രാജീവ് ചന്ദ്രശേഖറിന്റെ മായാവാദങ്ങള്‍

മോദി അധികാരത്തില്‍ വന്നതിനുശേഷം രണ്ട് വര്‍ഷക്കാലത്തിനിടയില്‍ അതിസമ്പന്നരായ ഒരു ശതമാനം ഇന്ത്യക്കാര്‍ ദേശീയ സ്വത്തില്‍ തങ്ങളുടെ വിഹിതം 49 ശതമാനം ആയിരുന്നത് 58.4 ശതമാനം ആയി വര്‍ധിപ്പിച്ചു. ഇത് 2000-ല്‍ 36.8 ശതമാനം ആയിരുന്നു. ക്രെഡിറ്റ്‌സ്യൂസെ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തെ ഏറ്റവും അടിത്തട്ടിലുള്ള 70 ശതമാനം ഇന്ത്യക്കാരുടെ കൈവശമുള്ള ആകെ സ്വത്തുവിഹിതം ഇന്ന് ദേശീയ സ്വത്തിന്റെ വെറും ഏഴ് ശതമാനം മാത്രമാണ്! 2010-ല്‍ ഈ 70 ശതമാനം ഇന്ത്യക്കാര്‍ക്ക് ഇന്നുള്ളതിന്റെ ഇരട്ടി, അതായത് 14 ശതമാനം സ്വത്തുണ്ടായിരുന്നുവെന്ന് ഓര്‍ക്കണം.
Posted on: May 31, 2017 10:44 am | Last updated: May 31, 2017 at 10:44 am

‘മൂന്നാം വര്‍ഷവും മുന്നോട്ട്’ എന്ന തലക്കെട്ടില്‍ രാജീവ് ചന്ദ്രശേഖര്‍ കഴിഞ്ഞ ദിവസം ഒരു പത്രത്തിലെഴുതിയ ലേഖനം യാഥാര്‍ഥ്യങ്ങളെ തലകീഴായി അവതരിപ്പിക്കുന്ന കോര്‍പറേറ്റ് ന്യായങ്ങളാണ് എഴുന്നള്ളിക്കുന്നത്. മോദി ഭരണത്തിന്റെ കോര്‍പറേറ്റ് അനുകൂല നയങ്ങളെ രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചക്കും ജനങ്ങള്‍ക്കും വേണ്ടിയുള്ള നടപടികളായി തെറ്റിദ്ധരിപ്പിക്കുകയാണ് ലേഖനത്തിലുടനീളം.

2014-ല്‍ നിന്നും 17-ലേക്ക് എത്തുമ്പോഴേക്കും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാനിരക്ക് ഏഴ് ശതമാനത്തിലേറെയായി എന്ന ബി ജെ പി പ്രചാരകന്മാരുടെ സ്ഥിരം പല്ലവി അദ്ദേഹം ആവര്‍ത്തിക്കുന്നു. എന്താണ് വസ്തുത? മോദി സര്‍ക്കാറിന്റെ അവകാശവാദങ്ങള്‍ എത്ര പൊള്ളയാണെന്ന് വെളിവാക്കുന്നതാണ് 2015 ജനുവരി മുതല്‍ 2017 ജനുവരി വരെയുള്ള കാലത്തെ റിസര്‍വ് ബേങ്ക് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍. കടുത്ത ഉത്പാദനതകര്‍ച്ചയും അപവ്യവസായവത്കരണവും മോദി ഭരണത്തിനുകീഴില്‍ സമ്പദ്ഘടനയുടെ വിട്ടുമാറാത്ത പ്രവണതയായിരിക്കുന്നുവെന്നതാണ് റിസര്‍വ് ബേങ്ക് വിവരങ്ങള്‍ വെളിവാക്കുന്നത്. ഇക്കാലത്തിനിടയില്‍ മൊത്തം ബേങ്ക് വായ്പയില്‍ 0.29 ശതമാനത്തിന്റെ വര്‍ധനവേ ഉണ്ടായിട്ടുള്ളൂ. ഇത് സൂക്ഷ്മ ചെറുകിട ഇടത്തരം വന്‍കിട വ്യവസായങ്ങള്‍ എല്ലാം ഉള്‍പ്പെടുന്നതാണ്.

