മായാവതിയുടെ രാജി പ്രഖ്യാപനം

Posted on: July 20, 2017 7:35 am | Last updated: July 20, 2017 at 11:22 am

രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കിയതിലൂടെ ദളിത് താത്പര്യമാണ് ഉയര്‍ത്തിക്കാട്ടുന്നതെന്ന ബി ജെ പിയുടെ അവകാശവാദത്തിന്റെ പൊള്ളത്തരം വെളിപ്പെടുത്തുന്നതാണ് ബി എസ് പി നേതാവ് മായാവതിയുടെ രാജിക്കിടയാക്കിയ രാജ്യസഭയിലെ രംഗ ങ്ങള്‍. ഗോസംരക്ഷണത്തിന്റെ പേരില്‍ ദളിത് വിഭാഗങ്ങള്‍ക്ക് നേരെ നടന്നുവരുന്ന അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്നായിരുന്നു രാജ്യസഭാംഗ ത്വത്തില്‍ നിന്നുള്ള മായാവതിയുടെ രാജി. ദളിതര്‍ക്കെതിരായ അതിക്രമങ്ങളും കര്‍ഷകസമരങ്ങളും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രാവിലെ തന്നെ നോട്ടീസ് നല്‍കുകയും രാജ്യസഭയില്‍ സംസാരിക്കുന്നതിന് മായാവതി അനുമതി തേടുകയും ചെയ്തിരുന്നു. രാജ്യസഭാധ്യക്ഷന്‍ പി ജെ കുര്യന്‍ മൂന്ന് മിനുട്ട് മാത്രമാണ് മായാവതിക്ക് അനുവദിച്ചത്. സംസാരത്തിനിടെ അവര്‍ ഉത്തര്‍പ്രദേശിലെ ദളിത് പീഡനങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയതോടെ ഭരണകക്ഷി അംഗങ്ങള്‍ സംസാരം തടസ്സപ്പെടുത്തി. മൂന്ന് മിനുട്ട് കഴിഞ്ഞതോടെ സംസാരം തുടരാന്‍ കുര്യന്‍ അനുവദിച്ചതുമില്ല. ഭരണപക്ഷം തടസ്സപ്പെടുത്തിയ സംസാരം മുഴുമിപ്പിക്കാന്‍ മായാവതിയെ അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാക്കള്‍ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും അദ്ദേഹം വഴങ്ങിയില്ല. ഇതോടെ രാജ്യസഭാംഗത്വം രാജിവെക്കുമെന്ന് ഭീഷണി മുഴക്കി സഭയില്‍ നിന്നിറങ്ങിപ്പോയ മായാവതി പിന്നീട് രാജി സമര്‍പ്പിക്കുകയായിരുന്നു.
ഷഹാരന്‍പൂര്‍ ജില്ലയിലെ ഷബ്ബിന്‍പൂരില്‍ മേല്‍ജാതിക്കാരായ താക്കൂര്‍മാര്‍ 60 ദളിത്‌വീടുകള്‍ ചുട്ടെരിച്ച സംഭവമുള്‍പ്പെടെ യു പിയില്‍ ദളിതര്‍ അനുഭവിക്കുന്ന അതിക്രമങ്ങളും പീഡനങ്ങളും മായാവതി ചൂണ്ടിക്കാട്ടിയതാണ് ബി ജെ പി അംഗങ്ങളെ അസ്വസ്ഥരാക്കിയത്.താക്കൂര്‍മാര്‍ നടത്തിയ രജപുത്രരാജാവ് റാണാ പ്രതാപ് സ്മരണ റാലിയിലെ ശബ്ദമലിനീകരണത്തിനെതിരെ ദളിതര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് അടുത്തുള്ള സിംലാനാ ഗ്രാമത്തില്‍ നിന്ന് സംഘടിച്ചെത്തിയ 3000ത്തോളം താക്കൂര്‍മാര്‍ ദളിത് ഗ്രാമം അക്രമിക്കുകയാണുണ്ടായത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് താക്കൂര്‍ സമുദായക്കാരനാണ്. ഇതിന്റെ ബലത്തിലാണ് അവര്‍ ദളിതര്‍ക്ക് നേരെ ഭീകരത അഴിച്ചുവിടുന്നതെന്നാണ് മായാവതി ആരോപിക്കുന്നത്. അക്രമികള്‍ക്കെതിരെ യു പി സര്‍ക്കാര്‍ കാര്യമായ നടപടികളൊന്നും സ്വീകരിച്ചുമില്ല. തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ ദളിതര്‍ക്ക് വേണ്ടി കണ്ണീരൊഴുക്കുന്ന ബി ജെ പിയുടെയും അവര്‍ പ്രതിനിധാനം ചെയ്യുന്ന സവര്‍ണ ജാതിക്കാരുടെയും ദളിതരോടുള്ള യഥാര്‍ഥ സമീപനം തുറന്നു കാണിക്കുമ്പോള്‍, അതിനെ പ്രതിരോധിക്കാനുള്ള ആശയ ദാരിദ്ര്യമായിരിക്കണം ഭരണപക്ഷ അംഗങ്ങളെ പ്രസംഗം തടസ്സപ്പെടുത്താന്‍ നിര്‍ബന്ധിതരാക്കിയത്. പ്രതിപക്ഷം അഭിപ്രായപ്പെട്ട പോലെ എതിര്‍സ്വരങ്ങളെ അടിച്ചമര്‍ത്തുകയാണ് ഇതിലൂടെ സര്‍ക്കാറും ബി ജെ പിയും.
ഒമ്പത് മാസമാണ് രാജ്യസഭയില്‍ മായാവതിക്ക് അവശേഷിക്കുന്ന കാലാവധി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് നിയമസഭയില്‍ 19 എം ല്‍ എമാര്‍ മാത്രമുള്ള മായാവതിക്ക് അടുത്ത ഊഴത്തില്‍ രാജ്യസഭയിലേക്ക് തിരിച്ചുവരവ് പ്രയാസമാണ്. ഇത് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ തന്ത്രമാണ് മായാവതിയുടെ രാജിപ്രഖ്യാപനമെന്ന് ബി ജെ പി കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും രാംനാഥിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിത്വം ദളിത്‌പ്രേമമായി ചിത്രീകരിക്കാനുള്ള ബി ജെ പിയുടെ രാഷ്ട്രീയ നീക്കത്തിനിടെ, ദളിതരെ ചൊല്ലിയുള്ള മായാവതിയുടെ രാജിപ്രഖ്യാപനം അവര്‍ക്കും പാര്‍ട്ടിക്കും പുതുശ്വാസം ലഭ്യമാക്കിയേക്കുമെന്നാണ് പ്രതീക്ഷ.

