Connect with us

Kerala

ജനങ്ങള്‍ എന്ത് തിന്നണമെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കേണ്ട: പിണറായി വിജയന്‍

Published

|

Last Updated

തിരുവനന്തപുരം കന്നുകാലികളെ കൊല്ലുന്നതു നിരോധിച്ചുകൊണ്ടും വില്‍പ്പന നിയന്ത്രിച്ചുകൊണ്ടും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം രാജ്യത്ത് ആര്‍എസ്എസ് അജന്‍ഡ നടപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ മതങ്ങളും വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളുമുള്ള രാജ്യമാണ് ഇന്ത്യ. ബഹുസ്വരതയാണ് നമ്മുടെ ജനാധിപത്യത്തിന്റെ അന്ത:സത്ത. അതിന് വിരുദ്ധമായ നടപടികളാണ് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഉണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ഇതുവരെ പശുവിനെ കൊല്ലുന്നതിന്റെ പേരിലാണ് രാജ്യത്തിന്റെ പലഭാഗത്തും സംഘപരിവാര്‍ അക്രമം അഴിച്ചുവിട്ടത്. എന്നാല്‍ പുതിയ നിരോധന ഉത്തരവ് കാള, പോത്ത്, എരുമ, ഒട്ടകം എന്നീ മൃഗങ്ങള്‍ക്കും ബാധകമാണ്. രാജ്യത്തു കോടിക്കണക്കിനാളുകള്‍ ഭക്ഷ്യാവശ്യത്തിന് ഇത്തരം മൃഗങ്ങളെ കൊല്ലുന്നുണ്ട്. മാംസം ഭക്ഷിക്കുന്നത് ഏതെങ്കിലും പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരല്ല. എല്ലാ മതങ്ങളില്‍ പെട്ടവരും ചരിത്രാതീത കാലം മുതല്‍ മാംസ ഭക്ഷണം കഴിക്കുന്നുണ്ട്. അവയെല്ലാം നിരോധിക്കുക വഴി ജനങ്ങളുടെ ഭക്ഷണം കഴിക്കാനുള്ള അവകാശത്തിന് മേലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കൈ വെച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ പാവങ്ങളുടെയും സാധാരണക്കാരുടെയും പ്രധാന പോഷകാഹാരമാണ് മാംസമെന്നതും കാണേണ്ടതാണ്. അതുകൊണ്ടുതന്നെ, പാവങ്ങള്‍ക്കെതിരായ കടന്നാക്രമണമാണ് ഇത്. ഇത്തരം അപരിഷ്‌കൃതമായ നടപടികള്‍ക്ക് എതിരെ രാജ്യവ്യാപകമായി ജനരോഷം ഉയര്‍ന്നുവരണം. ഇന്ന് കന്നുകാലികള്‍ക്കാണ് നിരോധനമെങ്കില്‍ മത്സ്യം കഴിക്കുന്നതിനും ഭാവിയില്‍ നിരോധനം വരും.

---- facebook comment plugin here -----

Latest