എന്ന സ്റ്റാറ്റസ് നിലനിര്‍ത്തിക്കൊണ്ടു തന്നെയാണ് അദ്ദേഹം രാഷ്ടപതി ഭവനില്‍ നിന്നും പടിയിറങ്ങുന്നത് എന്നു പറയാം.

എന്നാല്‍, എല്ലാ പ്രതീക്ഷകളെയും കാറ്റില്‍ പറത്തി കോണ്‍ഗ്രസുകാരെ പോലും അമ്പരപ്പിച്ച് മോദിദാസനായി രാജ്യസഭയില്‍ ചടഞ്ഞിരിക്കുന്ന ഒരു ഉപാധ്യക്ഷനായിട്ടു വേണം മലയാളി കൂടിയായ പി ജെ കുര്യനെ വിലയിരുത്തേണ്ടത്. ഏറ്റവും ഒടുവില്‍ മായാവതി പ്രശ്‌നത്തിലടക്കം കുര്യന്‍ കാണിച്ച ഭരണകൂട വിധേയത്വം തോണി മറിഞ്ഞാല്‍ പുറത്ത് കയറാമെന്ന അവസരവാദ നയത്തിനുടമയാണീ കോണ്‍ഗ്രസുകാരനായ ഉപാധ്യക്ഷന്‍ എന്ന് തെളിയിക്കുന്നതായി.

പറഞ്ഞു വരുന്നത് ഇന്ത്യയില്‍ ഫാസിസ്റ്റു പരീക്ഷണങ്ങള്‍ക്ക് മോദിക്ക് കരുത്തുപകരാന്‍ ഏറ്റവും സഹായകരമായ അന്തരീ ക്ഷമൊരുക്കുന്നതില്‍ ഇവിടുത്തെ ഇടതുപക്ഷേതര പാര്‍ട്ടികളില്‍ നിന്നെല്ലാം പരോക്ഷമായ സഹായങ്ങള്‍ ലഭിച്ചു എന്ന വസ്തുത മറക്കാനാവില്ലെന്നതാണ്. ഫാസിസത്തിനെതിരെയുള്ള വിശാല ഐക്യം എന്നതൊക്കെ ഇന്ത്യന്‍ പ്രതിപക്ഷത്തിന്റെ കേവലം വായ്ത്താരികളില്‍ ഒതുങ്ങുന്ന വെറും ജല്‍പ്പനങ്ങള്‍ മാത്രമായി അവശേഷിക്കുമെന്ന് കരുതാനേ തരമുള്ളൂ. അതുപോലെ“”ഇവിടെ ബി ജെ പിക്ക് പഠിക്കാത്തവര്‍ ആരുണ്ട്” എന്ന ചോദ്യം ഉയര്‍ന്നു വരാന്‍ ഇടയായ ഒരു സാഹചര്യവും സൃഷ്ടിക്കാന്‍ രാംനാഥ് കോവിന്ദിന്റെ വിജയത്തിനായി.

ഫാസിസ്റ്റ് വിരുദ്ധതക്കെതിരെയുള്ള ഫലപ്രദമായ മാര്‍ഗമൊക്കെ ഫാസിസം ഉല്‍പ്പാദിപ്പിക്കുന്ന അതിന്റെ ഇരകളില്‍ നിന്നും സ്വഭാവികമായും ഉയര്‍ന്നു വരുന്ന പ്രതിഷേധങ്ങളില്‍ നിന്നും ഉരുത്തിരിയുമെന്നു മാത്രം പ്രതീക്ഷിക്കുന്നതാകും ഉചിതം. അതാണിപ്പോള്‍ കലുഷിതമായ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യം നല്‍കുന്ന സൂചനകള്‍.

Latest