Connect with us

International

ഭൗമ ഗവേഷണത്തിന് പുതിയ നാഴികക്കല്ല്; നാസയും ഐ എസ് ആര്‍ ഒയും കൈകോര്‍ക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: ഭൗമ ഗവേഷണത്തിന് പുതിയ നാഴികക്കല്ലായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും ഇന്ത്യയുടെ ഐ എസ് ആര്‍ ഒയും കൈകോര്‍ക്കുന്നു. നാസ ഐ എസ് ആര്‍ ഒ സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ സാറ്റലൈറ്റ് (നിസാര്‍) എന്ന ഉപഗ്രഹമാണ് നാസയും ഐ എസ് ആര്‍ ഒയും സംയുക്തമായി ഉണ്ടാക്കുന്നത്. ലോകത്തിലെ ഏറ്റവും ചെലവേറിയ ഉപഗ്രഹമായി മാറിയേക്കാവുന്ന സാറ്റലൈറ്റിനായി ഇരു രാജ്യങ്ങളും 150 കോടി ഡോളര്‍ വീതം ചെലവിടും.

ഇരു രാജ്യത്തെയും ശാസ്ത്രജ്ഞര്‍ അതീവ താത്പര്യത്തോടെയാണ് ഈ പദ്ധതിയില്‍ ജോലി ചെയ്യുന്നത്. രണ്ട് ഫ്രീക്വന്‍സിയുള്ള റഡാറാണ് ഈ ഉപഗ്രഹത്തിലുണ്ടാകുക. 24 സെന്റീമിറ്റര്‍ എല്‍ ബാന്‍ഡ് ആണ് ആദ്യത്തേത്. 13 സെന്റീമീറ്റര്‍ ഉള്ള എസ് ബാന്‍ഡും. ഇതില്‍ എസ് ബാന്‍ഡ് ഐ എസ് ആര്‍ ഒയും എല്‍ ബാന്‍ഡ് നാസയുമാണ് നിര്‍മിക്കുകയെന്ന് നിസാര്‍ പ്രോജക്ടിലെ ശാസ്ത്രജ്ഞന്‍ പോള്‍ എ റോസണ്‍ പറഞ്ഞു. ഇന്ത്യാ യു എസ് ബന്ധത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്ത് 2021ല്‍ നിസാര്‍ സാറ്റലൈറ്റ് വിക്ഷേപിക്കും. ജി എസ് എല്‍ വിയുടെ ചിറകിലേറി ഇന്ത്യയില്‍ നിന്നായിരിക്കും ഉപഗ്രഹം കുതിക്കുക.

ഭൗമപാളികള്‍, ഹിമപാളികള്‍ എന്നിവയെ കുറിച്ച് പഠിക്കാനും നിരീക്ഷിക്കാന്‍ ഈ ഉപഗ്രഹം ഉപയോഗിക്കും. ഓരോ ആഴ്ചയും ഉപഗ്രഹം പകര്‍ത്തുന്ന ഭൂമിയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ഭൂമിക്കുണ്ടാകുന്ന മാറ്റങ്ങള്‍ വിശകലനം ചെയ്യും. അതുവഴി ഉരുള്‍ പൊട്ടല്‍, ഭൂചലനങ്ങള്‍, അഗ്‌നിപര്‍വത സ്‌ഫോടനങ്ങള്‍, സമുദ്രനിരപ്പിലെ വ്യതിയാനങ്ങള്‍ എന്നിവയെ കുറിച്ച് അറിയാനും മുന്‍ കരുതലെടുക്കാനും സാധിക്കുമെന്നും ശാസ്ത്രജ്ഞര്‍ കണക്ക് കൂട്ടുന്നു.

Latest