ഖത്വറിൽ സാഹചര്യം മുതലെടുത്ത് കച്ചവടക്കാര്‍ വില കൂട്ടുന്നു

Posted on: June 10, 2017 11:29 pm | Last updated: June 11, 2017 at 3:05 pm

ദോഹ: അമ്പതിനായിരത്തിലധികം ഉത്പന്നങ്ങള്‍ക്ക് സാമ്പത്തിക വാണിജ്യ മന്ത്രാലയം വിലനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും നിലവിലെ സാഹചര്യം മുതലെടുത്ത് കച്ചവടക്കാര്‍ വില വര്‍ധിപ്പിക്കുന്നതായി പരാതിയെന്ന് റിപ്പോര്‍ട്ട്.

റമസാനില്‍ രാജ്യത്തെ ജനങ്ങളുടെ അധിക ചെലവ് കുറക്കാന്‍ ലക്ഷ്യമിട്ടാണ് മന്ത്രാലയം അമ്പതിനായിരത്തിലധികം ഭക്ഷ്യ, ഭക്ഷ്യേതര ഉത്പന്നങ്ങള്‍ക്ക് വിലനിയന്ത്രണം ഏര്‍പ്പെടുത്തുകയും 418 ഉത്പന്നങ്ങള്‍ക്ക് വിലകുറക്കുകയും ചെയ്തത്. എന്നാല്‍ നിലവിലെ പ്രതിസന്ധി മുതലെടുത്ത് ചില വ്യാപാര സ്ഥാപനങ്ങള്‍ ഉത്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുന്നതായി താമസക്കാര്‍ വെളിപ്പെടുത്തി.

അരി, ഗ്രോസറി തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുണ്ടായിരുന്നതിനേക്കാള്‍ 30- 40 ശതമാനത്തിലധികം തുകയാണ് ഇപ്പോള്‍ നല്‍കേണ്ടി വരുന്നതെന്ന് പച്ചക്കറി മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്ന പ്രദേശത്തെ താമസക്കാര്‍ ചൂണ്ടിക്കാട്ടി. 35 കിലോയുടെ ഇന്ത്യന്‍ അരിക്ക് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് 105 റിയാല്‍ ആയിരുന്നത് വ്യാഴാഴ്ച 135 റിയാലാക്കി വര്‍ധിപ്പിച്ചു. മറ്റ് കടകളിലും അരിക്ക് വില വര്‍ധിപ്പിച്ചിട്ടുണ്ട്. മിക്കയിടങ്ങളിലും അരിക്ക് 125നും 135 റിയാലിനും ഇടയിലാണ് വില ഈടാക്കുന്നതെന്നും കമ്പനിയിലെ പര്‍ച്ചേസ് ചുമതല വഹിക്കുന്നയാളും ചൂണ്ടിക്കാട്ടി.

മറ്റ് പ്രദേശങ്ങളിലും അവശ്യ സാധനങ്ങളുടെ വില വര്‍ധിപ്പിച്ചതായാണ് താമസക്കാര്‍ വെളിപ്പെടുത്തുന്നത്. അതേസമയം രാജ്യത്തെ പ്രധാന സൂപ്പര്‍മാര്‍ക്കറ്റുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും മന്ത്രാലയത്തിന്റെ ഉത്തരവുകള്‍ പാലിക്കുന്നുണ്ടെന്നാണ് വിവരം. മറ്റ് ഗ്രോസറി ശാലകളാണ് അമിത വില ഈടാക്കുന്നത്.