Connect with us

Gulf

ഖത്വര്‍ പ്രതിസന്ധി ലോകകപ്പിന് ഭീഷണിയല്ലെന്ന് ഫിഫ

Published

|

Last Updated

ദോഹ: പുതിയ പ്രതിസന്ധികള്‍ 2022ല്‍ ഖത്വറില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഭീഷണിയല്ലെന്ന് ഫിഫ. ഖത്വറിനോടുള്ള ആത്മവിശ്വാസം ഉറപ്പിച്ചാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ പ്രസ്താവന നടത്തിയത്. ലകകപ്പ് സംഘാടകരുടെ നിലപാട് പൊതുവേ നിരീക്ഷിക്കപ്പെട്ടിരുന്നു.
നയതന്ത്ര പ്രതിസന്ധിയാണ് ഇപ്പോള്‍ ഗള്‍ഫ് മേഖല അഭിമുഖീകരിക്കുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിച്ച് അറബ് മേഖല സാധാരണ നിലയിലേക്ക് മടങ്ങിവരുമെന്ന കാര്യത്തില്‍ ആത്മവിശ്വാസമുണ്ട്. നിലവിലെ സാഹചര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. ഖത്വര്‍ ഭരണകൂടവുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഖത്വറിന്റെ കാര്യത്തില്‍ ആത്മവിശ്വാസമുണ്ട്.
ഖത്വര്‍ ലോകകപ്പിന് അഞ്ച് വര്‍ഷങ്ങള്‍ ഇനിയുമുണ്ട്. നിലവിലെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനായി തങ്ങളുടെ ഭാഗത്തുനിന്നുള്ള സംഭാവന ആവശ്യമെങ്കില്‍ വേണ്ട സഹായം ചെയ്യാനുള്ള സന്നദ്ധതയും ഇന്‍ഫാന്റിനോ അറിയിച്ചു.
പ്രതിസന്ധിക്കിടെ ഇതാദ്യമായാണ് ഫിഫ പ്രസിഡന്റ് ലോകകപ്പുമായി ബന്ധപ്പെട്ട് ആശാവഹമായ പ്രസ്താവന നടത്തിയത്. ഖത്വറുമായി സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഗള്‍ഫ്, അറബ് രാജ്യങ്ങള്‍ നയതന്ത്രബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ ലോകകപ്പ് സംബന്ധിച്ച് ഫുട്‌ബോള്‍ നിരീക്ഷകര്‍ ആശങ്ക ഉന്നയിച്ചിരുന്നു. പ്രതിസന്ധി ആരംഭിച്ചതിന് ശേഷം ലോകകപ്പുമായി ബന്ധപ്പെട്ട് ഫിഫ ഇതുവരെ വ്യക്തമായ അഭിപ്രായം പ്രകടിപ്പിച്ചിരുന്നുമില്ല.
2010ല്‍ ലോകകപ്പിനുള്ള ആതിഥേയത്വം ലഭിച്ചതിനെ തുടര്‍ന്ന് രാഷ്ട്രീയമായി സുരക്ഷിതമായ രാജ്യമായി നിലകൊള്ളുന്നതിന് ഖത്വര്‍ പല നടപടികളും സ്വീകരിച്ചിരുന്നു. ഇത് ഖത്വറിന്റെ ലോകകപ്പല്ലെന്നും ഗള്‍ഫിന്റെയും മിഡില്‍ ഈസ്റ്റിന്റെയും ലോകകപ്പാണെന്നും ദോഹ ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു.