വനിത കളക്ടറുടെ കൈയില്‍ കടന്നുപിടിച്ച തെലങ്കാന എംഎല്‍എയെ അറസ്റ്റ് ചെയ്തു

Posted on: July 13, 2017 7:20 pm | Last updated: July 14, 2017 at 1:07 pm

ഹൈദരാബാദ്: മഹ്ബൂബാബാദ് ജില്ലാ കളക്ടറായ വനിതാ ഐ.എ.എസ് ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയ കേസില്‍ തെലങ്കാന എംഎല്‍എ ബി. ശങ്കര്‍ നായിക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. മഹബൂബാബാദില്‍ ഇന്നലെ നടന്ന പൊതുപരിപാടിക്കിടെയാണ് എംഎല്‍എ കലക്ടര്‍ പ്രീതി മീണയോടാണ് മോശമായി പെരുമാറുകയും കൈയില്‍ കടന്നുപിടിക്കുകയുംചെയ്തത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുക, സ്ത്രീകളോട് മോശമായി പെരുമാറുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് എംഎല്‍എക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്.

കളക്ടറുടെ പരാതിയെത്തുടര്‍ന്ന് എംഎല്‍എയെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അദ്ദേഹത്തിന്റെ സ്വന്തം ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു. തുടരന്വേഷണം നടക്കുകയാണെന്നും തെളിവ് ശേഖരിക്കുന്നതിനായി സിസിടിവി ദൃശ്യങ്ങളും ചടങ്ങിന്റെ മറ്റ് വീഡിയോകളും ശേഖരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മഹ്ബൂബാബാദ് കളക്ടറോട് നേരിട്ട് മാപ്പ് പറയണമെന്നും അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്നും മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു പറഞ്ഞു.