കുല്‍ഭൂഷണ്‍ ജാദവ് സൈനിക മേധാവിക്ക് ദയാഹര്‍ജി നല്‍കിയെന്ന് പാക്കിസ്ഥാന്‍

Posted on: June 22, 2017 9:29 pm | Last updated: June 23, 2017 at 10:25 am

ഇസ്ലാമാബാദ്: ചാരവൃത്തിക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ നാവിക സേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവ് പാക്ക് സൈനിക മേധാവിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചു.

വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്ന അപേക്ഷയുമായി കുല്‍ഭൂഷണ്‍ ജാദവ് സമര്‍പ്പിച്ച ദയാഹര്‍ജി സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയ്ക്കു ലഭിച്ചതായി പാക്ക് സൈനികവൃത്തങ്ങള്‍ വെളിപ്പെടുത്തി.

ചാരവൃത്തിയിലും ഭീകരപ്രവര്‍ത്തനത്തിലും തനിക്കു പങ്കുള്ളതായി ദയാഹര്‍ജിയില്‍ കുല്‍ഭൂഷണ്‍ ജാദവ് ഏറ്റുപറഞ്ഞതായി ഇക്കാര്യം പുറത്തുവിട്ട പാക്ക് സൈന്യത്തിന്റെ മാധ്യമ വിഭാഗം അവകാശപ്പെട്ടു. തന്റെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ വഴി ഒട്ടനവധി പാക്ക് പൗരന്‍മാര്‍ക്ക് ജീവനും സ്വത്തും നഷ്ടമായതില്‍ ജാദവ് ഖേദം പ്രകടിപ്പിച്ചുവെന്നും അവര്‍ പ്രസ്താവനയില്‍ അറിയിച്ചു.

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷയ്‌ക്കെതിരെ ഇന്ത്യ രാജ്യാന്തര നീതിന്യായ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ശിക്ഷ നടപ്പാക്കരുതെന്ന് കോടതി പാക്കിസ്ഥാനോട് നിര്‍ദേശിച്ചിരുന്നു.