Connect with us

Kerala

റമസാനില്‍ മുപ്പത് ദിന കര്‍മപദ്ധതികളുമായി മര്‍കസ്

Published

|

Last Updated

കാരന്തൂര്‍: വിശുദ്ധ റമസാനിലെ മുപ്പത് ദിവസവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മര്‍കസ് കര്‍മ പദ്ധതികള്‍ നടപ്പാക്കും. ഇന്ത്യയിലെ ഇരുപത് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ഇഫ്താര്‍ സംഗമങ്ങളും റമസാന്‍ സന്ദേശ പ്രഭാഷണങ്ങളും നടക്കും.

മര്‍കസ് ക്യാമ്പസില്‍ നടന്ന റമസാന്‍ കാമ്പയിന്‍ മര്‍കസ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. വിശുദ്ധിയുടെയും ആരാധനയുടെയും മാസമായ റമസംാന്‍ ദൈവികഭക്തിയിലായി വിശ്വാസികള്‍ ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.

മര്‍കസ് മെയിന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന റമസാന്‍ പ്രഭാഷണ പരമ്പര ഇന്ന് കാലത്ത് ഒന്‍പത് മണിക്ക് ആരംഭിക്കും. മര്‍കസ് വൈസ് ചാന്‍സിലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്യും. ശുക്കൂര്‍ സഖാഫി വെണ്ണക്കോട് പ്രഭാഷണം നടത്തും. എ സി കോയ മുസ്‌ലിയാര്‍ അധ്യക്ഷ വഹിക്കും. തുടര്‍ന്ന് ജൂണ്‍ 3, 4, 10, 11, 17, 18, 20 തിയ്യതികളില്‍ നടക്കുന്ന പ്രഭാഷണങ്ങള്‍ക്ക് യഥാക്രമം സയ്യിദ് ജസീല്‍ ഇര്‍ഫാനി കാമില്‍ സഖാഫി, സമദ് സഖാഫി മായനാട്, വി.എം റശീദ് സഖാഫി മങ്ങാട്, അലവി സഖാഫി കായലം, മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ പെരുമറ്റം, അബ്ദുല്ല സഖാഫി മലയമ്മ, റഹ്മത്തുല്ല സഖാഫി എളമരം നേതൃത്വം നല്‍കും. സമാപനദിവസം മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും.
ജൂണ്‍ 3 നടക്കുന്ന അഹ്ദലിയ്യ ദിക്‌റ് ഹല്‍ഖക്കും മഹഌറത്തുല്‍ ബദ്‌രിയ്യ പാരായണത്തിനും പ്രമുഖ സാദാത്തീങ്ങളും പണ്ഡിതന്മാരും നേതൃത്വം നല്‍കും. റമസാന്‍ പതിനാറിന് ബദര്‍ അനുസ്മരണവും മൗലിദ് പാരായണവും നടക്കും.
റമസാന്‍ ഇരുപത്തഞ്ചാം രാവില്‍ നടക്കുന്ന മര്‍കസ് പ്രാര്‍ഥനാ സമ്മേളനത്തിന് സംസ്ഥാനത്തിന് അകത്തും പുറത്തു നിന്നുമായി പതിനായിരങ്ങള്‍ പങ്കെടുക്കും. പ്രാര്‍ഥനാ സംഗമത്തിന്റെ ഭാഗമായി ഇഹ്തികാഫ് ജല്‍സയും ഖത്മുല്‍ ഖുര്‍ആനും തൗബ, ദുആ സംഗമവും നടക്കും. മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.

എല്ലാ ദിവസവും ആയിരം പേര്‍ക്ക് നോമ്പ്തുറ നടക്കും. അസര്‍ നിസ്‌കാരാനന്തരം ഖുര്‍ആന്‍ പാരായണ – ഹദീസ് പഠന ക്ലാസും നടക്കും. അബൂബക്കര്‍ സഖാഫി വെണ്ണക്കോട്, ശുകൂര്‍ സഖാഫി, മുഹമ്മദ് ബഷീര്‍ സഖാഫി എ ആര്‍ നഗര്‍, ഹനീഫ് സഖാഫി ആനമങ്ങാട് നേതൃത്വം നല്‍കും.

Latest