രാഷ്ട്രപതിയാകാന്‍

Posted on: June 21, 2017 6:54 am | Last updated: June 20, 2017 at 11:57 pm

രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരം ഉറപ്പായിരിക്കുന്നു. ഭരണപക്ഷം അതിന്റെ സ്ഥാനാര്‍ഥിയെ ഏകപക്ഷീയമായി പ്രഖ്യാപിച്ചു. ഇതോടെ മൂന്ന് മന്ത്രിമാര്‍ ഉള്‍പ്പെടുന്ന സംഘം നടത്തിയ സമവായ ചര്‍ച്ചകള്‍ പ്രഹസനമായിരുന്നുവെന്ന് തെളിയുകയും ചെയ്തു. ബീഹാര്‍ ഗവര്‍ണറും ബി ജെ പിയുടെ കീഴിലുള്ള എസ് സി/ എസ് ടി മോര്‍ച്ചയുടെ നേതാവും പാര്‍ട്ടിയുടെ മുന്‍ വക്താവും പാര്‍ലിന്റ് അംഗമായിരുന്നയാളും അഭിഭാഷകനുമായ കാണ്‍പൂര്‍കാരന്‍ രാംനാഥ് കോവിന്ദാണ് സ്ഥാനാര്‍ഥി. നാടകീയമായാണ് രാംനാഥിന്റെ പേര് പ്രഖ്യാപിച്ചത്. നേരത്തേ പ്രതിപക്ഷ നേതാക്കളെ കണ്ട ബി ജെ പി സംഘം ഒരു പേരും മുന്നോട്ട് വെച്ചിരുന്നില്ല. അത്രയൊന്നും അറിയപ്പെടാത്ത കോവിന്ദ് സ്ഥാനാര്‍ഥിയാകുന്നത് കൃത്യമായ രാഷ്ട്രീയത്തോടെ തന്നെയാണ്. എക്കാലത്തും ആര്‍ എസ് എസ് സഹയാത്രികനായ കോവിന്ദിനെ നാമനിര്‍ദേശം ചെയ്തത് ആര്‍ എസ് എസാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ മധ്യവര്‍ഗത്തെയും അരാഷ്ട്രീയ പൊതുബോധത്തെയും തൃപ്തിപ്പെടുത്തുന്ന ഒരു ബുദ്ധിജീവിയോ ടെക്‌നോക്രാറ്റോ സമവായ സ്ഥാനാര്‍ഥിയായി വരുമെന്ന തോന്നല്‍ സൃഷ്ടിക്കപ്പെട്ടിരുന്നു. അവയൊക്കെ വെറും പ്രചാരണങ്ങള്‍ മാത്രമാണെന്നും ബി ജെ പി സ്വന്തം സ്ഥാനാര്‍ഥിയെ തന്നെയാണ് നിര്‍ത്താന്‍ പോകുന്നതെന്നും ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

രണ്ട് കാര്യങ്ങളിലൂന്നിയാണ് ബി ജെ പി നിലപാടെടുത്തത്. ഒന്ന് കൃത്യമായ രാഷ്ട്രീയമുള്ളയാള്‍ തന്നെയായിരിക്കണം സ്ഥാനാര്‍ഥി. രണ്ട് പ്രതിപക്ഷത്തെ ആശയക്കുഴപ്പത്തിലാക്കാന്‍ പോന്നതായിരിക്കണം. കോവിന്ദിലൂടെ ഇത് രണ്ടും സാധ്യമായിരിക്കുന്നു. ദളിത് കാര്‍ഡ് കളിയിലൂടെ ബി ജെ പി പല ചുവട് മുന്നിലെത്തിയിരിക്കുന്നു. ഗാന്ധിജിയുടെ കൊച്ചുമകന്‍ ഗോപാല്‍ കൃഷ്ണ ഗാന്ധിയാണ് കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്ന പേരെങ്കില്‍ ആ അക്കാദമീഷ്യന് മുമ്പില്‍ ഒരു ദളിതനെ നിര്‍ത്തിയെന്ന മേനി പറയാന്‍ ബി ജെ പിക്ക് സാധിക്കും. സംഘ്പരിവാര്‍ പ്രത്യയശാസ്ത്രപരമായി ദളിത് വിരുദ്ധമാണ്. ചാതുര്‍വര്‍ണ്യ വ്യവസ്ഥ മുന്നോട്ട് വെക്കുന്ന മനുസ്മൃതിയാണ് അവരുടെ ആദര്‍ശ നിയമസംഹിത. യു പിയിലും ഗുജറാത്തിലും ദളിത് സമൂഹം അവര്‍ അനുഭവിക്കുന്ന പീഡനത്തിനെതിരെ വലിയൊരു ഉയിര്‍ത്തെഴുന്നേല്‍പ്പിന് തയ്യാറെടുക്കുകയാണ്. പശുവാദത്തിന്റെ യഥാര്‍ഥ ഇരകള്‍ ദളിത് സമൂഹമാണ്. ഈ ഘട്ടത്തിലാണ് തങ്ങളുടെ സ്വന്തം കീശയിലുള്ള ഒരു ദളിത് നേതാവിനെ പുറത്തെടുത്ത് ബി ജെ പി ഗംഭീര നീക്കം നടത്തിയിരിക്കുന്നത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ നീളുന്ന രാഷ്ട്രീയ നീക്കവും ദളിത്‌വിരുദ്ധതയുടെ കറ മായ്ച്ചു കളയാനുള്ള ചെപ്പടി വിദ്യയുമാണ് ഇത്. പ്രയോഗത്തില്‍ ഇന്ത്യന്‍ രാഷ്ട്രപതി നോമിനല്‍ പദവി മാത്രമാണ്. ക്യാബിനറ്റിന്റെ തലവനായ പ്രധാനമന്ത്രി തന്നെയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. എങ്കിലും രാജ്യത്തിന്റെ പരമോന്നത എക്‌സിക്യൂട്ടീവ് അധികാരി ഈ രാജ്യത്തിന്റെ സ്വഭാവം ഉയര്‍ത്തിപ്പിടിക്കുന്ന ഒരാളാകണം. മുസ്‌ലിംകളും ക്രിസ്ത്യാനികളും രാജ്യത്തിന് അന്യരാണെന്ന് പറയുന്നയാള്‍ ഏതുതരം ദേശീയവാദിയാണ്. ആര്‍ എസ് എസുകാരനെന്താ രാഷ്ട്രപതിയായാല്‍ എന്ന ചോദ്യത്തിനുള്ള ഉത്തരമതാണ്.

