യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവം: കാമുകി അറസ്റ്റില്‍

Posted on: June 26, 2017 2:15 pm | Last updated: June 26, 2017 at 2:19 pm

ന്യൂഡല്‍ഹി: വിവാഹത്തിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച കേസില്‍ കാമുകിയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന യുവതിയെ ഇന്നലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഡല്‍ഹിയിലെ മംഗോള്‍പുരിയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. 23കാരിയായ യുവതി 35 കാരനായ കാമുകന്‍ രവിയുടെ ജനനേന്ദ്രിയമാണ് മുറിച്ചത്.
യുവതിയും യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് രവി വിവാഹത്തില്‍ നിന്ന് പിന്മാറി. തുടര്‍ന്ന് യുവതിയുടെ സഹോദരന്റെ ഭാര്യ ഫോണ്‍ ചെയ്തതനുസരിച്ച് രവി അവരുടെ ഫ്‌ളാറ്റിലെത്തി. വിവാഹത്തെച്ചൊല്ലി യുവതിയും രവിയും തമ്മില്‍ വാക്കേറ്റമുണ്ടായി.

പിന്നീട് യുവതി തന്നെ കുളിമുറിയിലേക്ക് തള്ളിയിട്ടെന്നും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്നും രവി പറയുന്നു. എന്നാല്‍, ഇത് നിഷേധിച്ചപ്പോള്‍ അടുക്കളയില്‍ നിന്ന് കറിക്കത്തി കൊണ്ടു വന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. എന്നിട്ടും സമ്മതം മൂളാതായപ്പോള്‍ ക്ഷുഭിതയായ യുവതി ലിംഗം ഛേദിക്കുകയായിരുന്നുവെന്ന് രവി പോലീസിന് കൊടുത്ത മൊഴിയില്‍ പറയുന്നു. ലിംഗം ഛേദിക്കാന്‍ ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.