ഇന്ത്യയില്‍ മാനുഫാക്ചറിംഗ് വളര്‍ച്ചയും തൊഴില്‍ വളര്‍ച്ചയും അങ്ങേയറ്റം പരിമിതമാണെന്നാണ് റിസര്‍വ് ബേങ്ക് റിപ്പോര്‍ട്ട് പ്രതിഫലിപ്പിക്കുന്നത്. ഇതേ കാലയളവിലെ രാജ്യത്തിന്റെ വ്യവസായിക ഉത്പാദന വിവരസൂചിക വെളിപ്പെടുത്തുന്നത്, 189.2 ശതമാനത്തില്‍ നിന്ന് 191.3 ശതമാനത്തിലേക്കുള്ള നാമമാത്രമായ വര്‍ധനവ് മാത്രമാണ്. അതായത് 2.1 ശതമാനത്തിന്റെ വളര്‍ച്ചാ വര്‍ധന മാത്രമാണ് ഉണ്ടായിട്ടുള്ളത്. രാജീവ് ചന്ദ്രശേഖറിനെ പോലുള്ള ബി ജെ പി പ്രചാരകരായ കോര്‍പറേറ്റ് മുതലാളിമാര്‍ വളര്‍ച്ചാനിരക്കിനെക്കുറിച്ച് തെറ്റായ കണക്കുകള്‍ ഉദ്ധരിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ്.

സാമ്പത്തിക ശാസ്ത്രകാര്യങ്ങളില്‍ പ്രാഥമിക പരിജ്ഞാനമുള്ളവര്‍ക്കറിയാം സമ്പദ്ഘടനയിലെ മൊത്ത നിശ്ചിത മൂലധന രൂപവത്കരണം (ജി എഫ് സി. എഫ്) ഇടിയുമ്പോള്‍ ജി ഡി പിയുടെ വളര്‍ച്ച സുസ്ഥിരമായ എട്ട് ശതമാനം ആകാന്‍ ഒരിക്കലും കഴിയില്ലെന്ന്. ജനങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിവില്ലാത്തവരാണെന്ന മനോഭാവത്തില്‍ നിന്നാണ് ജി ഡി പി വളര്‍ച്ചയെക്കുറിച്ച് പൊലിപ്പിച്ച കണക്കുകള്‍ വാരിവിളമ്പുന്നത്. യഥാര്‍ഥത്തില്‍ ജി ഡി പിയുടെ അനുപാതമെന്നനിലയില്‍ ഇത് 2014-15ലെ 30 ശതമാനത്തില്‍ നിന്ന് 2016-17ല്‍ 27 ശതമാനം ആയി ഇടിഞ്ഞിരിക്കുകയാണ്. സമ്പദ്ഘടനയിലെ മൊത്ത നിശ്ചിതമൂലധന രൂപീകരണം 2015-16ലെ 6.11 ശതമാനത്തില്‍ നിന്നും 2016-17ല്‍ 0.57 ശതമാനം ആയി താഴോട്ട് പോയിരിക്കുകയാണ്.

