വെനിസ്വേലന്‍ പ്രക്ഷോഭത്തില്‍ മുതല്‍ മുടക്കിയവര്‍

വെനിസ്വേലയെ ആഭ്യന്തര കലാപത്തിലേക്ക് തള്ളിവിട്ട ഇപ്പോഴത്തെ പ്രക്ഷോഭം തികച്ചും സ്വാഭാവികമാണെന്ന് കാണാനാകില്ല. ഷാവേസ് അധികാരമേറ്റ് വെറും രണ്ട് വര്‍ഷം കഴിയുമ്പോള്‍ അന്നത്തെ യു എസ് വിദേശകാര്യ സെക്രട്ടറി കോളിന്‍ പവലിന്റെ തിരക്കഥയില്‍ അട്ടിമറി ശ്രമം നടന്നിരുന്നുവെന്ന് ഓര്‍ക്കണം. അമേരിക്കയുടെ വിദേശനയം രൂപപ്പെടുത്തുന്ന കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍ (സി എഫ് ആര്‍) ആണ് വെനിസ്വേലന്‍ പ്രക്ഷോഭത്തെ നിയന്ത്രിക്കുന്നതെന്ന് വിവിധ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനായി സി എഫ് ആറിന്റെ ലാറ്റിനമേരിക്കന്‍ ഡയറക്ടര്‍ ഷാനണ്‍ കെ ഒനീല്‍ മുന്നോട്ട് വച്ചിട്ടുള്ളത് നാലിന പരിപാടിയാണ്. ആഭ്യന്തര സുരക്ഷ കുത്തഴിഞ്ഞതോടെ പ്രക്ഷോഭത്തിലേക്ക് പുറത്ത് നിന്നുള്ളവര്‍ വ്യാപകമായി നുഴഞ്ഞ് കയറുന്നു. ഫലത്തില്‍, ഷാവേസിന്റെ ഓര്‍മകള്‍ പോലും അവശേഷിക്കാത്ത വിധം സോഷ്യലിസ്റ്റ് പാരമ്പര്യത്തിന്റെ മുഴുവന്‍ ശേഷിപ്പുകളും വെനിസ്വേലയില്‍ നിന്ന് അസ്തമിക്കുകയാണ്. ഈ കൂട്ടക്കുഴപ്പങ്ങളുടെ ഗുണഭോക്താക്കളാകാന്‍ തക്കം പാര്‍ത്തിരിക്കുന്നവരെ മാത്രമേ ഈ അവസ്ഥ സന്തോഷിപ്പിക്കുകയുള്ളൂ.
Posted on: May 7, 2017 10:52 am | Last updated: May 7, 2017 at 10:58 am

അമേരിക്കന്‍ മേധാവിത്വത്തെ സാമ്പത്തികമായി തന്നെ വെല്ലുവിളിച്ചുവെന്നതാണ് ക്യൂബയും വെനിസ്വേലയും അടങ്ങുന്ന ലാറ്റിനമേരിക്കന്‍ ചേരിയുടെ പ്രാധാന്യം. അതില്‍ ക്യൂബ ബരാക് ഒബാമയുടെ നയതന്ത്രത്തിന്റെ വഴിയേ പോകുകയും രാഷ്ട്രീയമായി അമേരിക്കയോട് രാജിയാകുകയും ചെയ്തിരിക്കുന്നു. സാമ്പത്തിക നയത്തിലും പുതിയ കാലത്തിന് ചേരുന്ന നിലപാടുകളിലേക്ക് പതുക്കെ അത് വഴിമാറുന്നുവെന്നാണ് വിലയിരുത്തേണ്ടത്. സാമ്രാജ്യത്വത്തിന്റെ വാക്കുകള്‍ പഞ്ചസാര പുരട്ടിയ വിഷമാണെന്നും കരുതിയിരിക്കണമെന്നുമുള്ള ഫിദല്‍ കാസ്‌ട്രോയുടെ മുന്നറിയിപ്പ് റൗള്‍ കാസ്‌ട്രോ കണക്കിലെടുക്കുന്നുവെങ്കില്‍ ക്യൂബ അതിന്റെ വ്യക്തിത്വം കാത്തു സൂക്ഷിക്കുമായിരിക്കാം. 