ഓക്‌സിജന്‍ വിതരണം മുടങ്ങി; മധ്യപ്രദേശില്‍ രണ്ട് കുട്ടികളടക്കം 11 മരണം

Posted on: June 23, 2017 12:02 pm | Last updated: June 23, 2017 at 1:32 pm

ഇന്‍ഡോര്‍: ആശുപത്രിയിലെ ഓക്‌സിജന്‍ വിതരണ സംവിധാനം തകരാറിലായി രണ്ട് കുട്ടികളടക്കം 11 പേര്‍ മരിച്ചു. ഇന്‍ഡോറിലെ പ്രശസ്തമായ എംവൈ സര്‍ക്കാര്‍ ആശുപത്രിയിലാണ് ദുരന്തമുണ്ടായത്.

വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കും നാലിനുമിടയില്‍ 15 മിനുറ്റോളമാണ് ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടത്. തകരാര്‍സംഭവിച്ചതിന്റെ കാരണം ദുരൂഹമാണ്. തകരാര്‍ കണ്ടെത്താന്‍ ആശുപത്രി ജീവനക്കാര്‍ക്ക് കഴിയാതിരുന്നതാണ് മരണസംഖ്യ ഉയര്‍ത്തിയത്. വലിയ ആശുപത്രികളില്‍ ഇതുപോലുള്ള മരണങ്ങള്‍ ‘പതിവ്’ ആണെന്നായിരുന്നു അധികൃതരുടെ വിശദീകരണം.

ഓക്‌സിജന്‍ വിതരണത്തില്‍ തടസ്സം ഉണ്ടായിട്ടില്ലെന്നും 1400 കിടക്കകളുള്ള ആശുപത്രിയില്‍ മരണങ്ങള്‍ പതിവാണെന്നും ദിവസവും ശരാശരി 10-20 മരണങ്ങള്‍ ഉണ്ടാകാറുണ്ടെന്നും ഡിവിഷനല്‍ കമ്മിഷണര്‍ സഞ്ജയ് ദുബെ പറഞ്ഞു. ദിവസവും 60-70 രോഗികള്‍ക്കു ആശുപത്രിയിലെ ഓക്‌സിജന്‍ ആവശ്യമായി വരാറുണ്ട്. ഓക്‌സിജന്‍ പൈപ്പില്‍ തടസ്സമുണ്ടായെങ്കില്‍ മറ്റു രോഗികളെയും ബാധിക്കേണ്ടതല്ലേ എന്നും ദുബെ ചോദിച്ചു.