Connect with us

Articles

അന്ന് എല്ലാം മൊല്ലാക്കയായിരുന്നു

Published

|

Last Updated

ധര്‍മബോധമുള്ള മൂല്യാധിഷ്ടിത ജീവിതം നയിക്കുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുകയാണല്ലോ മദ്‌റസാ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ഇതിന് വിദ്യാര്‍ഥി സൗഹൃദ മദ്‌റസയും ക്ലാസ് മുറികളും പാഠപുസ്തകങ്ങളും ആവശ്യമാണ്. പുറമെ രക്ഷിതാക്കളുടെ തികഞ്ഞ ശ്രദ്ധയും മാനേജ്‌മെന്റിന്റെ ജാഗ്രതയും വേണം. എന്നാല്‍, മാതൃകാ യോഗ്യരായ അധ്യാപകരില്ലെങ്കില്‍ മറ്റൊന്നിന്റെയും ഫലം പ്രകടമാകില്ല.
ഈ ആധുനിക സംവിധാനങ്ങളൊന്നുമില്ലാതിരുന്ന കാലത്ത് തറയിലിരുന്ന് മരപ്പലകയില്‍ ചോക്ക് കൊണ്ടും കരിക്കട്ട കൊണ്ടും എഴുതിപ്പഠിപ്പിച്ച മൊല്ലാക്കമാരുടെ കാലഘട്ടത്തില്‍, വിദ്യാര്‍ഥികളില്‍ പ്രതിഫലിച്ചുകണ്ട മൂല്യബോധം അധ്യാപകന്റെ ജീവിതത്തില്‍ നിന്നും ഒപ്പിയെടുത്തതായിരുന്നു.

അന്ന് വെറുംകൈയോടെ വന്നിരുന്ന കുട്ടികള്‍ക്ക്, പാഠപുസ്തകവും പേനയും മുസ്ഹഫും എല്ലാം മൊല്ലാക്കയായിരുന്നു. അദ്ദേഹത്തിന്റെ നടത്തം, ഇരുത്തം, നോട്ടം, വര്‍ത്തമാനം, അറിവിനോടുള്ള ആദരം, സ്‌നേഹം എല്ലാം കുട്ടികള്‍ പകര്‍ന്നെടുക്കുകയായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് നല്ല സംസ്‌കാര സമ്പന്നരായി അന്നത്തെ കുട്ടികള്‍ വളര്‍ന്നു.
ഇന്ന് പരിശീലനം നേടിയ മികച്ച അധ്യാപകന്മാരുണ്ട്. മനഃശാസ്ത്രപരമായി പെരുമാറാനും നൂതന പഠന രീതികള്‍ സ്വീകരിക്കാനുമെല്ലാം അവര്‍ക്ക് ശേഷിയുണ്ട്. എന്നാള്‍, അക്ഷരങ്ങളിലുടക്കിയുള്ള ഈ പഠനരീതിയിലൂടെ റാങ്കുകള്‍ കൊയ്‌തെടുക്കാനാകുമെങ്കിലും, കുട്ടികള്‍ക്ക് റോള്‍മോഡലുകളാകാന്‍ സാധിക്കുന്നവര്‍ കുറഞ്ഞുവരികയാണ്. ധാര്‍മിക മൂല്യങ്ങളെ ജീവിതത്തിന്റെ എല്ലാ തുറകളിലും ഉയര്‍ത്തിപ്പിടിക്കുന്ന ഒരധ്യാപകന് മാത്രമേ പുതിയ തലമുറയെ നേര്‍വഴിക്ക് നടത്താനാകൂ.
മദ്‌റസകളില്‍ പുതിയ അധ്യയന വര്‍ഷമാരംഭിക്കുകയാണ്. മാനേജ്‌മെന്റുകള്‍ പുതിയ അധ്യാപകരെ തിരയുന്ന സമയവുമാണ്. നൂറ് രൂപ കുറച്ച് ജോലി എല്‍ക്കുന്നയാളെ നിശ്ചയിക്കുന്നതിന് പകരം, കുട്ടികള്‍ക്ക് മാതൃകയാകാന്‍ പര്യാപ്തമായ ഉസ്താദുമാരെ കണ്ടെത്തണം.
അധ്യാപകന്റെ വേഷവും മദ്‌റസ കഴിഞ്ഞ് അദ്ദേഹം ഏര്‍പ്പെടുന്ന തൊഴിലുമെല്ലാം അയാളുടെ ക്വാളിറ്റിയെ അടയാളപ്പെടുത്തും. പരമാവധി പൂര്‍ണസമയത്തും മതരംഗത്ത് പ്രവര്‍ത്തിക്കുന്ന ഉസ്താദുമാരാകുന്നതായിരിക്കും ഉത്തമം.
ഇന്ന് ഗ്രൂപ്പും പാര്‍ട്ടിയും നോക്കി യോഗ്യരെ തഴഞ്ഞ്; പഴുപ്പിച്ചെടുത്ത ചിലരെയാണ് മദ്‌റസാ അധ്യാപകരായി പലരും നിയമിക്കുന്നത്. ഇവര്‍ക്ക് കീഴില്‍ പന്ത്രണ്ടാം ക്ലാസുവരെ പഠിച്ചാലും രണ്ടാംക്ലാസുകാരന്റെ നിലവാരം പോലും നേടിയെടുക്കാനാകില്ല. അധ്യാപകരിലെ മൂല്യശോഷണം പലവിധ പ്രശ്‌നങ്ങളായി വാര്‍ത്തകളാകുന്ന ഇക്കാലത്ത് മാനേജ്‌മെന്റുകള്‍ ജാഗ്രവത്തായ ഉണര്‍വ് കാണിക്കണം.
തുച്ഛമായ ശമ്പളം പറ്റി, നല്ല ശിഷ്യന്മാരാണ് ഏറ്റവും നല്ല സമ്പാദ്യമെന്ന് ചിന്തിച്ച് ത്യാഗസന്നദ്ധരായി പിടിച്ചുനില്‍ക്കുന്ന ഏത്രയോ ഉസ്താദുമാരുണ്ട്. അവരാണ് ഈ കാലത്തും സമൂഹത്തില്‍ ധാര്‍മികതയുടെ തിരിനാളം അണിയാതെ കാത്തുസൂക്ഷിക്കുന്നത്. അത്തരക്കാര്‍ക്ക് അര്‍ഹമായ ആദരവുകള്‍ നല്‍കി സമൂഹത്തില്‍ ഉയര്‍ത്തികാണിക്കുന്നത് മറ്റുള്ളവര്‍ക്കും ഒരു പ്രചോദനമായി മാറും.