Connect with us

Editorial

കേന്ദ്രത്തിനെതിരെ ബി എം എസിന്റെ കുറ്റപത്രം

Published

|

Last Updated

മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കി നാലാം വര്‍ഷത്തിലേക്ക് പ്രവേശിച്ച കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാര്‍ വന്‍ വികസന പ്രവര്‍ത്തനങ്ങളാണ് രാജ്യത്ത് നടപ്പാക്കിക്കൊണ്ടിക്കുന്നതെന്നാണ് പാര്‍ട്ടി നേതൃത്വം അവകാശപ്പെടുന്നത്. കഴിഞ്ഞ എഴുപത് വര്‍ഷത്തോളം ഭരിച്ച മറ്റ് സര്‍ക്കാറുകള്‍ക്ക് ചെയ്യാന്‍ കഴിയാത്തത് മൂന്ന് വര്‍ഷം കൊണ്ട് മോദി സര്‍ക്കാര്‍ ചെയ്തുവെന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ പ്രസ്താവിച്ചത്. മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി സര്‍ക്കാര്‍ നടപ്പാക്കിയെന്നവകാശപ്പെടുന്ന ജനക്ഷേമ പദ്ധതികളുടെ പ്രദര്‍ശനവും പുതിയ പദ്ധതികളുടെ പ്രഖ്യാപനവുമായി രാജ്യത്തുടനീളം മോദി ഫെസ്റ്റ് (മേക്കിംഗ് ഓഫ് ഡവലപ്‌മെന്റ് ഫെസ്റ്റിവല്‍) സംഘടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം അസാമിലെ സദിയയില്‍ ഉദ്ഘാടനം ചെയ്ത ഫെസ്റ്റ് ജൂണ്‍ 15 വരെയായി രാജ്യത്തെ 900 കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കാനാണ് തീരുമാനം.

എന്നാല്‍ മോദി ഭരണത്തില്‍ കാര്‍ഷിക മേഖല വന്‍ തകര്‍ച്ചയിലാണെന്നും ആസൂത്രണ കമ്മീഷന് പകരം സര്‍ക്കാര്‍ രൂപവത്കരിച്ച നീതിആയോഗ് നാശത്തിലേക്കാണ് രാജ്യത്തെ നയിക്കുന്നതെന്നുമാണ് ബി ജെ പിയുടെ തൊഴിലാളി സംഘടനയായ ഭാരതീയ മസ്ദൂര്‍ സംഘ് (ബി എം എസ്) ന്റെ വിലയിരുത്തല്‍. കാണ്‍പൂരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഘടനയുടെ പതിനെട്ടാമത് ദേശീയ സമ്മേളനമാണ് കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ചത്. കാര്‍ഷിക രംഗത്തെ തകര്‍ച്ചയും തുടര്‍ച്ചയായ കര്‍ഷക ആത്മഹത്യയും അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയെ നാണം കെടുത്തിയെന്ന് സമ്മേളനം കുറ്റപ്പെടുത്തുന്നു. വളം സബ്‌സിഡി വന്‍തോതില്‍ വെട്ടിക്കുറച്ചു. ഭക്ഷ്യ സബ്‌സിഡി ഇനിയും കുറക്കാനുള്ള നീക്കത്തിലാണ്. ഇത്തരം നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കുന്ന നീതി ആയോഗിന്റെ തലപ്പത്ത്

