കശ്മീരില്‍ നാല് ഭീകരരെ സൈന്യം വധിച്ചു

Posted on: May 27, 2017 8:45 am | Last updated: May 27, 2017 at 12:32 pm

ശ്രീനഗര്‍: കശ്മീരില്‍ നാല് ഭീകരരെ സൈന്യം വധിച്ചു. റാം പൂര്‍ മേഖലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരെയാണ് സൈന്യം വധിച്ചത്. കൂടുതല്‍ പേര്‍ നുഴഞ്ഞു കയറ്റ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് സൈന്യം മേഖലയില്‍ തിരച്ചില്‍ ശക്തമാക്കി. ബി എസ് എഫ്,  ജമ്മു കാശ്മീര്‍ പോലീസ് സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. നുഴഞ്ഞുകയറ്റ ശ്രമം വ്യാപകമായതിനെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി.

ഇന്നലെ പുല്‍വാമയില്‍ സൈന്യത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ത്തിരുന്നു. മൂന്ന് ഭീകരരാണ് വെടിവയ്പ് നടത്തിയതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. വെള്ളിയാഴ്ച രാത്രിയില്‍ ട്രാല്‍ ടൗണ്‍ പരിസരത്ത് പരിശോധന നടത്തുകയായിരുന്ന 42 രാഷ്ട്രീയ റൈഫിള്‍സിലെ പട്രോളിംഗ് സംഘത്തിനു നേര്‍ക്കാണ് അക്രമണമുണ്ടായത്.