ആക്രമിക്കപ്പെട്ട നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി

Posted on: June 23, 2017 12:41 pm | Last updated: June 23, 2017 at 1:34 pm

കൊച്ചി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. ആലുവ പോലീസ് ക്ലബില്‍ വെച്ച്‌  എഡിജിപി ബി സന്ധ്യയാണ് മൊഴിയെടുത്തത്. സംഭവത്തില്‍ സിനിമാ മേഖലയിലെ ചിലര്‍ക്ക് പങ്കുണ്ടെന്ന സൂചനയെ തുടര്‍ന്ന് തുടരന്വേഷണത്തിന്റെ ഭാഗമായാണ് വീണ്ടും നടിയുടെ മൊഴി രേഖപ്പെടുത്തിയത്. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണ സംഘത്തിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചിരുന്നു. ജയിലില്‍ നിന്ന് പ്രതികള്‍ പുറത്തേക്കുവിളിച്ച ഫോണ്‍ കോളുകള്‍ മൂന്ന് മാസമായി പോലീസ് പരിശോധിച്ചിരുന്നു. മാത്രമല്ല, കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി സഹതടവുകാരന്‍ ജിന്‍സനോട് വെളിപ്പെടുത്തിയ വിവരങ്ങളും പോലീസിന് ലഭിച്ചു. നടിയെ ആക്രമിച്ചതിന് പിന്നിലെ ഗൂഢാലോചന സംബന്ധിച്ച കാര്യങ്ങള്‍ പള്‍സര്‍ സുനി ജിന്‍സനോട് വെളിപ്പെടിത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 17ന് രാത്രിയാണ് അങ്കമാലിക്ക് സമീപം നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. ഏപ്രില്‍ 18ന് ഏഴ് പ്രതികള്‍ക്കെതിരെ പോലീസ് കുറ്റപത്രം നല്‍കിയിരുന്നു.