അടുത്ത അഞ്ച് വര്‍ഷത്തിനുളളില്‍ പത്ത് ലക്ഷം കുടിവെള്ള കണക്ഷന്‍

Posted on: May 17, 2017 11:55 pm | Last updated: May 17, 2017 at 11:12 pm

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം കുടിവെള്ള കണക്ഷനുകള്‍ നല്‍കുമെന്ന് മന്ത്രി മാത്യൂ ടി തോമസ് നിയമസഭയെ അറിയിച്ചു. ധനാഭ്യര്‍ഥന ചര്‍ച്ചക്കു മറുപടി നല്‍കുകയായിരുന്നു മന്ത്രി. ഗ്രാമീണ ശുദ്ധജല പദ്ധതിക്കുള്ള കേന്ദ്ര ധനസഹായം മൂന്നിലൊന്നായി കുറഞ്ഞ സാഹചര്യത്തില്‍ കിഫ്ബിയില്‍ നിന്ന് അനുവദിക്കുന്ന 1690 കോടിരൂപ ചെലവിട്ട് ശുദ്ധജല പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ 251 പഞ്ചായത്തുകളിലും 13 മുനിസിപ്പാലിറ്റികളിലും ഇപ്പോള്‍ ശുദ്ധീകരിച്ച വെള്ളമെത്തുന്നില്ല. 42 പുതിയ പദ്ധതികളിലൂടെ 72 പഞ്ചായത്തുകളിലും നാല് മുനിസിപ്പാലിറ്റികളിലും ശുദ്ധജലമെത്തിക്കും. ജലവിഭവ വകുപ്പിന്റെ സാമ്പത്തിക വരുമാനം 2015- 16ല്‍ 478 കോടി രൂപയായിരുന്നത് 2016- 17ല്‍ 545 കോടിയായി വര്‍ധിച്ചു. കഴിഞ്ഞ സാമ്പത്തികവര്‍ഷം 17 പുതിയ കുടിവെള്ള പദ്ധതികള്‍ കമ്മീഷന്‍ ചെയ്‌തെങ്കില്‍ ഇപ്പോള്‍ 70 പുതിയ പദ്ധതികള്‍ കൂടി വകുപ്പ് ആവിഷ്‌കരിക്കുകയാണ്. 89.5 കോടി രൂപ ചെലവിട്ട് നബാര്‍ഡ് ചെയ്യുന്ന ഏഴ് ശുദ്ധജല പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്.

അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരുവനന്തപുരം അരുവിക്കരയിലെ ജല സംഭരണശേഷി വര്‍ധിപ്പിക്കാനും നെയ്യാറില്‍ 120 ദശലക്ഷം ലിറ്റര്‍ പ്രതിദിനം ശുദ്ധീകരിക്കാനുമുള്ള പദ്ധതി ആവിഷ്‌കരിക്കും. എല്ലാ പഞ്ചായത്തുകളിലെയും കുടിവെള്ള ശുദ്ധീകരണ പദ്ധതികള്‍ നടപ്പാക്കാന്‍ 4,000 കോടിരൂപ അധിക ആവശ്യമായി വരും. കടല്‍ജലം ശുദ്ധീകരിക്കാന്‍ ചെലവ് വളരെ കൂടുതലായതിനാല്‍ വിഷയം സര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്. ജലസേചന വകുപ്പിന്റെ നേതൃത്തില്‍ നദികളില്‍ 600 കോടിരൂപ ചെലവിട്ടു തടയണകള്‍ നിര്‍മിച്ചുള്ള ജലസംരക്ഷണ പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.