2000ത്തില്‍ ഹ്യൂഗോ ഷാവേസ് അധികാരത്തില്‍ വന്നതോടെയാണ് വെനിസ്വേല ബൊളിവേറിയന്‍ വിപ്ലവ പാരമ്പര്യത്തിലേക്ക് ഉണര്‍ന്നത്. സൈമണ്‍ ബൊളിവറുടെ നേതൃത്വത്തില്‍ നടന്ന ഉജ്ജ്വലമായ സായുധ പ്രക്ഷോഭം 1810ല്‍ രാജ്യത്തെ സ്പാനിഷ് അധിനിവേശത്തില്‍ നിന്ന് മോചിതമാക്കിയെങ്കിലും പിന്നീട് വന്ന ഭരണകൂടങ്ങളൊന്നും വൈദേശിക സാമ്പത്തിക ശക്തികളില്‍ നിന്ന് രാജ്യത്തെ മോചിപ്പിച്ചിരുന്നില്ല. ലോകത്തെ ഏറ്റവും വലിയ എണ്ണ നിക്ഷേപമുള്ള വെനിസ്വേലയില്‍ ഈ പ്രകൃതി വിഭവങ്ങളെല്ലാം ചൂഷണം ചെയ്തിരുന്നത് അമേരിക്കന്‍ കമ്പനികളായിരുന്നു. ഈ കമ്പനികളെ മുഴുവന്‍ പുറത്താക്കുകയണ് ഹ്യൂഗോ ഷാവേസ് ആദ്യമായി ചെയ്തത്. കൃത്യമായ സോഷ്യലിസ്റ്റ് നയത്തിലേക്ക് അദ്ദേഹം രാജ്യത്തെ നയിച്ചു. പ്രധാന ഉത്പാദന മേഖലകളെല്ലാം ദേശസാത്കരിച്ചു. ഇതിന്റെ ഗുണഫലങ്ങള്‍ അതിവേഗമാണ് വെനിസ്വേലയിലെ ജീവിതത്തെ പരിവര്‍ത്തിപ്പിച്ചത്. ഷാവിസ്‌മോ അഥവാ ഷാവിസം എന്ന് വിളിക്കപ്പെട്ട ഒരു രാഷ്ട്രീയ, സാമ്പത്തിക പ്രത്യയശാസ്ത്രമായി തന്നെ ഷാവേസിന്റെ നയങ്ങള്‍ മാറുകയായിരുന്നു. എന്നാല്‍ മരണത്തിലേക്ക് നടന്നു മറഞ്ഞ ഷാവേസിന്റെ പകരക്കാരനായി നിക്കോളാസ് മദുറോ എന്ന അരുമ ശിഷ്യന്‍ അധികാരത്തിലേറിയതോടെ വെനിസ്വേല അത്യന്തം സങ്കീര്‍ണമായ ആഭ്യന്തര പ്രതിസന്ധിയിലേക്ക് നീങ്ങിയിരിക്കുകയാണ്. മഹാവൃക്ഷങ്ങളുടെ പതനം തീര്‍ക്കുന്ന ശൂന്യത നികത്താന്‍ ചെറുചില്ലക്ക് അത്ര എളുപ്പത്തില്‍ സാധിക്കില്ല. മദുറോയുടെ പല നിലപാടുകളും പിഴച്ചു. അദ്ദേഹത്തിന്റെ നിയന്ത്രണത്തിന് പുറത്തുള്ള എണ്ണ വില ചതിച്ചു. എണ്ണ വില കുത്തനെ താഴ്ന്നതോടെ സാമ്പത്തിക സൂചകങ്ങള്‍ പലതും പിന്‍മടക്കം തുടങ്ങുകയായിരുന്നു.
