പനിക്ക് ശമനമില്ല; ഇന്നലെ ചികിത്സ തേടിയത് 10,962 പേര്‍

Posted on: June 26, 2017 1:11 am | Last updated: June 25, 2017 at 10:12 pm

തിരുവനന്തപുരം: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമ്പോഴും സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടരുന്നു. ഇന്നലെ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ 10,962 പേര്‍ ചികിത്സ തേടി. കൊല്ലത്ത് 53 പേര്‍ക്കും പത്തനംതിട്ട രണ്ട് പേര്‍ക്കും ആലപ്പുഴ ഒമ്പത് പേര്‍ക്കും തൃശൂരില്‍ പന്ത്രണ്ട് പേര്‍ക്കും മലപ്പുറത്ത് നാല് പേര്‍ക്കും കോഴിക്കോട് ഒരാള്‍ക്കും കാസര്‍കോട് രണ്ട് പേര്‍ക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പതിനഞ്ചിലധികം പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 2,042 പേരും തൃശൂര്‍ 1,892 പേരും പാലക്കാട് 1,142 പേരും കോഴിക്കോട് 1,137 പേരുമാണ് പനിക്ക് ചികിത്സ തേടിയത്. കോഴിക്കോട് പത്ത് പേര്‍ക്കും കോട്ടയം, മലപ്പുറം ജില്ലകളില്‍ ഒരാള്‍ക്ക് വീതവും എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു. മുപ്പതിനായിരത്തോളം പേര്‍ ദിനംപ്രതി വിവിധ ആശുപത്രികളിലായി ചികിത്സ തേടുന്നതായാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്.

ഈ മാസം പനിബാധിച്ച് മരിച്ചവരുടെ എണ്ണം 93 ആയി. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് ഡെങ്കിപ്പനി ബാധിതര്‍ കൂടുതല്‍.