കര്‍ണന്റെ ഹരജി സ്വീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി

Posted on: May 19, 2017 7:21 pm | Last updated: May 20, 2017 at 9:26 am

ന്യൂഡല്‍ഹി: കോടതിയലക്ഷ്യകേസില്‍ ആറുമാസം തടവിനു ശിക്ഷിച്ചുകൊണ്ടുള്ള വിധി പുന:പരിശോധിക്കണമെന്ന ജസ്റ്റിസ് കര്‍ണന്റെ ഹരജി നിലനില്‍ക്കുന്നില്ലെന്ന് സുപ്രീം കോടതി. ശിക്ഷ റദ്ദാക്കണമെന്നായിരുന്നു കര്‍ണന്റെ ഹരജി. ഇത് സ്വീകരിക്കാനാവില്ലെന്നാണ് സുപ്രീംകോടതിയുടെ നിലപാട്.. ഇക്കാര്യം കര്‍ണന്റെ അഭിഭാഷകനെ രേഖാമൂലം അറിയിച്ചു.

ജസ്റ്റിസ് കര്‍ണന്റെ പുനഃപരിശോധനാ ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന അപേക്ഷ തള്ളിയ സുപ്രീം കോടതി, നിരന്തരം ഈ വിഷയം ഉന്നയിക്കുന്ന അഭിഭാഷകനോട് ഇനിയും അതിനു മുതിര്‍ന്നാല്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് കര്‍ശന മുന്നറിയിപ്പും നല്‍കിയിരുന്നു.

കോടതിയലക്ഷ്യക്കേസില്‍ സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചാണ് ജസ്റ്റിസ് കര്‍ണനെ ആറു മാസത്തെ തടവിനു ശിക്ഷിച്ചത്. അദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ബംഗാള്‍ പൊലീസിനോട് നിര്‍ദേശിക്കുകയും ചെയ്തു. ഒളിവില്‍പോയ ജസ്റ്റിസ് കര്‍ണനെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.