മോദി അധികാരത്തിലേറിയതിന് ശേഷം ദളിതരും മതന്യൂനപക്ഷങ്ങളും സംഘ്പരിവാറിന്റെ കൊടുംക്രൂരതകള്‍ക്കിരയാകുകയാണ്. രോഹിത് വെമുല പ്രശ്‌നം, ഗുജറാത്തില്‍ പശുവിനെ ചൊല്ലി നടക്കുന്ന കൊലകള്‍, ഷഹാരന്‍പൂരില്‍ താക്കൂര്‍മാരുടെ ഗുണ്ടായിസം, രാജസ്ഥാനില്‍ മേല്‍ജാതിക്കാര്‍ ദളിത് കുട്ടികളെ നഗ്നരാക്കി മരത്തില്‍ കെട്ടിയിടുകയും ചൂട്ടുപൊള്ളുന്ന മണലില്‍ കിടത്തുകയും ചെയ്ത സംഭവം, മധ്യപ്രദേശിലെ കോളജില്‍ ദലിത് വിദ്യാര്‍ഥികള്‍ക്ക് ജാതി ബാഗുകള്‍ വിതരണം ചെയ്തത് തുടങ്ങി രാജ്യമെമ്പാടും ദളിതര്‍ അക്രമത്തിനിരയാകുകയാണ്. ഇത് പാര്‍ലിമെന്റില്‍ ചര്‍ച്ചക്കെടുത്താല്‍ മറുപടി പറയാനാകാതെ വെള്ളംകുടിക്കുമെന്ന് അറിയാകുന്നത് കൊണ്ടാണ് ഭരണപക്ഷം ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ അനുവദിക്കാത്തത്. രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങളെക്കുറിച്ചു അപൂര്‍വമായി മാത്രം സംസാരിക്കാറുള്ള പധാനമന്ത്രിയാകട്ടെ, തന്റെ സംസാരങ്ങളിലൊന്നും ദളിത് വിഷയം കടന്നു വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യുന്നു. മായാവതിയുടെ രാജിയില്‍ അവരുടെതായ രാഷ്ട്രീയ അജന്‍ഡകളും അതിജീവന ലക്ഷ്യവുമുണ്ടായിരിക്കാം. എന്നാലും ദളിത് വിഷയത്തില്‍ ഭരണപക്ഷത്തിന്റെ കാപട്യത്തിലേക്ക് പൊതുസമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കാന്‍ രാജിയിലൂടെ അവര്‍ക്കായെന്നാണ് വിലയിരുത്തപ്പെടുന്നത്.