അവരോധിക്കപ്പെട്ടവര്‍ യഥാര്‍ഥ ഇന്ത്യയെക്കുറിച്ച് ഒരു വിവരവുമില്ലാത്തവരാണെന്ന് നിരീക്ഷിച്ച ബി എം എസ് നീതി ആയോഗ് ഉടച്ച് വാര്‍ക്കണമെന്നും ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ചു സംഘടന പതിനാലിന കുറ്റപത്രവും കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ട്.
കാര്‍ഷിക, ആസൂത്രണ രംഗങ്ങളില്‍ ഒതുങ്ങുന്നതല്ല മോദി സര്‍ക്കാറിന്റെ അപചയം. സാമ്പത്തിക രംഗം വളരുകയാണെന്ന സര്‍ക്കാര്‍ അവകാശവാദം പൊള്ളയാണെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. സമ്പദ്ഘടനയില്‍ തകര്‍ച്ചയുടെ മൂന്ന് വര്‍ഷങ്ങളാണ് കടന്നു പോയത്. രണ്ടര മാസങ്ങള്‍ കൊണ്ട് പൂര്‍വ സ്ഥിതി പ്രാപിക്കുമെന്നവകാശപ്പെട്ട് നടപ്പാക്കിയ നോട്ട് പിന്‍വലിക്കലിന്റെ ആഘാതത്തില്‍ നിന്ന് ആറ് മാസം പിന്നിട്ടിട്ടും രാജ്യം മോചിതമായിട്ടില്ല. അസംഘടിത തൊഴില്‍ മേഖലയില്‍ ഇത് സൃഷ്ടിച്ച നഷ്ടം വളരെ വലുതാണ്. കറന്‍സിരഹിത ഇടപാടെന്ന പ്രഖ്യാപനവുമായി രാജ്യത്തെ പൗരന്മാരെയെല്ലാം ബേങ്കിടപാടുമായി ബന്ധപ്പെടുത്തിയ സര്‍ക്കാര്‍, ബേങ്കുകളുടെ സര്‍വീസ് ചാര്‍ജ് കൊള്ളക്കെതിരെ വിരലനക്കുന്നില്ല. സ്വഛ് ഭാരത് അഭിയാന്‍, മെയ്ക്ക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയ പദ്ധതികളൊന്നും പ്രതീക്ഷിച്ച നേട്ടം കൈവരിച്ചില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ സമ്മതിക്കുന്നു. നിലവിലെ സാമ്പത്തിക സ്ഥിതി, ഡി ജി പിയിലുണ്ടായ മാറ്റം തുടങ്ങി രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവള പത്രം പുറത്തിറക്കാന്‍ തയ്യാറുണ്ടോ എന്ന് പ്രതിപക്ഷം സര്‍ക്കാറിനെ വെല്ലുവിളിച്ചിരിക്കുകയാണ്.
വര്‍ഗീയതയും അസഹിഷ്ണുതയും ദളിത്പീഡനവും പൂര്‍വോപരി വര്‍ധിച്ചു. മതന്യൂനപക്ഷങ്ങളും വര്‍ഗീയതയെ തുറന്നെതിര്‍ക്കുന്ന സാംസ്‌കാരിക നായകന്മാരും നിരന്തരം ആക്രമണത്തിനിരയായി കൊണ്ടിരിക്കുന്നു. വിദ്വേഷ പ്രസ്താവനകള്‍ നടത്തുന്നതില്‍ സംഘ്പരിവാര്‍ നേതാക്കള്‍ കിടമത്സരത്തിലാണ്. രാജ്യത്തിനകത്ത് മാത്രമല്ല, ആഗോള തലത്തില്‍ തന്നെ ഇതിനെതിരെ പ്രതിഷേധം അലയടിക്കുന്നു. ഇന്ത്യയില്‍ മതസ്വാതന്ത്ര്യം കടുത്ത വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കയാണെന്നും മതന്യൂനപക്ഷങ്ങളായ മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ് വിഭാഗങ്ങള്‍ ഹൈന്ദവ സംഘടനകളില്‍ നിന്ന് ആക്രമണത്തിനും പീഡനത്തിനും ഭീഷണിപ്പെടുത്തലിനും വന്‍ തോതില്‍ വിധേയമാകുന്നതായും അമേരിക്കയിലെ ഇന്റര്‍നാഷനല്‍ റിലീജിയസ് ഫോറത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഭരണ കക്ഷിയുടെ നേതാക്കള്‍ ഇത് തടയാന്‍ മുന്‍കൈയെടുക്കുന്നതിന് പകരം ഹിന്ദുത്വ സംഘടനകളുടെ ചെയ്തികളെ തന്ത്രപരമായി പിന്തുണക്കുകയാണെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നുണ്ട് .

ഹൈന്ദവ പുരാണങ്ങളില്‍ നിന്നുള്ള കെട്ടുകഥകളും, മിത്തുകളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി വിദ്യാഭ്യാസത്തെ വര്‍ഗീയ വത്കരിക്കല്‍, പൊതുഖജനാവില്‍ നിന്ന് ശതകോടികള്‍ ചെലവഴിച്ചുള്ള മോദിയുടെ ഉലകം ചുറ്റല്‍, കശ്മീരിലെയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെയും സൈനിക, പോലീസ് നരനായാട്ടും സ്ത്രീവേട്ടയും, വര്‍ധിതമായ വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍, മതനിരപേക്ഷ മൂല്യങ്ങളുടെ തകര്‍ച്ച, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള ഹിന്ദുത്വ ഫാസിസ്റ്റ് സംഘടനകളുടെ കടന്നുകയറ്റം, ഗോസംരക്ഷണത്തിന്റെ പേരില്‍ വ്യാപകമായ അക്രമങ്ങള്‍, സര്‍ക്കാറിനെ വിമര്‍ശിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് കൂച്ചുവിലങ്ങ്, ഭരണ, നയരൂപവത്കരണത്തില്‍ കോര്‍പറേറ്റുകളുടെ സ്വാധീനം, തൊഴില്‍രഹിതരുടെ വര്‍ധന, പെരുകുന്ന ദാരിദ്ര്യം തുടങ്ങിയവയും മോദി ഭരണത്തിന്റെ ബാക്കിപത്രങ്ങളാണ്. ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ സുരക്ഷാ റിപ്പോര്‍ട്ടില്‍ പറയുന്നത്, ലോകത്ത് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പട്ടിണികിടക്കുന്നത് ഇന്ത്യയിലാണെന്നും 19.4 കോടിയിലധികം വരുന്ന ജനങ്ങള്‍ക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ലെന്നുമാണ്.

---- facebook comment plugin here -----

Latest