അതിലേക്കാണ് എരിതീയില്‍ എണ്ണയായി പ്രക്ഷോഭങ്ങള്‍ പടര്‍ന്ന് കയറുന്നത്. അക്ഷരാര്‍ഥത്തില്‍ രാജ്യം അരാജകമായ അവസ്ഥയിലാണ്. സ്വാതന്ത്ര്യ സമരത്തിന് സമാനമായ മുന്നേറ്റമാണ് വെനിസ്വേലയില്‍ അരങ്ങേറുന്നതെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ ആവേശം കൊള്ളുന്നു. പ്രക്ഷോഭം പലപ്പോഴും അക്രമാസക്തമാകുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ മാത്രം 26 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. 437 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. രണ്ടായിരത്തോളം പേരെ അറസ്റ്റ് ചെയ്തു. പ്രക്ഷോഭകാരികള്‍ക്കെതിരെ ക്രൂരമായ അടിച്ചമര്‍ത്തലാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന പരാതി വ്യാപകമാണ്. പ്രതിപക്ഷ നേതാവ് മാര്‍കോ റൂബിയോ വിദേശ മാധ്യമങ്ങളോട് സംസാരിക്കുന്ന തിരക്കിലാണ്. വെനിസ്വേലന്‍ വിമോചന പോരാളിയെന്ന പരിവേഷം അദ്ദേഹത്തിന് നല്‍കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഷാവേസ് ഭരണത്തോട് എതിര്‍പ്പുണ്ടായിരുന്ന എല്ലാ ഗ്രൂപ്പുകളും ഒന്നിച്ച് ചേര്‍ന്നാണ് പ്രക്ഷോഭത്തെ മുന്നോട്ട് നയിക്കുന്നത്. പുറത്ത് നിന്നുള്ള സഹായം ഇവര്‍ക്ക് എമ്പാടും കിട്ടുന്നുണ്ട്. പ്രക്ഷോഭം കൈകാര്യം ചെയ്യുന്നതില്‍ സംഭവിക്കുന്ന വീഴ്ചകള്‍ക്കെതിരെ എട്ട് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ ഒറ്റസ്വരത്തില്‍ രംഗത്ത് വന്നത് നിക്കോളാസ് മദുറോ ഒറ്റപ്പെടുന്നതിന്റെ തെളിവായി കാണാവുന്നതാണ്. മെക്‌സിക്കൊ, അര്‍ജന്റീന, ബ്രസീല്‍, കംബോഡിയ, കോസ്റ്റ റിക്ക, ഗ്വാട്ടിമാല, ഹോണ്ടുറാസ്, പരാഗ്വേ എന്നീ രാജ്യങ്ങളാണ് വെനിസ്വേലയില്‍ വര്‍ധിച്ചുവരുന്ന അക്രമങ്ങളെ അപലപിക്കുകയും പൗരന്‍മാരുടെ മനുഷ്യാവകാശങ്ങളെ സര്‍ക്കാര്‍ മാനിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്. വെനിസ്വേലയിലെ തങ്ങളുടെ ഉന്നത നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിച്ചതായി കോസ്റ്റ റിക്ക കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജയിലിലടക്കപ്പെട്ട പ്രതിപക്ഷ നേതാവ് ലിയോപോള്‍ഡൊ ലോപസിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള അഭ്യൂഹങ്ങളും രാജ്യത്തെ പിടിച്ചു കുലുക്കുകയാണ്.
