Connect with us

Gulf

ഖത്വര്‍ ടൂറിസം വിസക്ക് ഓണ്‍ലൈനില്‍ അപേക്ഷിക്കാം

Published

|

Last Updated

ദോഹ: ഖത്വര്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് നേരിട്ട് അപേക്ഷിക്കാന്‍ സാധിക്കുന്ന ടൂറിസ്റ്റ് ഇവിസ പ്ലാറ്റ്‌ഫോം ആഭ്യന്തര മന്ത്രാലയം, ഖത്വര്‍ എയര്‍വെയ്‌സ്, ഖത്വര്‍ ടൂറിസം അതോറിറ്റി എന്നിവ ചേര്‍ന്ന് അവതരിപ്പിച്ചു. പരീക്ഷണാര്‍ഥം www.qatarvisaservice.com എന്ന വിലാസത്തില്‍ ടൂറിസ്റ്റ് വിസക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാം. എന്നാല്‍ ഇതു എല്ലാ രാജ്യക്കാര്‍ക്കും ബാധകമല്ല.

വിസ നടപടികള്‍ എളുപ്പത്തിലാക്കുന്നതാണ് പുതിയ രീതി. നേരത്തേ ടൂറിസ്റ്റ് വിസക്കുള്ള അപേക്ഷകള്‍ ഖത്വര്‍ കേന്ദ്രമായുള്ള അക്രഡിറ്റഡ് ഹോട്ടലുകളോ ടൂര്‍ ഓപറേറ്റര്‍മാര്‍ വഴിയോ ആണ് ലഭ്യമാക്കിയിരുന്നത്. ഇപ്പോള്‍ യാത്രക്കാര്‍ക്ക് നേരിട്ട് അപേക്ഷിക്കാവുന്നതും അപേക്ഷയുടെ സ്റ്റാറ്റസ് ഓണ്‍ലൈന്‍ വഴി ട്രാക്ക് ചെയ്യാനും കഴിയുന്ന സൗകര്യമാണ് അവതരിപ്പിക്കുന്നത്. ടൂറിസ്റ്റ് വിസക്ക് സര്‍വീസ് ചാര്‍ജ് ഉള്‍പ്പെടെ 42 ഡോളറാണ് നിരക്ക്. വിസ കാര്‍ഡോ മാസ്റ്റര്‍ കാര്‍ഡോ ഉപയോഗിച്ച് പണം അടക്കാം. പാസ്‌പോര്‍ട്ട് സ്‌കാന്‍, വ്യക്തിഗത ഫോട്ടോ, വിമാന ടിക്കറ്റിന്റെ സ്‌കാന്‍ കോപ്പി, ഖത്വറി താമസിക്കുന്ന കേന്ദ്രത്തിന്റെ വിലാസം എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
ഖത്വര്‍ എയര്‍വെയ്‌സില്‍ യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവരുടെ ടിക്കറ്റിന്റെ വിശദാംശങ്ങള്‍ ടൂറിസ്റ്റ് വിസക്ക് നേരിട്ട് ലഭ്യമാക്കാവുന്ന സൗകര്യവുമുണ്ട്. അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ 48 മണിക്കൂറിനകം വിവരങ്ങള്‍ അറിയാനാവും. യാത്രക്കാരന്റെ അപേക്ഷ സ്വീകരിച്ചു കഴിഞ്ഞാല്‍ ഇ- വിസ ഇ മെയില്‍ വഴി ലഭ്യമാകും.
കഴിഞ്ഞ വര്‍ഷം നവംബറില്‍ നടപ്പാക്കിയ ചാര്‍ജില്ലാത്ത ട്രാന്‍സിറ്റ് വിസ പദ്ധതിക്ക് ശേഷം പുതിയ ഓണ്‍ലൈന്‍ വിസ സമ്പ്രദായം ഖത്വറില്‍ കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ട്രാന്‍സിറ്റ് വിസ പ്രകാരം അഞ്ച് മണിക്കൂര്‍ മുതല്‍ നാല് ദിവസം വരെ ഖത്വറില്‍ തങ്ങാനാകും.

ഖത്വര്‍ ആഭ്യന്തര മന്ത്രാലയവും ഖത്വര്‍ എയര്‍വേയ്‌സും ഖത്വര്‍ ടൂറിസം അതോറിറ്റിയും കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഒപ്പുവെച്ച കരാര്‍ പ്രകാരമാണ് പുതിയ സമ്പ്രദായം നിലവില്‍ വന്നത്. ഖത്വര്‍ സര്‍ക്കാര്‍ സര്‍വീസുകള്‍ കൂടുതല്‍ ക്രിയാത്മകവും ഗുണകരവുമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ടൂറിസ്റ്റ് വിസ സമ്പ്രദായം നടപ്പിലാക്കുന്നതെന്നും അടുത്ത ഘട്ടത്തില്‍ വിസ പുതുക്കുന്നത് ഉള്‍പ്പെടെയുള്ള കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തുമെന്നും പാസ്‌പോര്‍ട്ട് ആന്‍ഡ് എക്‌സ്പാട്രിയേറ്റ്‌സ് അഫയേഴ്‌സ് വിഭാഗം ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അല്‍ അതീഖ് പറഞ്ഞു.

Latest