ഇത് കാണിക്കുന്നത് മോദി ഭരണത്തിനു കീഴില്‍ ഇന്ത്യയിലെ ഉത്പാദനത്തിന്റെയും വ്യവസായത്തിന്റെയും വികസനത്തിന്റെയും ഭാവി സാധ്യതകള്‍ അസ്ഥിരവും അനിശ്ചിതവുമായിരിക്കുന്നുവെന്നാണ്. വര്‍ഷത്തില്‍ രണ്ട് കോടി തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്ന മോദി സര്‍ക്കാര്‍ നിരാശാജനകമായ പ്രകടനമാണ് മൂന്ന് വര്‍ഷക്കാലം കാഴ്ചവെച്ചത്. ഉത്പാദനതകര്‍ച്ച തൊഴില്‍രഹിത വളര്‍ച്ചയിലേക്കാണ് ഇന്ത്യയെ തള്ളിവിട്ടിരിക്കുന്നത്. കാര്‍ഷിക പ്രതിസന്ധി രൂക്ഷമായിരിക്കുന്നു. കര്‍ഷക ആത്മഹത്യ 2014-ലെ 26 ശതമാനത്തില്‍ നിന്നും 42 ശതമാനമായി വര്‍ധിച്ചിരിക്കുന്നു. കര്‍ഷകര്‍ക്ക് ഉത്പാദനചെലവിന്റെ ഒന്നര ഇരട്ടി എന്ന നിലയില്‍ താങ്ങുവില വര്‍ധിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്ത മോദി കാര്‍ഷിക ഉത്പന്നങ്ങളുടെ വിലത്തകര്‍ച്ച തടയാന്‍ ഒന്നും ചെയ്യുന്നില്ല. വിലത്തകര്‍ച്ചക്ക് കാരണമായ ഇറക്കുമതി ഉദാരവത്കരണ നയങ്ങള്‍ തീവ്രമാക്കുകയാണ് ചെയ്തിരിക്കുന്നത്. മഴക്കുറവും വരള്‍ച്ചയും കാര്‍ഷിക പ്രതിസന്ധിയെ രൂക്ഷമാക്കിയിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ നൂറ് കണക്കിന് കൃഷിക്കാരുടെ ആത്മഹത്യയെ തുടര്‍ന്ന് പ്രക്ഷുബ്ധ സാഹചര്യമാണ് പാര്‍ലിമെന്റ് പടിക്കലെ സമരത്തിലേക്കുവരെ കാര്യങ്ങളെ എത്തിച്ചത്.

ആഗോളഫൈനാന്‍സ് മൂലധനത്തിന്റെ താത്്പര്യങ്ങള്‍ക്കനുസൃതമായി മോദി സര്‍ക്കാര്‍ തുടരുന്ന നവലിബറല്‍ നയങ്ങള്‍ അസമത്വം തീക്ഷ്ണമാക്കിയിരിക്കുകയാണ്. മോദി അധികാരത്തില്‍ വന്നതിനുശേഷം രണ്ട് വര്‍ഷക്കാലത്തിനിടയില്‍ അതിസമ്പന്നരായ 1 ശതമാനം ഇന്ത്യക്കാര്‍ ദേശീയ സ്വത്തില്‍ തങ്ങളുടെ വിഹിതം 49 ശതമാനം ആയിരുന്നത് 58.4 ശതമാനം ആയി വര്‍ധിപ്പിച്ചു. ഇത് 2000-ല്‍ 36.8 ശതമാനം ആയിരുന്നു. ക്രെഡിറ്റ്‌സ്യൂസെ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തെ ഏറ്റവും അടിത്തട്ടിലുള്ള 70 ശതമാനം ഇന്ത്യക്കാരുടെ കൈവശമുള്ള ആകെ സ്വത്തുവിഹിതം ഇന്ന് ദേശീയ സ്വത്തിന്റെ വെറും 7 ശതമാനം മാത്രമാണ്! 2010-ല്‍ ഈ 70 ശതമാനം ഇന്ത്യക്കാര്‍ക്ക് ഇന്നുള്ളതിന്റെ ഇരട്ടി, അതായത് 14 ശതമാനം സ്വത്തുണ്ടായിരുന്നുവെന്ന് ഓര്‍ക്കണം.

