Connect with us

Editorial

അറവ് നിരോധവും കോടതി നിരീക്ഷണങ്ങളും

Published

|

Last Updated

അറവിനായി കന്നുകാലികളുടെ വില്‍പന നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തോട് വ്യത്യസ്ത വീക്ഷണമാണ് രാജ്യത്തെ കോടതികള്‍ പ്രകടിപ്പിച്ചത്. ഭക്ഷണം മനുഷ്യന്റെ പ്രാഥമികാവകാശമായതിനാല്‍ അതിലിടപെടാന്‍ സര്‍ക്കാറിന് അധികാരമില്ലെന്ന് നിരീക്ഷിച്ച മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ച് കേന്ദ്രവിജ്ഞാപനത്തെ നിശിതമായി വിമര്‍ശിച്ചു. മാംസം കഴിക്കുന്നതും മൃഗങ്ങളുടെ ബലിയും ഇന്ത്യയിലെ പല മതവിഭാഗങ്ങളുടെയും ആചാരങ്ങളുടെ ഭാഗമാണെന്നും കശാപ്പ് ജോലിയുമായി ബന്ധപ്പെട്ട നിരവധി പേരുടെ ഉപജീവന മാര്‍ഗത്തെ കേന്ദ്രതീരുമാനം പ്രതിസന്ധിയിലാക്കുമെന്നുമുള്ള പരാതിക്കാരുടെ വാദത്തെ പിന്തുണച്ച മധുര കോടതി കേന്ദ്ര തീരുമാനം നാലാഴ്ചത്തേക്ക് സ്റ്റേ ചെയ്യുകയുമുണ്ടായി.
എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് കേരള ഘടകം സെക്രട്ടറി ടി എസ് സജി സമര്‍പ്പിച്ച സമാനമായ ഹരജിയില്‍ കേരളാ ഹൈക്കോടതി കേന്ദ്രനടപടിയെ ന്യായീകരിക്കുകയാണുണ്ടായത്. കേന്ദ്ര വിജ്ഞാപനത്തില്‍ മാംസാഹാരം കഴിക്കുന്നതോ കശാപ്പ് ചെയ്യുന്നതോ നിരോധിച്ചിട്ടില്ലെന്നുമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കേരള ഹൈക്കോടതി ബെഞ്ചിന്റെ പക്ഷം. കന്നുകാലി മാംസക്കച്ചവടവുമായി ബന്ധപ്പെട്ട ജോലിയെ ഉത്തരവ് തടയുന്നില്ലെന്ന് അഭിപ്രായപ്പെട്ട കേരള ഹൈക്കോടതി കേന്ദ്ര തീരുമാനത്തിനെതിരെ പ്രതിഷേധിക്കുന്നവരെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. കേന്ദ്ര ഉത്തരവിലെ ചട്ടങ്ങള്‍ വായിച്ചുനോക്കാതെയാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നതെന്നാണ് ഹൈക്കോടതി പറയുന്നത്. ഇതിനുമപ്പുറം വിജ്ഞാപനം സ്‌റ്റേ ചെയ്ത മദ്രാസ് ഹൈക്കോടതി വിധിയില്‍ കോടതി ആശ്ചര്യം രേഖപ്പെടുത്തുകയുമുണ്ടായി.

നിയമങ്ങളുടെ വ്യാഖ്യാനത്തില്‍ ന്യായാധിപന്മാര്‍ക്കിടയില്‍ ഭിന്നത സ്വാഭാവികമാണ്. എന്നാല്‍ കേന്ദ്രവിജ്ഞാപനത്തെക്കുറിച്ചു തങ്ങളുടെ വ്യാഖ്യാനം മാത്രമാണ് ശരിയെന്നും മദ്രാസ് ഹൈക്കോടതിക്കോ കേരള സര്‍ക്കാര്‍ ഉള്‍പ്പെടെ കേന്ദ്രനടപടിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്കോ അത് മനസ്സിലായില്ലെന്നുമുള്ള കേരള ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ അല്‍പം അതിരു കടന്നുപോയില്ലേയെന്ന് നിയമവൃത്തള്‍ തന്നെ സന്ദേഹിക്കുന്നു. കേന്ദ്ര ഉത്തരവിനെതിരെ ദേശീയ തലത്തില്‍ ശക്തമായ പ്രതിഷേധം നടന്നുവരികയാണ്. കശാപ്പ് നിരോധത്തെ അനുകൂലിക്കാത്ത മറ്റു സംസ്ഥാനങ്ങളെ സഹകരിപ്പിച്ചു ശക്തമായ പ്രതിഷേധത്തിനുള്ള തയാറെടുപ്പിലാണ് കേരളം. ബി ജെ പി നേതൃത്വത്തില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മേഘാലയയിലെ ബി ജെ പി നേതാവ് ബെര്‍ണാഡ് മാറക്ക് കേന്ദ്ര തീരമാനത്തില്‍ പ്രതിഷേധിച്ചു പാര്‍ട്ടിയില്‍ നിന്ന് രാജി പ്രഖ്യാപിച്ചു. ഇവരൊക്കെയും കേന്ദ്ര ഉത്തരവ് മനസ്സിലാക്കാതെ വെറുതെ പ്രതിഷേധിക്കുകയാണോ?

മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്നതിനുള്ള 1960 ലെ നിയമത്തെ അടിസ്ഥാനമാക്കി കാലികളെ കാര്‍ഷികാവശ്യത്തിന് മാത്രമേ വില്‍ക്കാനും വാങ്ങാനും പാടുള്ളൂവെന്നും മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കില്ലെന്ന് വാങ്ങുന്നയാള്‍ ഉറപ്പ് നല്‍കണമെന്നും നിഷ്‌കര്‍ഷിച്ചാല്‍ ഫലത്തില്‍ അത് കശാപ്പ് നിരോധം തന്നെയെന്ന് മനസ്സിലാക്കാന്‍ നിയമബിരുദത്തിന്റെ ആവശ്യമുണ്ടോ? കേന്ദ്ര ഉത്തരവിനെതിരെ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയില്‍ ഇവ്വിഷയകമായി സമൂഹത്തില്‍ നടക്കുന്ന പ്രതിഷേധങ്ങളെയും എതിര്‍സ്വരങ്ങളെയും കോടതി കുറ്റപ്പെടുത്തുന്നത് ദുരൂഹവുമാണ്. സര്‍ക്കാറില്‍ നിന്ന് ആശങ്കാജനകമായ നടപടികളുണ്ടാകുമ്പോള്‍ പ്രതിഷേധിക്കാന്‍ ജനങ്ങള്‍ക്കുള്ള അവകാശം ജനാധിപത്യപരമാണ്. അതിലെന്തിനാണ് കോടതി അരിശം കൊള്ളുന്നത്? ചില സന്ദര്‍ഭങ്ങളില്‍ പുറംലോകത്തേക്കും പൊതുസമൂഹത്തിലേക്കും കണ്ണുതുറന്നിരിക്കുന്ന കോടതികള്‍ അനിവാര്യമായ മറ്റു പലതിനും നേരെ കണ്ണടക്കുന്നതായും അനുഭവപ്പെടാറുണ്ട്. ഉത്തരേന്ത്യയില്‍ കാലിവളര്‍ത്തുകാര്‍ക്ക് നേരെ ഗോസംരക്ഷകര്‍ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരതയും കാട്ടാളത്തരവും ദേശീയ തലത്തില്‍ മാത്രമല്ല, അന്താരാഷ്ട്ര തലത്തില്‍ തന്നെ നടുക്കം ഉളവാക്കിക്കൊണ്ടിരിക്കയാണ്. രാജ്യത്തെ ഒരു കോടതിക്കും അത് കണ്ട ഭാവമില്ല. കേട്ടുകേള്‍വികളെയും പക്ഷപാതപരമായ മാധ്യമ വാര്‍ത്തകളെയും അടിസ്ഥാനപ്പെടുത്തി കോടതികള്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുകയും വിധികള്‍ പ്രസ്താവിക്കുകയും ചെയ്യുന്നത് ജുഡീഷ്യറിയെക്കുറിച്ചുള്ള വിശ്വാസ്യതയെ തന്നെ ബാധിക്കും.

മൗലികാവകാശങ്ങളെയും പൊതുധാര്‍മികതയും അടിസ്ഥാനമാക്കിയാണ് കോടതികള്‍ നിരീക്ഷണങ്ങളും വിധിപ്രസ്താവകളും നടത്തേണ്ടത്. എന്നാല്‍, രാജ്യത്ത് വര്‍ഗീയതയും സങ്കുചിത ദേശീയ വികാരങ്ങളും ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന അപകടകരമായ സാഹചര്യത്തില്‍ നീതിപീഠങ്ങളും അതിന് വിധേയമാവുകയാണോ? ജനാധിപത്യത്തിന്റെയും നീതിയുടെയും താത്പര്യങ്ങളെ പ്രകടമായും ഉള്‍കൊള്ളാന്‍ കോടതികള്‍ക്ക് സാധിക്കേണ്ടതുണ്ടെന്ന് മാത്രമല്ല, കോടതികളുടെ തീര്‍പ്പുകള്‍ നിഷ്പക്ഷവും ന്യായവുമാണെന്ന് കക്ഷികള്‍ക്ക് ബോധ്യപ്പെടേണ്ടതുമുണ്ട്.