ഇതിഹാസമായി കഴിഞ്ഞ നേതാവിന്റെ തുടര്‍ച്ചയാണ് താനെന്ന് പ്രഖ്യാപിക്കുന്നത് തിരഞ്ഞെടുപ്പില്‍ ജയിച്ചു വരാന്‍ അനിവാര്യമായിരിക്കാം. അത് ഭംഗിയായി നിര്‍വഹിച്ചിരുന്നു മദുറോ. ‘കാരക്കാസിലെ ചാപ്പലില്‍ ഞാന്‍ പ്രര്‍ഥനാ നിരതനായി നില്‍ക്കുകയായിരുന്നു. അപ്പോള്‍ ആകാശത്ത് നിന്ന് ഒരു ചെറിയ കിളി പറന്ന് വന്ന് എന്റെ തോളത്തിരുന്നു. നമ്മെ വിട്ട് പിരിഞ്ഞ കമാന്‍ഡര്‍ ഹ്യൂഗോ ഷാവേസിന്റെ ആത്മാവായിരുന്നു അത്. കിളി എന്നോട് പറഞ്ഞു: വെനിസ്വേലയെ നയിക്കാനായി ഏല്‍പ്പിക്കപ്പെട്ടവനാണ് നീ. വിജയം സുനിശ്ചിതമാണ്’- ഷാവേസാനന്തരം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെ ബാരിനാസിലെ റാലിയില്‍ നിക്കോളാസ് മദുറോ പറഞ്ഞ വാക്കുകളാണിത്. ഈ വാക്കുകളില്‍ മദുറോയുടെ ‘രാഷ്ട്രീയം’ വ്യക്തമാണ്. മദുറോക്ക് തന്റെ ഗുരുവിനെപ്പോലെ ആളെക്കൂട്ടാനുള്ള കഴിവില്ല. അദ്ദേഹം വാക്ചാതുര്യത്തിന്റെ കാര്യത്തില്‍ അല്‍പ്പം പിന്നിലാണ്. പഴയ ഡ്രൈവറും തൊഴിലാളി യൂനിയന്‍ നേതാവുമായ മദുറോ എല്ലാ കാലത്തും ഷാവേസിന്റെ നിഴലിലായിരുന്നു. വിദേശകാര്യ മന്ത്രിയാക്കിയും വൈസ് പ്രസിഡന്റാക്കിയും ഒടുവില്‍ മരണക്കിടക്കയില്‍ കിടക്കുമ്പോള്‍ തന്റെ പിന്‍ഗാമിയായി പ്രഖ്യാപിച്ചും മദുറോക്ക് ഭാവിയിലേക്ക് വഴി തുറന്നു ഷാവേസ്. അത്‌കൊണ്ട് ഷാവേസിന്റെ വാക്കും ശൈലിയും തന്നെയാണ് മദുറോയുടെ ആയുധം. എന്നാല്‍ ഈ ആയുധം കൊണ്ട് ഒരു രാജ്യത്തെ മുന്നോട്ട് നയിക്കാനാകില്ലെന്ന് മദുറോക്ക് ഇപ്പോള്‍ മനസ്സിലായിട്ടുണ്ട്. എണ്ണ വിലയിടിവിന്റെ തുടര്‍ച്ചയായി സംഭവിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുകയാണ് നാട്. 82 ശതമാനം പേരും ദാരിദ്ര്യം അനുഭവിക്കുന്നുവെന്നാണ് ഐ എം എഫിന്റെ കണക്ക്. ഭക്ഷണം, മരുന്ന് തുടങ്ങിയ പ്രാഥമിക ആവശ്യങ്ങള്‍ നിവര്‍ത്തിക്കാനുള്ള പണം പോലും എണ്‍പത് ശതമാനം ജനങ്ങളുടെ കൈയിലും ഇല്ലത്രേ. ഈ പോക്ക് പോയാല്‍ അടുത്ത വര്‍ഷത്തോടെ പണപ്പെരുപ്പ നിരക്ക് 2000 ശതമാനം പിന്നിടുമെന്നാണ് കണക്ക്. എന്നുവെച്ചാല്‍ കറന്‍സിക്ക് മൂല്യമേ ഉണ്ടാകില്ല. ഈ സാഹചര്യം മറികടക്കാനാണ് കറന്‍സി പിന്‍വലിക്കല്‍ തീരുമാനത്തിലേക്ക് മദുറോ എത്തിച്ചേര്‍ന്നത്. പക്ഷേ, എല്ലാ വിഭാഗം ജനങ്ങളില്‍ നിന്നും കടുത്ത പ്രതിഷേധമുയര്‍ന്നതോടെ നോട്ട് നിരോധന തീരുമാനം അദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടി വന്നു. ആയിടക്ക് തന്നെയാണ് ഇന്ത്യയിലും നോട്ട് നിരോധനം പ്രഖ്യാപിച്ചിരുന്നത്. ലോകത്തെ ഏറ്റവും അരക്ഷിതമായ നഗരമായി തലസ്ഥാന നഗരമായ കാരക്കസ് മാറിയിരിക്കുന്നു.
