Editorial
തിരിച്ചടി സംയമനത്തിന്റെ മാര്‍ഗത്തിലൂടെ

അതിര്‍ത്തിയില്‍ രണ്ട് ഇന്ത്യന്‍ സൈനികരെ തലയറുത്ത് വികൃതമാക്കിയ നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ഇന്ത്യാ- പാക് സംഘര്‍ഷം രൂക്ഷമായിരിക്കയാണ്. അതിര്‍ത്തി രക്ഷാസേനയിലെ നായിബ് സുബേദാര്‍ പരംജീത് സിംഗ്, ഹെഡ് കോണ്‍സ്റ്റബിള്‍ പ്രേംസാഗര്‍ എന്നിവരാണ് ക്രൂരതക്ക് വിധേയരായത്. സംഭവത്തിന് പിന്നില്‍ പാക്കിസ്ഥാനാണെന്ന് ഉറച്ചു വിശ്വസിക്കുന്ന ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിര്‍ത്തിയില്‍ പാക് സൈന്യത്തിനെതിരെ എന്തു നടപടികള്‍ കൈക്കൊള്ളുന്നതിനും സേനക്ക് സര്‍ക്കാര്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരിക്കയുമാണ്. ഇക്കാര്യത്തില്‍ പ്രതിപക്ഷ കക്ഷികള്‍ സര്‍ക്കാറിന് സര്‍വ പിന്തുണയും ഉറപ്പ് നല്‍കിയിട്ടുമുണ്ട്. കരസേനാ മേധാവി ബിബിന്‍ റാവത് ജമ്മു കശ്മീര്‍ സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തുകയുണ്ടായി. നിയന്ത്രണ രേഖയുടെ പലഭാഗങ്ങളിലും കഴിഞ്ഞ ദിവസം വെടിവെപ്പും നടന്നു. ഇന്ത്യന്‍ സേന നടത്തിയ വെടിവെപ്പുകളില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടു. രണ്ട് പാക് സൈനിക പോസ്റ്റുകള്‍ പാടേ തകര്‍ന്നു. ഇന്ത്യന്‍ എന്‍ ജി ഒയുടെ ക്ഷണം സ്വീകരിച്ചെത്തിയ 50 പാകിസ്ഥാനി വിദ്യാര്‍ഥികളെ നയതന്ത്ര പ്രതികരണമെന്ന നിലയില്‍ ഇന്ത്യ തിരിച്ചയക്കുകയുമുണ്ടായി.
യുദ്ധസമാനമായ സാഹചര്യം സംജാതമായിരിക്കെ രണ്ട് ലക്ഷം മുതല്‍ രണ്ടേകാല്‍ ലക്ഷം വരെ ഭടന്മാരെ അതിര്‍ത്തിയില്‍ വിന്യസിക്കാന്‍ സൈനിക മേധാവികള്‍ ആലോചിച്ചു വരുന്നതായും വാര്‍ത്തയുണ്ട്.
അതേസമയം, സൈനികരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയതിന്റെ ഉത്തരവാദിത്വം സംബന്ധിച്ച് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വിവാദം തുടരുകയാണ്. സംഭവത്തില്‍ പാക്കിസ്ഥാന്റ പങ്ക് പാക് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിത്ത് നിഷേധിക്കുമ്പോള്‍ മൃതദേഹങ്ങള്‍ അതിര്‍ത്തിക്കപ്പുറത്തേക്ക് വലിച്ചിഴച്ചു കൊണ്ടു പോയതിന് തെളിവുണ്ടെന്നാണ് ഇന്ത്യ ചൂണ്ടിക്കാട്ടുന്നത്. കൃഷ്ണഗന്ധി മേഖലയില്‍ റോസനാല ലൈനില്‍ കാണപ്പെട്ട രക്തവും ഇന്ത്യന്‍ നിലപാടിന് ബലമേകുന്നു. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ പാക് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി രാജ്യത്തിന്റെ വികാരമറിയിക്കുകയും സംഭവത്തില്‍ പാക് സൈന്യത്തെ സംശയിക്കുന്നതിലേക്ക് നയിച്ച തെളിവുകള്‍ അറിയിക്കുകയുമുണ്ടായി.
തിങ്കളാഴ്ച പുലര്‍ച്ചെ കശ്മീരിലെ പൂഞ്ച് നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യന്‍ മേഖലയിലേക്ക് കടന്നുകയറിയ പാക്കിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ വിഭാഗം ഇന്ത്യന്‍ ഭാഗത്തേക്ക് വെടിയുതിര്‍ത്തിരുന്നു. ഈ വെടിയേറ്റാണ് രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതെന്നാണ് കരുതപ്പെടുന്നത്.
ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കുന്ന സംഭവങ്ങള്‍ അതിര്‍ത്തിയില്‍ ഇതാദ്യത്തേതല്ല. 2013ല്‍ മാച്ചില്‍ സെക്ടറില്‍ നായിക് ഹേമരാജിന്റെ മൃതദേഹവും 2016 ഒക്ടോബറില്‍ മറ്റൊരു സൈനികന്റെ മൃതദേഹവും അതിര്‍ത്തി കടന്നെത്തിയ പാക് തീവ്രവാദികള്‍ വികൃതമാക്കിയിരുന്നു.
ഭരണകൂടവും സൈന്യവും തമ്മില്‍ നിലനില്‍ക്കുന്ന കടുത്ത ഭിന്നതയാണ് അതിര്‍ത്തി കടന്നുള്ള പാക് ആക്രമണത്തിനും സൈനിക മൃതദേഹങ്ങളോടുള്ള അനാദരവിനും കാരണമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. പാക് ഭരണത്തില്‍ നിരന്തരം ഇടപെടുന്ന സൈന്യം തങ്ങളുടെ ആധിപത്യം രാഷ്ട്രീയമായി ഉറപ്പിക്കുന്നതിന് വേണ്ടി അതിര്‍ത്തിയില്‍ മനഃപൂര്‍വം സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുക പതിവാണ്. പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവീദ് ബജ്‌വ നിയന്ത്രണ രേഖ സന്ദര്‍ശിച്ച് സൈന്യത്തിന്റെ മുന്നൊരുക്കങ്ങള്‍ നിരീക്ഷിച്ച് മടങ്ങിയതിന് പിന്നാലെയാണ് പാക് സൈന്യത്തിന്റെ ഭാഗത്തു നിന്ന് പ്രകോപനമുണ്ടായതെന്നതും ശ്രദ്ധേയമാണ്.
പാക് സേനക്ക് ഇതുസംബന്ധിച്ചു ബജ്‌വ ഉത്തരവ് നല്‍കിയിരുന്നതായി രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് വിദേശ കാര്യമന്ത്രാലയം വെളിപ്പെടുത്തുന്നു. പാക് സര്‍ക്കാറും സൈന്യവും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പാക് മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു. തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെ നടപടിയെടുക്കണമെന്നും അല്ലെങ്കില്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ പാക്കിസ്ഥാന്‍ ഒറ്റപ്പെടുമെന്നും പാക് സര്‍ക്കാര്‍ സൈന്യത്തോട് നിര്‍ദേശിച്ച വിവരവും പാക്കിസ്ഥാനിലെ ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകന്‍ സിറിന്‍ അല്‍മേഡയുടെ വിദേശ സന്ദര്‍ശനത്തിന് പാക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തുകയും വാര്‍ത്ത മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തിക്കൊടുത്തതായി സംശയിക്കുന്ന നവാസ് ശരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് താരിഖ് ഫത്തേമിയെ സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തിരുന്നു.
കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ചൂണ്ടിക്കാട്ടിയത് പോലെ യുദ്ധവേളയില്‍ പോലും ചെയ്യാത്തതാണ് മൃതദേഹത്തോടുള്ള ഇത്തരം ക്രൂരതകള്‍. രാഷ്ട്രാന്തരീയ ചട്ടങ്ങള്‍ക്കും പരിഷ്‌കൃത സമൂഹത്തിനും നിരക്കാത്തതുമാണിത്. എന്നാല്‍ ദുഃഖകരമായ ഈ സംഭവം സൃഷ്ടിച്ച വികാരവും പ്രതിഷേധവും അതിര്‍ത്തിയില്‍ ഒരു പൊട്ടിത്തെറിയിലേക്കും യുദ്ധത്തിലേക്കുമെത്താതിരിക്കാനുള്ള വിവേകവും സംയമനവും ഭരണ നേതൃത്വം കൈക്കൊള്ളേണ്ടതുണ്ട്. പാക്കിസ്ഥാന്റെ തെറ്റായ നടപടികളെ അന്താരാഷ്ട്ര വേദികളില്‍ ഉയര്‍ത്തിക്കാട്ടി അവരെ പ്രതിരോധത്തിലാക്കുന്ന സംയമനത്തിലൂടെയുള്ള നീക്കങ്ങളാണ് ഇത്തരം കാര്യങ്ങളില്‍ ഉചിതവും കൂടുതല്‍ പ്രായോഗികവും. യുദ്ധം പാക്കിസ്ഥാന് മാത്രമല്ല, ഇന്ത്യക്കും ഏല്‍പ്പിക്കും കനത്ത ക്ഷീണവും നഷ്ടങ്ങളും. ഇന്ത്യാ- പാക് പ്രശ്‌നങ്ങളില്‍ തികച്ചും വിവേകപരമായ നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെയും സ്വീകരിച്ചത്. അതേ നയം അദ്ദേഹം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.