ഗ്യാസ് ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് ഖത്വര്‍ പെട്രോളിയം പഠനം നടത്തുന്നു

Posted on: June 1, 2017 9:58 pm | Last updated: June 1, 2017 at 9:37 pm

ദോഹ: രാജ്യത്തെ പ്ലാന്റുകളില്‍ നിന്നും ഗ്യാസ് ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ സംബന്ധിച്ച് ഖത്വര്‍ പെട്രോളിയം പഠനം നടത്തുന്നു. നിലവിലുള്ള ലിക്വിഫിക്കേഷന്‍, പ്യൂരിഫിക്കേഷന്‍ സംവിധാനങ്ങളില്‍ ചെലവു കുറഞ്ഞ രീതിയില്‍ മാറ്റം വരുത്തി ഉത്പാദനം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചാണ് പഠിക്കുന്നത്. നോര്‍ത്ത് ഫീല്‍ഡ് പ്രൊജക്ടില്‍ ഉത്പാദനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി ഇന്നലെ വ്യക്തമാക്കി.

ജപ്പാന്‍ കമ്പനിയായ ചിയോഡ കോര്‍പ് ആണ് ഖത്വര്‍ പെട്രോളിയത്തിനു വേണ്ടി പഠനം നടത്തുക. ചിയോഡയുമായി ഇതു സംബന്ധിച്ചുള്ള കരാറില്‍ ഖത്വര്‍ പെട്രോളിയം ഒപ്പു വെച്ചു. ഇപ്പോഴുള്ള ഗ്യാസ് ട്രെയിന്‍സിന്റെ (ലിക്വിഫിക്കേഷന്‍, പ്യൂരിഫിക്കേഷന്‍ സംവിധാനം) കുപ്പിക്കഴുത്ത് രീതികളില്‍ മാറ്റം വരുത്തി ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള ഉപായമാണ് പഠിക്കുക. റാസ്‌ലഫ്ഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റി പ്ലാന്റിലെ ട്രെയിന്‍സിലാണ് പരിഷ്‌കാരം ആലോചിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ പഠനം പൂര്‍ത്തിയാകും. അടുത്ത വര്‍ഷം ആദ്യത്തോടെ പുതിയ രീതിയില്‍ ഉത്പാദനം ആരംഭിക്കാനാണ് ഖത്വര്‍ പെട്രോളിയം പദ്ധതി. കുറഞ്ഞ നിക്ഷേപത്തിലൂടെ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള വഴിയാണ് തേടുന്നതെന്നും അതിന് ജപ്പാന്‍ കമ്പനിയുമായുള്ള കരാര്‍ വഴിയൊരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഖത്വര്‍ പെട്രോളിയം പ്രസിഡന്റ് ശരീദ അല്‍ കഅബി പറഞ്ഞു. പുതിയ വികസന പദ്ധതിയിലൂടെ ഗ്യാസ് ഉത്പാദന രംഗത്ത് ലോകത്തെ മുന്‍നിരയില്‍ തുടരുക എന്ന ഉദ്ദേശ്യവും ഖത്വറിനുണ്ട്. രാജ്യത്തിനകത്തും പുറത്തും ഗ്യാസ് വിതരണം വര്‍ധിപ്പിക്കാന്‍ ഇതുവഴി സാധിക്കും. പുതിയ ഗ്യാസ് പദ്ധതി വികസിപ്പിക്കുന്നതിന് ആസൂത്രണം നടക്കുന്നതായി ഏപ്രിലില്‍ ഖത്വര്‍ പെട്രോളിയം പ്രഖ്യാപിച്ചിരുന്നു. നോര്‍ത്ത് ഫീഡില്‍ഡിന്റെ സതേണ്‍ സെക്ടറിലാണ് പദ്ധതി. പ്രതിദിനം രണ്ടു ബില്യന്‍ ക്യൂബിക് അടി ഗ്യാസ് ഉത്പാദനമാണ് ലക്ഷ്യം.