പതിറ്റാണ്ടുകളോളം പ്രയോഗിച്ച് വിജയകരമെന്ന് തെളിയിക്കപ്പെട്ട പ്രത്യയ ശാസ്ത്രങ്ങള്‍ പോലും ഏറ്റവും പുതിയ പ്രതിസന്ധികള്‍ക്ക് മുന്നില്‍ പതറുമ്പോഴാണ് സ്വന്തമായി ഒന്നും കൂട്ടിച്ചേര്‍ക്കാതെ, ഇതിഹാസമായി കഴിഞ്ഞ ഒരു നേതാവിന്റെ വഴികളെ അതേ പോലെ പിന്തുടരാന്‍ ഒരാള്‍ മുതിരുന്നത്. ഈ ഫോട്ടോസ്റ്റാറ്റ് രാഷ്ട്രീയം തന്നെയാണ് മദുറോയെ പരാജയപ്പെട്ട ഭരണാധികാരിയാക്കിയത്. സാമ്രാജ്യത്വ ശക്തികളില്‍ നിന്നുള്ള ഉപരോധം, പുറത്തുള്ള ബേങ്കിംഗ് സ്ഥാപനങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍, ആധുനിക സാങ്കേതിക വിദ്യയിലേക്ക് പറക്കാനുള്ള സ്വന്തം ജനതയുടെ ആഗ്രഹം തുടങ്ങിയ പ്രശ്‌നങ്ങളെയായിരുന്നു ഷാവേസിന് പ്രധാനമായും അഭിമുഖീകരിക്കാനുണ്ടായിരുന്നത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെയാകെ നേതൃസ്ഥാനം ഏറ്റെടുക്കുകയും അവക്കൊക്കെ സാമ്പത്തിക സഹായം പോലും അനുവദിക്കുകയും ചെയ്തു കൊണ്ട് സൃഷ്ടിച്ചെടുത്ത പ്രതിച്ഛായ കൊണ്ട് ഷാവേസിന് ഇതെല്ലാം മറികടക്കാന്‍ സാധിച്ചു. എന്നാല്‍ മദുറോക്ക് കൈകാര്യം ചെയ്യാനുണ്ടായിരുന്നത് എണ്ണ വിലയിടിവില്‍ കാലിയായിക്കൊണ്ടിരിക്കുന്ന ഖജനാവായിരുന്നു. അതൃപ്തി പടരുമ്പോള്‍ അങ്ങേയറ്റത്തെ പ്രഹരശേഷിയോടെ പ്രതിപക്ഷ ഗ്രൂപ്പുകള്‍ ആഞ്ഞടിക്കുക സ്വാഭാവികമാണല്ലോ.
എന്നാല്‍ വെനിസ്വേലയെ ആഭ്യന്തര കലാപത്തിലേക്ക് തള്ളിവിട്ട ഇപ്പോഴത്തെ പ്രക്ഷോഭം തികച്ചും സ്വാഭാവികമാണെന്ന് കാണാനാകില്ല. ഷാവേസ് അധികാരമേറ്റ് വെറും രണ്ട് വര്‍ഷം കഴിയുമ്പോള്‍ അന്നത്തെ യു എസ് വിദേശകാര്യ സെക്രട്ടറി കോളിന്‍ പവലിന്റെ തിരക്കഥയില്‍ അട്ടിമറി ശ്രമം നടന്നിരുന്നുവെന്ന് ഓര്‍ക്കണം. സാക്ഷാല്‍ ജോര്‍ജ് ഡബ്ല്യു ബുഷ് പ്രസിഡന്റായ കാലത്തെ ആ അട്ടിമറി ശ്രമത്തെ അതി വിദഗ്ധമായാണ് ഷാവേസ് അതിജീവിച്ചത്. ഇത് യു എസിന് ഉണ്ടാക്കിയ നാണക്കേട് ചില്ലറയല്ല. പിന്നീട് ‘തിരഞ്ഞെടുക്കപ്പെട്ട സ്വേച്ഛാധിപത്യം’ എന്നൊക്കെ വിളിക്കപ്പെടുന്നതിന് കാരണമായ മാധ്യമ, സന്നദ്ധ സംഘടനാ പ്രവര്‍ത്തന നിയന്ത്രണങ്ങളിലേക്ക് ഷാവേസ് എത്തിപ്പെടുന്നത് അങ്ങനെയാണ്. ഇപ്പോഴത്തെ പ്രക്ഷോഭങ്ങള്‍ക്ക് കാരണങ്ങളുണ്ടെങ്കിലും അതിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് യു എസില്‍ തന്നെയാണ്. ബരാക് ഒബാമ പ്രസിഡന്റ് പദവി ഒഴിയുന്നതിന് തൊട്ടു മുമ്പ് വെനിസ്വേലക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം മാത്രം നോക്കിയാല്‍ ഇത് വ്യക്തമാകും. ക്യൂബയുമായി അടുത്ത നയതന്ത്രം സ്ഥാപിച്ച ശേഷമാണ് ഒബാമ വെനിസ്വേലയെ ശിക്ഷിക്കാനിറങ്ങിയത്. മനുഷ്യാവകാശ ലംഘന കുറ്റം ആരോപിച്ച് വെനിസ്വേലന്‍ ഭരണത്തിലെ ഏഴ് പേര്‍ക്കെതിരെ വിലക്കേര്‍പ്പെടുത്തുന്ന ഉത്തരവിലാണ് യു എസ് പ്രസിഡന്റ് ബരാക് ഒബാമ ഒപ്പുവെച്ചത്. ദേശീയ രഹസ്യാന്വേഷണ മേധാവി ഗുസ്താവോ ഗോണ്‍സാല്‍വസ്, പോലീസ് മേധാവി മാനുവല്‍ പെരസ്, നാഷനല്‍ ഗാര്‍ഡ് മുന്‍ കമാന്‍ഡര്‍ ഹുസ്‌തോ നൊഗിറോ മറ്റ് സൈനിക ഓഫീസര്‍മാര്‍, സര്‍ക്കാര്‍ അഭിഭാഷകര്‍ എന്നിവര്‍ക്കായിരുന്നു ഉപരോധം. ഇവരുടെ ആസ്തി മരവിപ്പിക്കാനും അമേരിക്കന്‍ യാത്ര നിഷേധിക്കാനും അമേരിക്കന്‍ സ്ഥാപനങ്ങളുമായി ഇടപാടുകള്‍ നടത്തുന്നത് വിലക്കാനും ഉപരോധത്തില്‍ വകുപ്പുണ്ട്.
