രാഷ്ട്രീയ പ്രതിസന്ധിയുടെ ആഴക്കടലില്‍ ഗള്‍ഫ്

എഡിറ്റർ ഇൻ ചാർജ്, സിറാജ്, ഗൾഫ്
Posted on: June 5, 2017 10:10 pm | Last updated: June 5, 2017 at 10:12 pm

മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തത്ര രാഷ്ട്രീയ പ്രതിസന്ധിയാണ് ഗള്‍ഫില്‍ രൂപപ്പെട്ടിരിക്കുന്നത്. 2017 മെയ് 21ല്‍ റിയാദില്‍ നടന്ന യു എസ്-ഇസ്‌ലാമിക ഉച്ചകോടി തീരുമാനത്തെ കാറ്റില്‍ പറത്തിയെന്ന് കുറ്റപ്പെടുത്തി ഖത്വറുമായുള്ള നയതന്ത്രബന്ധം സഊദി അറേബ്യ, യു എ ഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ വിച്ഛേദിച്ചിരിക്കുന്നു. കൂടെ, അറബ് രാജ്യങ്ങളായ ഈജിപ്ത്, യമന്‍ എന്നിവയുമുണ്ട്. മേഖലയില്‍ മലയാളികളടക്കം ലക്ഷക്കണക്കിന് വിദേശികളെയും ഉത്കണ്ഠപ്പെടുത്തുന്ന സംഭവ വികാസങ്ങളാണ് ഉയര്‍ന്നുവന്നിരിക്കുന്നത്.

മുസ്‌ലിം ബ്രദര്‍ഹുഡിനെപ്പോലുള്ള തീവ്രവാദ സംഘടനകള്‍ക്ക് ഖത്വര്‍ ധനസഹായവും സംരക്ഷണവും നല്‍കുന്നുവെന്ന മറ്റു ഗള്‍ഫ് രാജ്യങ്ങളുടെ ആക്ഷേപത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഈജിപ്തില്‍ മുസ്‌ലിം ബ്രദര്‍ഹുഡ് കലാപം നടത്തിയപ്പോള്‍ പ്രശ്‌നം രൂക്ഷമായി. സഊദിയും യു എ ഇയും മറ്റും ഖത്വറിന്റെ മുസ്‌ലിം ബ്രദര്‍ഹുഡിനോടുള്ള മൃദുസമീപനത്തില്‍ ദുഃഖവും ആശങ്കയും പ്രകടിപ്പിച്ചിരുന്നു.
ഏതാനും ദിവസം മുമ്പ്, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സഊദി സന്ദര്‍ശിച്ചപ്പോള്‍ ഖത്വറിലെ അല്‍ ജസീറ ടെലിവിഷന്‍ ചാനല്‍, ഗള്‍ഫ് വിരുദ്ധ നിലപാട് സ്വീകരിച്ചുവെന്ന് കുറ്റപ്പെടുത്തി. ഗള്‍ഫ് മേഖലയ്ക്ക് ഭീഷണിയായ ഇറാനെതിരെ സഊദി ഭരണാധികാരികളുടെ നിലപാടിനെ അല്‍ ജസീറ പരിഹസിച്ചു.

ഇതിന്റെയൊക്കെ തുടര്‍ച്ചയാണ് ഖത്വറുമായി നയതന്ത്ര, വ്യോമ, വാണിജ്യബന്ധം അറുത്തുമുറിക്കാന്‍ യു എ ഇയെ പ്രേരിപ്പിച്ചിരിക്കുന്നത്. 48 മണിക്കൂറിനകം രാജ്യം വിട്ടുപോകാന്‍ ഖത്വര്‍ നയതന്ത്ര പ്രതിനിധികളോട് യു എ ഇ ആവശ്യപ്പെട്ടിട്ടുണ്ട്. യു എ ഇയിലുള്ള ഖത്തറികള്‍ 14 ദിവസത്തിനകം രാജ്യം വിട്ടുപോകണം. ഖത്വര്‍ സന്ദര്‍ശിക്കുന്നതില്‍നിന്ന് യു എ ഇ പൗരന്മാരെ വിലക്കിയിട്ടുണ്ട്. ഒരുപടികൂടി കടന്ന് യു എ ഇ എയര്‍ലൈനറുകളായ ഇത്തിഹാദ്, എമിറേറ്റ്‌സ്, എയര്‍ അറേബ്യ, ഫ്‌ളൈ ദുബൈ എന്നിവ ഖത്വറിലേക്കുള്ള സേവനം നിര്‍ത്തിവെച്ചിരിക്കുന്നു.

