നടനും മുന്‍ കേന്ദ്രമന്ത്രിയുമായ വിനോദ് ഖന്ന അന്തരിച്ചു

Posted on: April 27, 2017 1:16 pm | Last updated: April 27, 2017 at 7:05 pm
വിനോദ് ഖന്ന

മുംബൈ: നടനും മുന്‍ കേന്ദ്രമന്ത്രിയും പഞ്ചാബിലെ ഗുര്‍ദാസ്പുരില്‍ നിന്നുള്ള ബിജെപി എംപിയുമായ വിനോദ് ഖന്ന അന്തരിച്ചു. 70 വയസായിരുന്നു. ദീര്‍ഘനാളായി അര്‍ബുദ ബാധിതനായിരുന്നു. മുംബൈ എച്ച്എന്‍ റിലയന്‍സ് റിസര്‍ച് സെന്ററില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ജലാംശനഷ്ടം മൂലം മാര്‍ച്ച് 31നാണ് ഖന്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ‘അമര്‍ അക്ബര്‍ ആന്റണിക്’, ‘ഇന്‍സാഫ്’ തുടങ്ങി നൂറ്റി നാല്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

സിനിമയില്‍ നിറഞ്ഞുനില്‍ക്കെ 1997ലാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. തൊട്ടടുത്ത വര്‍ഷം ഗുര്‍ദാസ്പുരില്‍നിന്നും മികച്ച വിജയത്തോടെ ലോക്‌സഭയിലെത്തി. 2002ല്‍ വാജ്‌പേയി സര്‍ക്കാരില്‍ ടൂറിസം മന്ത്രിയായി. ഈ സര്‍ക്കാരില്‍ വിദേശകാര്യ സഹമന്ത്രിയായും സേവനം ചെയ്തു. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും 2014ല്‍ മികച്ച വിജയത്തോടെ ഗുര്‍ദാസ്പുരില്‍നിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.