രക്ത സാമ്പിളുകളില്‍ ഡിഎന്‍എ പരിശോധന സാധ്യമല്ല; ജിഷ്ണു കേസില്‍ തിരിച്ചടി

Posted on: May 13, 2017 11:06 am | Last updated: May 13, 2017 at 3:01 pm

തിരുവനന്തപുരം: ജിഷ്ണു വധക്കേസ് അന്വേഷണത്തില്‍ തിരിച്ചടി. ജിഷ്ണുവിന് മര്‍ദനമേറ്റ പാമ്പാടി നെഹ്‌റു കോളജിലെ ഇടിമുറിയില്‍ നിന്ന് ശേഖരിച്ച രക്ത സാമ്പിളുകള്‍ ഡിഎന്‍എ ടെസ്റ്റിന് അപര്യാപ്തമാണെന്ന് ഫോറന്‍സിക് വിഭാഗം അറിയിച്ചു. ഈ രക്തക്കറയില്‍ നിന്ന് ഡിഎന്‍എ വേര്‍തിരിക്കാനാകില്ലെന്നാണ് ഫോറന്‍സിക് അധികൃതര്‍ അന്വേഷണ സംഘത്തെ അറിയിച്ചിരിക്കുന്നത്.

ഇടിമുറി എന്നറിയപ്പെടുന്ന കോളജിലെ പിആര്‍ഒയുടെ മുറിയില്‍ നിന്ന് ശേഖരിച്ച രക്ത സാമ്പിളുകള്‍ തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്കാണ് അയച്ചിരുന്നത്. ഇവിടെ പരിശോധന നടത്താന്‍ എടുത്തപ്പോഴാണ് മതിയായ അളവില്‍ രക്ത സാമ്പിള്‍ ഇല്ലെന്ന് തിരിച്ചറിയുന്നത്. ഇത് അന്വേഷണത്തിന് ശക്തമായ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.