Connect with us

Kerala

നിലമ്പൂര്‍- നഞ്ചന്‍കോട് റെയില്‍പാത: വയനാട്ടിലും നിലമ്പൂരിലും ഇന്ന് ഹര്‍ത്താല്‍

Published

|

Last Updated

കല്‍പ്പറ്റ/ നിലമ്പൂര്‍: നഞ്ചന്‍കോട്- ബത്തേരി-നിലമ്പൂര്‍ റെയില്‍ പാതയോടുള്ള ഇടത് സര്‍ക്കാറിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് യു ഡി എഫും എന്‍ ഡി എയും ചെയ്ത ഹര്‍ത്താല്‍ വയനാട്ടിലും നിലമ്പൂരിലും പുരോഗമിക്കുന്നു. ഇന്ന് കാലത്ത് ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കല്‍പ്പറ്റയില്‍ സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ഇവിടെ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ട നിലയിലാണ്.

സംസ്ഥാന സര്‍ക്കാര്‍ നഞ്ചന്‍കോട്- വയനാട് റെയില്‍വേക്ക് തുരങ്കം വെക്കുന്നുവെന്ന ആരോപണമാണ് യു ഡി എഫ് ഉയര്‍ത്തുന്നത്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരുമടങ്ങിയ സി പി എമ്മിലെ കണ്ണൂര്‍ വിഭാഗത്തിനും കണ്ണൂരിലെ വ്യവസായ ലോബിക്കും തലശേരി -മാനന്തവാടി -മൈസൂര്‍ പാതയോടാണ് താത്പര്യമെന്നാണ് പൊതുവേയുള്ള ആക്ഷേപം. ഇതിന് ആക്കം കൂട്ടുന്ന നടപടികളാണ് സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നതെന്ന് റെയില്‍വേ ആക്ഷന്‍ കമ്മിറ്റിയും പ്രതിപക്ഷ പാര്‍ട്ടികളും ആരോപിക്കുന്നു. നഞ്ചന്‍കോട്- വയനാട് പാതയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡി പി ആര്‍). തയാറാക്കാനായി മാസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച എട്ടു കോടിയില്‍ ആദ്യഗഡുവായ രണ്ട് കോടി രൂപ നല്‍കാന്‍ ഇതുവരെ തയാറായിട്ടില്ല. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനാ(ഡിഎം ആര്‍ സി)ണ് തുക കൈമാറേണ്ടത്. തുകക്കു വേണ്ടി കാത്തിരുന്ന് മടുത്ത് ഒടുവില്‍ പദ്ധതിയില്‍ നിന്ന് പിന്‍മാറുകയാണെന്നാണ് ഡി എം ആര്‍ സി മുഖ്യ ഉപദേഷ്ടാവ് ഡോ. ഇ ശ്രീധരന്‍ സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചിരുന്നു.

ഇതോടെ നഞ്ചന്‍കോട്- വയനാട് റെയില്‍വേ അവതാളത്തിലായി. നഞ്ചന്‍കോട് -വയനാട് റെയില്‍പാതയുടെ പദ്ധതി പ്രവര്‍ത്തനങ്ങളില്‍നിന്ന് പിന്‍മാറാനാണ് ഡി എം ആര്‍ സിയുടെ തീരുമാനം. ഇക്കാര്യം സൂചിപ്പിച്ച് ഡോ. ഇ ശ്രീധരന്‍ മെയ് രണ്ടിന് സംസ്ഥാന സര്‍ക്കാറിന് കത്തയച്ചു. വയനാട് -നഞ്ചന്‍കോട് പാതയുടെ ഡി പി ആര്‍ തയാറാക്കുന്നതിനായി കോഴിക്കോട്ടും തിരുവനന്തപുരത്തും ആരംഭിച്ച ഓഫീസുകള്‍ ജൂണ്‍ 30നുള്ളില്‍ അടച്ചുപൂട്ടുമെന്നാണ് മുന്നറിയിപ്പ്.