സഊദി അറേബ്യ, ഖത്വര്‍ അതിര്‍ത്തി പൂര്‍ണമായും അടച്ചു. കടല്‍, കര, വ്യോമ ബന്ധങ്ങള്‍ അറ്റുപോയി. ”ഭീകരവാദം, തീവ്രവാദം എന്നിവയുടെ അപകടങ്ങളില്‍നിന്ന് ദേശത്തെ സംരക്ഷിക്കാനാണ്” നടപടിയെന്ന് സഊദി അധികൃതര്‍ പറഞ്ഞു.

യമനില്‍ ഹൂത്തി തീവ്രവാദികളെ നേരിടുന്ന സഊദി സഖ്യസേനയില്‍നിന്ന് ഖത്വര്‍ ഉടന്‍ പിന്മാറും. ഇതോടെ, ഖത്വര്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ പ്രത്യേക തുരുത്താകും. വാണിജ്യബന്ധം നിലയ്ക്കുന്നത്, മേഖലയിലെ വിദേശികളെയും വലിയതോതില്‍ ബാധിക്കും. ഖത്വറിലേക്ക് യു എ ഇയില്‍നിന്ന് ഉത്പന്നങ്ങള്‍ ഇടതടവില്ലാതെ പോകുന്നുണ്ട്. പ്രമുഖ മലയാളീ വാണിജ്യ ഗ്രൂപ്പുകള്‍ക്ക് ഇരുരാജ്യങ്ങളിലും ശാഖകളുണ്ട്. അല്‍പം കഴിഞ്ഞാല്‍ ധനവിനിമയ ബന്ധം തടസപ്പെടും. വാണിജ്യാവശ്യങ്ങള്‍ക്കും ഉറ്റവരെ കാണാനും അങ്ങോട്ടുമിങ്ങോട്ടും ധാരാളം പേര്‍ യാത്ര ചെയ്യുന്നു. അതെല്ലാം ഒറ്റയടിക്ക് അവസാനിക്കുകയാണ്.
മേഖലയെ അസ്ഥിരപ്പെടുത്തുന്ന ശക്തികളുമായി ഖത്വര്‍ കൈകോര്‍ക്കുന്നുവെന്നാണ് സഊദിയുടെയും സഖ്യകക്ഷികളുടെയും ആരോപണം. ഇതിനിടയില്‍ കുവൈത്തിന്റെ മധ്യസ്ഥ ശ്രമം വിജയിച്ചില്ല.
ഇസ്‌റാഈല്‍-അറബ് യുദ്ധത്തിന് 50 വയസ് തികഞ്ഞ ദിവസം തന്നെ, ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഐക്യം തകര്‍ന്നത് വലിയ വൈരുധ്യമായി. 1967 ജൂണ്‍ അഞ്ചിനാണ് അറബ് രാജ്യങ്ങള്‍ ഇസ്‌റാഈല്‍ അധിനിവേശത്തിനെതിരെ യുദ്ധം തുടങ്ങിയത്. ആറ് ദിവസം യുദ്ധം നീണ്ടുനിന്നു. അതിന്റെ കെടുതികള്‍ ഇന്നും അവസാനിച്ചിട്ടില്ല.