വീട് ആക്രമണം: എസ് എഫ് ഐ നേതാവ് അറസ്റ്റില്‍

Posted on: May 9, 2017 12:35 pm | Last updated: May 9, 2017 at 12:38 pm

കോട്ടയം: കോട്ടയം കുമ്മനത്ത് വീട് ആക്രമിച്ച കേസില്‍ എസ് എഫ് ഐ നേതാവടക്കം രണ്ട് പേര്‍ പിടിയില്‍. എസ് എഫ് ഐ കോട്ടയം ജില്ലാ സെക്രട്ടറി റിജേഷ് കെ ബാബുവാണ് അറസ്റ്റിലായത്.

ശനിയാഴ്ച രാത്രിയാണ് സംഭവം. വീടിന് മുന്നില്‍ കാറിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് വീടുകയറി ആക്രമിച്ചുവെന്നാണ് കേസ്. റിജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഗൃഹനാഥനെ മര്‍ദിക്കുകയും വീടിന് നേരെ സ്‌ഫോടകവസ്തുക്കള്‍ എറിഞ്ഞുവെന്നുമാണ് കേസ്. ആക്രമണത്തില്‍ വീട്ടിലുണ്ടായിരുന്ന കാറും ബൈക്കും തകര്‍ന്നിരുന്നു.

കേസില്‍ മൂന്ന് പേരെ ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രാവിലെയാണ് എസ് എഫ് ഐ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ രണ്ട് പേരെ അറസ്റ്റ് ചെയ്തത്. കേസില്‍ ഉള്‍പ്പെട്ട പ്രിന്‍സ് ആന്റണി (23), ഇടുക്കി ദേവികുളം സ്വദേശി ജയിന്‍ രാജ് (22), കോട്ടയം കുറിച്ചി സ്വദേശി സിനു സിന്‍ഘോഷ് (23) എന്നിവര്‍ റിമാന്‍ഡിലാണ്. പത്ത് പേരെ കൂടി കേസില്‍ പിടികൂടാനുണ്ട്.