പ്രതിപക്ഷം അതിന്റെ കടമ നിര്‍വഹിച്ചോ എന്ന ചോദ്യം ഉറക്കെ ചോദിക്കേണ്ടിയിരിക്കുന്നു. വോട്ട് മൂല്യ കണക്കുകള്‍ വ്യക്തമാക്കുന്നത് എന്‍ ഡി എക്ക് സ്വന്തം സ്ഥാനാര്‍ഥിയെ ജയിപ്പിച്ചെടുക്കാന്‍ സാധിക്കില്ലെന്നാണ്. ഒരു പക്ഷത്തും നില്‍ക്കാത്ത ചെറുകക്ഷികളെ ഒരുമിപ്പിച്ച് നിര്‍ത്തി, രാജ്യത്തിന്റെ ബഹുസ്വരത ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സ്ഥാനാര്‍ഥിയെ മുന്‍നിര്‍ത്തി ഭരണപക്ഷത്തിന് ശക്തമായ അടി കൊടുക്കാനുള്ള അവസരമായിരുന്നു പ്രതിപക്ഷത്തിന് ഇത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഫാസിസ്റ്റ് ശക്തികളെ എതിരിടാനുള്ള വിശാല സഖ്യമായി അത് പരിണമിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള തന്ത്രജ്ഞതയും ആത്മാര്‍ഥതയും പ്രായോഗികതയും ഏകോപനവും പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല എന്നതാണ് യാഥാര്‍ഥ്യം. അതിഭീകരമായ ഫാസിസ്റ്റ് പ്രവണതകള്‍ കാണിക്കുന്ന ഒരു ഭരണപക്ഷം നിലനില്‍ക്കുമ്പോള്‍ അങ്ങേയറ്റത്തെ അലംഭാവവും കഴിവുകേടുമാണ് പ്രതിപക്ഷ നിരയിലെ നേതാക്കള്‍ കാണിച്ചതെന്ന് പറയാതിരിക്കാനാകില്ല. ഇവരില്‍ നിന്ന് രാജ്യം എന്താണ് പ്രതീക്ഷിക്കുക?
ദളിത് അസ്ത്ര പ്രയോഗത്തില്‍ പ്രതിപക്ഷം ആടിയുലഞ്ഞിരിക്കുന്നു. മായാവതി കളം മാറ്റ സൂചന നല്‍കിക്കഴിഞ്ഞു. ടി ആര്‍ എസും ബി ജെ ഡിയും കോവിന്ദിനെ പിന്തുണക്കും. നിതീഷ് കുമാറിന് സ്വാഭാവികമായും ചാഞ്ചാട്ടമുണ്ട്. പ്രതിപക്ഷം നാളെ യോഗം ചേരുമ്പോഴേക്ക് ഭരണപക്ഷം എത്ര ശക്തമാകുമെന്ന് മാത്രമാണ് ഇനി കാണാനുള്ളത്. എന്‍ ഡി എ അജന്‍ഡ നിശ്ചയിച്ചു; പ്രതിപക്ഷത്തിന് അതിന്റെ പിറകേ പോകാതെ തരമില്ലെന്നും അവര്‍ ഒരു ദളിതനെ തന്നെ തേടുന്നുവെന്നും വിലയിരുത്തലുണ്ട്. കൂടുതല്‍ ജനസമ്മതനായ ഒരു സ്ഥാനാര്‍ഥിയെ മുന്നോട്ട് വെച്ച് പോരാട്ടം ശക്തമാക്കുകയും ബദല്‍ രാഷ്ട്രീയം മുന്നോട്ട് വെക്കുകയുമാണ് പ്രതിപക്ഷ നേതാക്കള്‍ ഇപ്പോള്‍ ചെയ്യേണ്ടത്. ഭരണപക്ഷത്തെ തളയ്ക്കാനാകുമെന്ന ആത്മവിശ്വാസം പ്രസരിപ്പിക്കാന്‍ സാധിച്ചാല്‍ കൂടുതല്‍ പിന്തുണ ആര്‍ജിക്കാനാകും.