അമേരിക്കയുടെ വിദേശനയം രൂപപ്പെടുത്തുന്ന കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍ (സി എഫ് ആര്‍) ആണ് വെനിസ്വേലന്‍ പ്രക്ഷോഭത്തെ നിയന്ത്രിക്കുന്നതെന്ന് വിവിധ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനായി സി എഫ് ആറിന്റെ ലാറ്റിനമേരിക്കന്‍ ഡയറക്ടര്‍ ഷാനണ്‍ കെ ഒനീല്‍ മുന്നോട്ട് വെച്ചിട്ടുള്ളത് നാലിന പരിപാടിയാണ്. ഒന്നാമതായി മദുറോ ഭരണകൂടത്തിലെ ഉന്നതര്‍ക്കെതിരെ അഴിമതിയാരോപണങ്ങള്‍ ഉന്നയിക്കുകയെന്നതായിരുന്നു തന്ത്രം. തുടര്‍ന്ന് കടുത്ത ഉപരോധം. മയക്കുമരുന്ന് ലോബിയുമായുള്ള ബന്ധമാണ് വൈസ് പ്രസിഡന്റ് അടക്കമുള്ളവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം. കരീബിയന്‍, സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യങ്ങളെ കൂട്ടുപിടിച്ച് ഓര്‍ഗനൈസേഷന്‍ ഓഫ് അമേരിക്കന്‍ സ്റ്റേറ്റ്‌സില്‍ വെനിസ്വേലക്കെതിരെ നീക്കം ശക്തമാക്കുകയെന്നതാണ് രണ്ടാമത്തെ തന്ത്രം. മൂന്നാമത്തേതും മാരകമായതുമായ നീക്കം സിറ്റി ബേങ്ക്, ജെ പി മോര്‍ഗന്‍ തുടങ്ങിയ സാമ്പത്തിക സ്ഥാപനങ്ങളെ ഉപയോഗിച്ചു കൊണ്ടുള്ളതാണ്. സാമ്പത്തിക ഞെരുക്കം സൃഷ്ടിക്കുകയെന്നതാണ് നാലമത്തേത്. സ്വാഭാവികമായും എണ്ണ വില ഉയരാതെ നോക്കുകയെന്ന തന്ത്രവും.
ആഭ്യന്തര സുരക്ഷ കുത്തഴിഞ്ഞതോടെ പ്രക്ഷോഭത്തിലേക്ക് പുറത്ത് നിന്നുള്ളവര്‍ വ്യാപകമായി നുഴഞ്ഞ് കയറുന്നു. ഫലത്തില്‍, ഷാവേസിന്റെ ഓര്‍മകള്‍ പോലും അവശേഷിക്കാത്ത വിധം സോഷ്യലിസ്റ്റ് പാരമ്പര്യത്തിന്റെ മുഴുവന്‍ ശേഷിപ്പുകളും വെനിസ്വേലയില്‍ നിന്ന് അസ്തമിക്കുകയാണ്. ഈ കൂട്ടക്കുഴപ്പങ്ങളുടെ ഗുണഭോക്താക്കളാകാന്‍ തക്കം പാര്‍ത്തിരിക്കുന്നവരെ മാത്രമേ ഈ അവസ്ഥ സന്തോഷിപ്പിക്കുകയുള്ളൂ.