ഇന്ത്യയിലെ കുടുംബചെലവ് സംബന്ധിച്ച ദേശീയ സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ട് അനുസരിച്ച് ധനിക ദരിദ്ര അന്തരം അതിവേഗം വര്‍ധിച്ചുവരികയാണ്. ഇന്ത്യന്‍ കുടുംബങ്ങളുടെ ഏറ്റവും മുകളറ്റത്തെ 10 ശതമാനത്തിന് ഇന്ന് ശരാശരി 1.5 കോടി രൂപയുടെ ആസ്തി കൈവശമുണ്ട്. നമ്മുടെ രാജ്യത്തെ നഗരങ്ങളിലെ ഏറ്റവും താഴെ തട്ടിലുള്ള 10 ശതമാനം കുടുംബങ്ങളില്‍ കൈവശമുള്ള ആസ്തിയുടെ ശരാശരി മൂല്യത്തിന്റെ 50,034 ഇരട്ടിയാണിത്. സമ്പന്നരും ദരിദ്രരും എന്നപോലെ സമ്പന്നരും ഇടത്തരക്കാരും തമ്മിലുള്ള അന്തരവും കുത്തനെ വര്‍ധിച്ചുവരികയാണ്. ഏറ്റവും മുകളറ്റത്തെ 10 ശതമാനത്തിനു താഴെയുള്ള 10 ശതമാനം ആളുകളുടെ കൈവശമുള്ള ശരാശരി ആസ്തി 35 ലക്ഷം രൂപയാണ്. അതേസമയം മുകളറ്റത്തെ 10 ശതമാനത്തിന് 1.5 കോടി രൂപയും. ഈ കണക്കനുസരിച്ച് ഏറ്റവും മുകളറ്റത്തുള്ള 10 ശതമാനം ആളുകളുടെ കൈവശമുള്ള ആസ്തിയേക്കാള്‍ നാലിരട്ടിയിലേറെ കുറവാണ്, അതിന് തൊട്ടുതാഴെയുള്ള ഉയര്‍ന്ന ഇടത്തരക്കാരായ 10 ശതമാനത്തിന്റെ കൈവശമുള്ള ആസ്തി.

ഏറ്റവും മുകളറ്റത്തുള്ള 10 ശതമാനം പേര്‍ ഒഴികെയുള്ള 90 ശതമാനം ഇന്ത്യക്കാരുടെ ശരാശരി ആസ്തി 82 ലക്ഷം രൂപയാണ്. ഏറ്റവും മുകളറ്റത്തുള്ള 10 ശതമാനം പേരുടെ ശരാശരി ആസ്തി 1.5 കോടി രൂപയും. മുകളറ്റത്തുള്ള 10 ശതമാനം ഇന്ത്യക്കാരുടെ ശരാശരി ആസ്തിയുടെ മൂല്യം 90 ശതമാനം വരുന്ന അവശേഷിക്കുന്ന ഇന്ത്യക്കാരുടെ ശരാശരി ആസ്തികളുടെ മൂല്യത്തിന്റെ ഇരട്ടിയോളമാണ്. ഇത് ഭീകരമായ ഒരു ഇന്ത്യന്‍ യാഥാര്‍ഥ്യത്തെയാണ് കാണിക്കുന്നത്. സമ്പന്നരുടെയും ദരിദ്രരുടെയും രണ്ട് ഇന്ത്യകള്‍ സൃഷ്ടിക്കുകയാണ് മോദി ഭരണം ചെയ്തുകൊണ്ടിരിക്കുന്നത്.

ഇന്ത്യയുടെ നാഷനല്‍ സാമ്പിള്‍ സര്‍വെയുടെ ഉപഭോഗ കണക്കുകള്‍ ഈ അസമത്വത്തിന്റെ തീക്ഷ്ണത തന്നെയാണ് വെളിവാക്കുന്നത്. ഇന്ത്യന്‍ നഗരങ്ങളിലെ ഏറ്റവും സമ്പന്നരായ 5ശതമാനത്തിന്റെ പ്രതിമാസ ആളോഹരി ചെലവ് ദരിദ്രരായ 5ശതമാനത്തിന്റേതിനേക്കാള്‍ ഇരട്ടിയോളം അധികമാണ്. ദരിദ്രരുടെ ചെലവുകള്‍ തുച്ഛമാവുകയും സമ്പന്നരുടെ ചെലവുകള്‍ കുത്തനെ കൂടുകയുമാണ്. അസമത്വങ്ങളുടെ വിളഭൂമിയായി നവലിബറല്‍ നയങ്ങള്‍ രാജ്യത്തെ അധഃപതിപ്പിച്ചിരിക്കുന്നുവെന്നാണ് ഈ കണക്കുകളെല്ലാം കാണിക്കുന്നത്.

