Connect with us

Kerala

ജലസംരക്ഷണത്തിന് നൂതനപദ്ധതി കുടുംബശ്രീയുടെ റെയിന്‍ ആര്‍മി വരുന്നു

Published

|

Last Updated

ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗാമയി കിണര്‍ റീച്ചാര്‍ജിംഗ് സംവിധാനമൊരുക്കാനായി കുടുംബശ്രീയുടെ റെയിന്‍ ആര്‍മി വരുന്നു. കുടുംബശ്രീ അംഗങ്ങാളായ വനിതകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരെ പരിശീലിപ്പിച്ചാണ് റെയിന്‍ ആര്‍മിക്ക് രൂപം നല്‍കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. കിണര്‍ റീച്ചാര്‍ജിംഗ് ആവശ്യമായ വീടുകളിലെത്തി റീച്ചാര്‍ജിംഗ് യൂനിറ്റ് നിര്‍മിച്ചുകൊടുക്കുകയാണ് റെയിന്‍ ആര്‍മിയുടെ പ്രധാന ദൗത്യം. ഓരോ ഗ്രാമ പഞ്ചായത്തില്‍ നിന്നും 10 വീതം പേരെയാണ് പ്രത്യേക പരിശീലനം നല്‍കി ഇതിനായി നിയോഗിക്കുക. ആദ്യഘട്ടമായി ഒരോ പഞ്ചായത്തിലെയും അഞ്ച് പേര്‍ക്ക് തലത്തില്‍ പരിശീലനം നല്‍കും. ഐ ആര്‍ ടി സിക്കാണ് പരിശീലനത്തിന്റെ ചുമതല.ആദ്യ ഘട്ടത്തില്‍ ജില്ലയില്‍ 375 പേരെ പരിശീലിപ്പിച്ച് കര്‍മപഥത്തിലിറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കുടുംബശ്രീ മിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ഡോ. എം സുര്‍ജിത് പറഞ്ഞു. കുടുംബശ്രീ അംഗങ്ങള്‍ക്ക് മികച്ച വരുമാന സാധ്യത നല്‍കുന്നതിനൊപ്പം കിണര്‍ റീച്ചാര്‍ജ് രംഗത്ത് വൈദഗ്ധ്യമുള്ളവരുടെ ദൗര്‍ലഭ്യം പരിഹരിക്കാനും പദ്ധതി സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി ഫണ്ടില്‍ നിന്ന് 6,000 രൂപ ഒരു കിണര്‍ റീച്ചാര്‍ജിംഗ് യൂനിറ്റിന് വിനിയോഗിക്കാന്‍ അനുവാദമുണ്ട്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണെങ്കില്‍ 8,000 രൂപയും ഇങ്ങനെ ചെലവഴിക്കാം. ഇതില്‍ അധികം വരുന്ന തുക ഗുണഭോക്തൃ വിഹിതമായി വീട്ടുടമസ്ഥരില്‍ നിന്ന് ഈടാക്കാനാണ് ഉദ്ദേശിക്കുന്നത്. എല്ലാ വീട്ടിലും ഏതെങ്കിലും രീതിയിലുള്ള ഒരു മഴവെള്ള സംഭരണ സംവിധാനം നിര്‍ബന്ധമായി സ്ഥാപിക്കണമെന്ന് തദ്ദേശവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
കെട്ടിട നിര്‍മാണ ചട്ടപ്രകാരം 150 ചതുരശ്ര മീറ്ററിന് മുകളില്‍ വസ്തീര്‍ണമുള്ള വീടുകളില്‍ മഴവെള്ള സംഭരണി നിര്‍ബന്ധമാണ്. എന്നാല്‍ വിദഗ്ധ തൊഴിലാളികളും നിര്‍മാണ സംവിധാനവുമില്ലാത്തതിനാല്‍ തദ്ദേശസ്ഥാപനങ്ങള്‍ കിണര്‍ റീച്ചാര്‍ജ്, മഴവെള്ള സംഭരണി എന്നീ കാര്യങ്ങളില്‍ കാര്‍ക്കശ്യം പുലര്‍ത്താറില്ല. ഹരിത കേരള മിഷന്റെ ഭാഗമായി ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചതോടെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഈ ചട്ടങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ നിര്‍ദേശമുണ്ട്.

ഈ സാഹചര്യത്തിലാണ് കുടുംബശ്രീ മിഷന്‍ റെയിന്‍ ആര്‍മിയെന്ന് പുതിയ ദൗത്യസേനയുമായി രംത്തിറങ്ങുന്നത്. ജൂണ്‍ 15നകം പരിശീലനം പൂര്‍ത്തിയാക്കി ഇവര്‍ പ്രവര്‍ത്തന രംഗത്ത് ഇറങ്ങും.