Connect with us

Kerala

എം ബി ബി എസ്, ബി എഡി എസ് ഒന്നാംഘട്ട അലോട്ട്‌മെന്റ് വ്യാഴാഴ്ച

Published

|

Last Updated

തിരുവനന്തപുരം: 2017 ലെ മെഡിക്കല്‍/ അനുബന്ധ കോഴ്‌സുകളിലെ ഒന്നാം ഘട്ട അലോട്ടുമെന്റ് വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. ഒന്നാം ഘട്ടത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍/ ഡെന്റല്‍ കോളജുകളിലേക്ക് ഓപ്ഷന്‍ സമര്‍പ്പിക്കാവുന്നതാണ്. മെഡിക്കല്‍/ അനുബന്ധ കോഴ്‌സുകളിലെ രണ്ടാംഘട്ട അലോട്ട്‌മെന്റ് നടപടിക്രമങ്ങള്‍ ആഗസ്റ്റ് എട്ടിന് ആരംഭിക്കുമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു. രണ്ടാം ഘട്ടത്തില്‍ സ്വാശ്രയ മെഡിക്കല്‍/ ഡെന്റല്‍ കോളജുകളിലെ ന്യൂനപക്ഷ ക്വാട്ട, എന്‍ ആര്‍ ഐ ക്വാട്ട എന്നിവ ഉള്‍പ്പെടെയുള്ള മുഴുവന്‍ എം ബി ബി എസ്/ ബി ഡി എസ് സീറ്റുകളിലും പ്രവേശന പരീക്ഷാ കമ്മീഷണര്‍ അലോട്ടുമെന്റ് നടത്തുന്നതാണ്.

സ്വാശ്രയ മെഡിക്കല്‍/ ഡെന്റല്‍ കോളജുകളിലെ ന്യൂനപക്ഷ ക്വാട്ടാ സീറ്റുകളിലേക്കും എന്‍ ആര്‍ ഐ ക്വാട്ടാ സീറ്റുകളിലേക്കും പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ പ്രസ്തുത കാറ്റഗറിയില്‍പ്പെടുന്നു എന്ന് തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളും മറ്റും രേഖകളും സമര്‍പ്പിക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്ന മുറക്ക് അവ പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. എന്‍ ആര്‍ ഐ ക്വാട്ടയിലേക്ക് അപേക്ഷിക്കുന്നവര്‍ വെബ്‌സൈറ്റില്‍ ലഭ്യമായ ജൂണ്‍ 20ലെ ഓഫീസ് വിജ്ഞാപനം ശ്രദ്ധിക്കേണ്ടതാണ്.
23 ന് വിദ്യാര്‍ഥികളില്‍ നിന്നും ന്യൂനപക്ഷ ക്വാട്ടയുടെയും എന്‍ ആര്‍ ഐ ക്വാട്ടയുടെയും സര്‍ട്ടിഫിക്കറ്റുകള്‍/രേഖകള്‍ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പ്രസിദ്ധീകരിക്കും. 24 മുതല്‍ അടുത്ത മാസം രണ്ട് വരെ ന്യൂനപക്ഷ/ എന്‍ ആര്‍ ഐ ക്വാട്ടാ സീറ്റുകളിലേക്ക് അപേക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍/രേഖകള്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കേണ്ടതാണ്. അടുത്ത മാസം മൂന്നിനും ആറിനും മധ്യേ വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച രേഖകളുടെ സൂക്ഷ്മ പരിശോധന നടത്തും. അടുത്തമാസം ആറിന് ന്യൂനപക്ഷ/ എന്‍ ആര്‍ ഐ ക്വാട്ടാ അപേക്ഷകരുടെ താത്കാലിക ലിസ്റ്റ് പ്രസിദ്ധീകരണവും, ലിസ്റ്റ് സംബന്ധിച്ച പരാതികള്‍ ക്ഷണിക്കലും നടക്കും.

ഏഴിന് സ്വാശ്രയ മെഡിക്കല്‍/ഡെന്റല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് വിജ്ഞാപനം പുറപ്പെടുവിക്കും. എട്ടിന് ഓണ്‍ലൈന്‍ ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ സൗകര്യം സജ്ജമാക്കും. 10 ന് ന്യൂനപക്ഷ/ എന്‍ ആര്‍ ഐ ക്വാട്ടാ അപേക്ഷകരുടെ അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരണം, 16 ന് ഓണ്‍ലൈന്‍ ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ സൗകര്യം അവസാനിക്കും. 18ന് മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ടുമെന്റ് പ്രസിദ്ധീകരിക്കും. അടുത്ത മാസം 19 നും 24 നും മദ്ധ്യേ അലോട്ടുമെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ കോഴ്‌സ്/ കോളജില്‍ പ്രവേശനം നേടണമെന്നും പരീക്ഷാ എന്‍ട്രന്‍സ് കമ്മീഷണര്‍ അറിയിച്ചു.

 

Latest