നോട്ട് നിരോധനവും സമ്പദ്ഘടനയുടെ ഡിജിറ്റല്‍ വത്കരണവും കോര്‍പറേറ്റ് മൂലധനതാത്്പര്യങ്ങള്‍ക്കാവശ്യമായ പൊതുമേഖലാ ബാങ്കുകളുടെ പുനര്‍മൂലധന (റീക്യാപ്പിറ്റലൈസേഷന്‍) വത്കരണ താത്പര്യങ്ങളുമായി ബന്ധപ്പെട്ടതാണ്. നോട്ടുനിരോധനത്തിന് കാരണമായി പറഞ്ഞ കള്ളപ്പണം കണ്ടെത്തുന്നതില്‍ ഒരടിപോലും മുന്നോട്ടുവെക്കാന്‍ മൂന്ന് വര്‍ഷക്കാലം കൊണ്ട് സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. ബേങ്കുകളുടെ കിട്ടാക്കടം എഴുതിത്തള്ളാനാവശ്യമായ റീക്യാപ്പിറ്റലൈസേഷനും ധനപരമായ സ്ഥിരതയുണ്ടാക്കാനുമാണ് മോദി സര്‍ക്കാര്‍ കറന്‍സികള്‍ നിരോധിച്ചത്. ഇതിന്റെ ആനുകൂല്യം പറ്റുന്ന കോര്‍പറേറ്റ് മുതലാളിത്തത്തിന്റെ സ്തുതിവചനങ്ങള്‍ മാത്രമാണ് രാജീവ് ചന്ദ്രശേഖറിന്റെ ലേഖനത്തിലുള്ളത്.

2012-ല്‍ താന്‍ പാര്‍ലിമെന്റില്‍ ഉന്നയിച്ച നിഷ്‌ക്രിയ ആസ്തികള്‍ കൂടുന്നത് പരിഹരിക്കാന്‍ ബേങ്കിംഗ് മേഖലകളിലെ നടപടികളെക്കുറിച്ച് വലിയ അവകാശവാദം രാജീവ് ചന്ദ്രശേഖര്‍ ലേഖനത്തിലൂടെ ഉന്നയിക്കുന്നുണ്ട്. കിട്ടാക്കടം പിരിച്ചെടുക്കാതെ അത് എഴുതിത്തള്ളാനുള്ള നടപടികളാണ് മോദിയും അരുണ്‍ജെയ്റ്റ്‌ലിയും സ്വീകരിച്ചത്. രാജീവ് ചന്ദ്രശേഖരന്മാര്‍ സാമ്പത്തിക മുന്നേറ്റത്തിന് തടസ്സമായി കാണുന്നത് സ്വാശ്രയത്വത്തിലും പരമാധികാരത്തിലും ഊന്നിനില്‍ക്കുന്ന നയങ്ങളെയും നിയമങ്ങളെയുമാണ്. അതിനെയെല്ലാം പൊളിച്ചുമാറ്റുന്ന ഉദാരവത്കരണ നയങ്ങളുടെ ഗുണഭോക്താക്കളാണ് ആഗോള മൂലധനശക്തികളും ഇന്ത്യന്‍ കോര്‍പറേറ്റുകളും. മോദി ഭരണം കോര്‍പറേറ്റുകള്‍ക്കുവേണ്ടിയുള്ള കോര്‍പറേറ്റ് മൂലധനശക്തികളാല്‍ നിയന്ത്രിക്കപ്പെടുകയും നയിക്കപ്പെടുകയും ചെയ്യുന്ന ഭരണമാണ്. രാജീവ് ചന്ദ്രശേഖരന്മാരെ പോലുള്ള ചെറുതും വലുതുമായ കോര്‍പറേറ്റ് ഭീമന്മാരുടെ ഭരണം.