ഇതരസംസ്ഥാന തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് വര്‍ധിച്ച് വരുന്നു: മനുഷ്യാവകാശ കമ്മീഷന്‍

Posted on: June 20, 2017 10:34 am | Last updated: June 20, 2017 at 10:34 am

കൊച്ചി: ചില സര്‍ക്കാര്‍ ജീവനക്കാരുടെയും ഉദേ്യാഗസ്ഥരുടെയും സഹായത്തോടെ ഇതര സംസ്ഥാന തൊഴിലാളികളെ ചൂഷണം ചെയ്ത് പണമുണ്ടാക്കുന്ന ഇടനിലക്കാരുടെ എണ്ണം വര്‍ധിച്ചു വരികയാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കപ്പല്‍ ബോട്ടിലിടിച്ചതിനെ തുടര്‍ന്ന് മരിച്ച ഇതര സംസ്ഥാന തൊഴിലാളികളുടെ ബന്ധുക്കളെ ഇടനിലക്കാര്‍ ചൂഷണം ചെയ്‌തെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് കമ്മീഷന്‍ ആക്ടിംഗ് അധ്യക്ഷന്‍ പി മോഹനദാസിന്റെ നിരീക്ഷണം.
ജോലി ചെയ്യാന്‍ മടിയുള്ള മലയാളികള്‍ റബര്‍ ടാപ്പിംഗ് മുതല്‍ തേങ്ങയിടുന്നതുവരെയുള്ള ജോലികള്‍ ഇതര സംസ്ഥാനക്കാരെ ഏല്‍പ്പിച്ച ശേഷം അവരെ പിഴിയുന്ന പ്രവണതയാണ് കണ്ടുവരുന്നതെന്ന് കമ്മീഷന്‍ പറഞ്ഞു.
വിദ്യാഭ്യാസം ഉണ്ടെങ്കിലും ഇല്ലെങ്കിലും മലയാളികള്‍ക്ക് ജോലി ചെയ്യാന്‍ മടിയാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. ഇതര സംസ്ഥാന തൊഴിലാളികളെ മുതലെടുത്ത് ജീവിക്കുന്ന മലയാളികളായ ഇടനിലക്കാരെ കുറിച്ച് വിശദമായ അനേ്വഷണം നടത്തി ചീഫ് സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും തൊഴില്‍ വകുപ്പ് കമ്മീഷനറും നാലാഴ്ചക്കകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
നിര്‍മാണ മേഖലയില്‍ തൊഴില്‍ സാധ്യത കുറഞ്ഞ ശേഷം കൊച്ചിയിലെ മത്സ്യബന്ധന മേഖലയിലാണ് അസം, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ എത്തുന്നത്. കൊച്ചി മുതല്‍ ചാവക്കാട് വരെയുള്ള കടപ്പുറങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ അധികവും ഇതര സംസ്ഥാനക്കാരാണ്.

ഇതര സംസ്ഥാനക്കാരായ മത്സ്യബന്ധന തൊഴിലാളികള്‍ക്ക് നീന്തല്‍ വശമില്ലെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ പി കെ രാജു സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
കൊച്ചിയിലെ ഇതര സംസ്ഥാനക്കാര്‍ ബോട്ടിലാണ് ജീവിക്കുന്നത്. ബോട്ട് അപകടത്തില്‍ മരിച്ചവരുടെ മൃതദേഹം നാട്ടിലേക്ക് വിമാനമാര്‍ഗം അയക്കാന്‍ 75,000 രൂപ ഇടനിലക്കാര്‍ ഈടാക്കിയതായി പരാതിയില്‍ പറയുന്നു.
മൃതദേഹം കയറ്റി അയക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കാനും സര്‍ക്കാര്‍ ഉദേ്യാഗസ്ഥരുടെ സഹായത്തോടെ ഇടനിലക്കാര്‍ ആയിരക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയെന്നും പരാതിക്കാരന്‍ ആരോപിച്ചു.