കോടതി ഹാളില്‍ വനിതാ ഡോക്ടറെ ആക്രമിച്ചു

Posted on: May 23, 2017 7:38 am | Last updated: May 23, 2017 at 12:40 am

കോതമംഗലം: കോടതി നടപടികള്‍ നടന്നുകൊണ്ടിരിക്കെ കോടതി ഹാളില്‍ വനിതാ ഡോകടര്‍ക്ക് നേരെ പ്രതിയുടെ ആക്രമണം. മുഖത്ത് അടിയേറ്റ ഡോക്ടറെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോതമംഗലം തൃക്കാരിയൂര്‍ സ്വദേശി കക്കാട്ടുകുഴി രാജു (62) ആണ് വനിതാ ഡോക്ടറെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചത്. കോതമംഗലം താലൂക്ക് ആശുപത്രിയിലെ സീനിയര്‍ ഡോക്ടര്‍ സിനി ഐസക് ഒരു കേസില്‍ മൊഴി പറയാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണം.

ഇന്നലെ രാവിലെ കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയില്‍ വിചാരണക്ക് പോലീസ് അകമ്പടിയോടെ എത്തിച്ച പ്രതി കോടതി നടപടികള്‍ നടക്കുമ്പോള്‍ പ്രതികൂട്ടില്‍ നിന്ന് ഇറങ്ങി വന്ന് വനിതാ ഡോക്ടറുടെ മുഖത്തടിക്കുകയായിരുന്നു. അപ്രതീക്ഷിതആക്രമണത്തില്‍ പകച്ചുപോയ ഡോക്ടറും കോടതിയിലുള്ളവരും പ്രതിയെ പിടിച്ചുമാറ്റാന്‍ കൂടെയുണ്ടായിരുന്ന പോലീസുകാരോട് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് പോലീസുകാര്‍ ഇയാളെ കീഴ്‌പ്പെടുത്തി വിലങ്ങ് വെച്ച് കോടതിക്ക് പുറത്തെത്തിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രിമിച്ചപ്പോള്‍ ഇയാള്‍ അവര്‍ക്ക് നേരെയും അക്രമണത്തിന് മുതിരുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. കോടതി മുറിക്കുള്ളിലുണ്ടായ സംഭവത്തില്‍ രാജുവിനെതിരെ കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ മാസം എട്ടിന് ഇതേ പ്രതി കോതമംഗലം താലൂക്ക് ആശുപത്രിയിലെ മറ്റെരു ഡോക്ടറെ പോലീസിന്റെ സാന്നിധ്യത്തില്‍ മെഡിക്കല്‍ പരിശോധനക്കിടെ മര്‍ദിച്ചിരുന്നു.