മസൂണ്‍ മുതല്‍ ഒമാന്‍ വരെ

  Posted on: April 24, 2017 3:23 pm | Last updated: April 24, 2017 at 3:23 pm
  മസ്‌കത്ത് തുറമുഖം, രാത്രികാല കാഴ്ച

  ലക്ഷക്കണക്കിനു വര്‍ഷങ്ങളായി ആഴമില്ലാത്ത കടലിന്നടിയിലായിരുന്നു ഒമാന്റെ ഭാഗങ്ങള്‍. പാലിയോലിത്തിക് ശിലായുഗങ്ങളിലെ ആയുധങ്ങള്‍ തെക്കന്‍ മധ്യ ഒമാനില്‍ നിന്നും യു എ ഇ യില്‍നിന്നും കണ്ടെടുത്തിട്ടുണ്ട്. 1,25,000 വര്‍ഷം പഴക്കമുള്ള ഈ ശിലായുഗ ആയുധങ്ങള്‍ അക്കാലത്ത് ആഫ്രിക്കയില്‍ ജീവിച്ചിരുന്ന ആളുകള്‍ ഉപയോഗിച്ചിരുന്നിരുന്നതിന്റെ പകര്‍പ്പാണ്. ആഫ്രിക്കയില്‍ നിന്നു പുറത്തേക്ക് കടന്നത് ഈ വഴിയെന്നാണു കരുതപ്പെടുന്നത്.

  സുമേറിയക്കാര്‍ ഒമാനുമായി കച്ചവടത്തില്‍ ഏര്‍പെട്ടിരുന്നതായി കരുതുന്നു. മൂന്നാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ ഇസ്‌ലാമിന്റെ വരവ് രേഖപ്പെടുത്തിയ എഴാം നൂറ്റാണ്ട് വരെ ഇറാനിലെ രാജവംശങ്ങളായ പാര്‍ഥിയന്മാരും സാസ്സനിദുകളും അന്നു ‘മസൂണ്‍’ എന്നറിയപ്പെട്ടിരുന്ന ഒമാന്‍ ഭരിച്ചിരുന്നു. പേര്‍ഷ്യന്‍ ഗള്‍ഫ് കച്ചവട മാര്‍ഗം നിയന്ത്രിക്കാനായി ബിസി 250ല്‍ പാര്‍ഥിയന്‍ വംശം ഒമാനില്‍ കോട്ടകള്‍ കെട്ടിയിരുന്നു. എ ഡി മൂന്നില്‍ സാസ്സനിദുകള്‍ പാര്‍ഥിയന്മാരെ പരാജയപ്പെടുത്തുകയും നാലു നൂറ്റാണ്ടുകള്‍ ഭരിക്കുകയും ചെയ്തു.
  പ്രവാചകന്‍ മുഹമ്മദ് (സ)യുടെ കാലത്ത് തന്നെ ഒമാന്‍ ഇസ്‌ലാം പുല്‍കുകയും എട്ടാം നൂറ്റാണ്ടോടെ തന്നെ ഇബാദിസം വഴിയായി സ്വീകരിക്കുകയും ചെയ്തു. ഇബാദികള്‍ ഇടത്തരം യാഥാസ്ഥിതികത്വം വച്ചു പുലര്‍ത്തുന്നവരാണ്. ഇബാദികള്‍ ഒമാനില്‍ മാത്രമാണിപ്പോള്‍ ഭൂരിപക്ഷം. ഇസ്‌ലാം തിരഞ്ഞെടുത്തതോടെ ഇറാനികളെ യുദ്ധത്തില്‍ പരാജയപ്പെടുത്തി ഇറാനിലേക്ക് ഓടിച്ചു.
  931-934 കാലങ്ങളില്‍ കാര്‍മാത്യന്‍സ് എന്ന കിഴക്കന്‍ അറേബ്യന്‍ ഗോത്രമായ ഷിയ ഇസ്മാഈലി വംശജര്‍ ഒമാന്‍ കീഴടക്കി. അബ്ബാസിദ് ഖിലാഫത്തിനെതിരെ യുദ്ധം നയിച്ചവരായിരുന്നു കാര്‍മാത്യന്‍സ്.
  967-1053ല്‍ കാസ്പിയന്‍ കടലിന്റെ തെക്കേ തീരത്തെ താഴ്‌വരയില്‍ താമസിക്കുന്ന വടക്കന്‍ പേര്‍ഷ്യക്കാരായ ബുയ്യിദുകള്‍ ഒമാന്‍ ഭരിച്ചു. ഇവര്‍ ടൈഗ്രിസ് നദീതീരത്തെ അനാത്തോലിയയില്‍ നിന്നും വന്നവരാണെന്നു കരുതുന്നു.

  ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ്

  1053-1154 സില്‍ജുക്ക് തുര്‍ക്കികളും 1154-1470 നബാനി രാജ വംശജരും ഒമാന്‍ ഭരിച്ചു.
  1515 ഏപ്രില്‍ ഒന്നിന് പോര്‍ച്ചുഗീസുകാര്‍ മസ്‌കത്ത് കീഴടക്കി. 1515-1650 പോര്‍ച്ചുഗീസുകാരും ഇതിന്നിടയില്‍ 1550-1551, 1581-1588 കാലഘട്ടങ്ങളില്‍ ഓട്ടോമാന്‍ തുര്‍ക്കികളും 1600-1624 നബാനികള്‍ ഒമാന്‍ ഭരിച്ചു. 1650 ഇല്‍ പോര്‍ച്ചുഗീസുകാരില്‍ നിന്നും യാറുബിദ് ഇമാമുകള്‍ മസ്‌കറ്റ് പിടിച്ചെടുത്തു. യാറുബിദുകള്‍ സാന്‍സിബാര്‍ അടങ്ങിയ കിഴക്കന്‍ ആഫ്രിക്ക പിടിച്ചെടുക്കുകയും അടിമ വ്യാപാരം ആരംഭിക്കുകയും ചെയ്തു.

  1719ല്‍ സൈഫ് ബിന്‍ സുല്‍ത്താന്‍ രണ്ടാമന്‍ തിരഞ്ഞെടുക്കപ്പെട്ടത് ഉലമാക്കള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കി. സുല്‍ത്താനെ പിന്താങ്ങുന്ന രണ്ടു പ്രമുഖ ഗോത്രങ്ങളായ ഗാഫിരികളും ഹിനാവികളും തമ്മില്‍ ഏറ്റുമുട്ടുകയും ചെയ്തു. 1748ല്‍ രണ്ടു ഗോത്ര തലവന്മാരും കൊല്ലപ്പെട്ടു. ഇവര്‍ തമ്മിലുള്ള അന്തചിദ്രം മുതലെടുത്ത് ഇറാന്‍ മസ്‌കത്തും സൊഹാറും 1743ല്‍ കീഴടക്കിയിരുന്നു.
  1749ല്‍ അഹമദ് ബിന്‍ സെയ്ദ് അല്‍ ബുസൈദി ചുമതലയേറ്റു. (നിലവിലുള്ള രാജവംശം). എന്നാല്‍ ചില സ്വതന്ത്ര ഗോത്രങ്ങള്‍ സുല്‍ത്താന്റെ പ്രാമാണ്യം ചോദ്യം ചെയ്യുകയും ഇമാമിനെ പിന്തുണക്കുകയും ഇമാം ഭരണത്തിനു വേണ്ടി പോരാടുകയും ചെയ്തു.
  1783ല്‍ അഹ്മദ് ഇബ്ന്‍ സെയ്ദ് മരണപ്പെട്ടതിനു ശേഷം സുല്‍ത്താന്‍ ഇബ്ന്‍ അഹ്മദ് സെയ്ദ് (1792-1806) തീരദേശങ്ങള്‍ ഭരിക്കുകയും ക്വയിസ് രാജവംശം ബത്തീന, റുസ്ത്താക്ക് എന്നീ ഭാഗങ്ങള്‍ ഭരിക്കുകയും ചെയ്തു.
  സുല്‍ത്താന്‍ സെയ്ദ് ഇബ്‌നു സുല്‍ത്താന്‍ അല്‍ സെയ്ദിന്റെ ഭരണകാലത്ത് (1806-1856) സാമ്പത്തിക നില മെച്ചപ്പെടുകയും ഈസ്റ്റ് ആഫ്രിക്കന്‍ കോളനികളില്‍ മേധാവിത്വം നേടി സാന്‍സിബാര്‍ (പഴയ പേര്: സാഞ്ച്), മൊംബാസ, ദാറുസ്സലാം കിഴക്കന്‍ ആഫ്രിക്കയിലും 1958 വരെ പാക്കിസ്ഥാനിലെ ഗ്വാദര്‍ തുറമുഖം നിയന്ത്രിക്കുകയും ചെയ്തിരുന്നു.
  19-ാം നൂറ്റാണ്ടില്‍ ബ്രിട്ടന്‍ അടിമ വ്യാപാരം നിരോധിച്ചതോടെ സുല്‍ത്താനേറ്റിന്റെ സാമ്പത്തികനില തകര്‍ന്നു. ഭൂരിപക്ഷം പേരും സാന്‍സിബാറിലേക്ക് കുടിയേറി. 55,000 വരുന്ന ജനസംഖ്യ 1850-1870 ആയപ്പോള്‍ 8,000മായി കുറഞ്ഞു. കടലിന്നക്കരെയുള്ള ജംഗമ വസ്തുക്കള്‍ ബ്രിട്ടന്‍ പിടിച്ചെടുക്കുകയും ചെയ്തതോടെ 1850ല്‍ ഒമാന്‍ ഒരു ദരിദ്ര രാജ്യമായി മാറി.
  സുല്‍ത്താന്‍ സയിദ് 1856ല്‍ മരിച്ചതോടെ ബ്രിട്ടന്‍ മക്കള്‍ക്ക് സാന്‍സിബാറും ആഫ്രിക്കന്‍ ഭാഗങ്ങളും മാജിദ് ഇബ്ന്‍ സൈദ് അല്‍ ബുസൈദ് (1856-1870)നും ഒമാനും മസ്‌കറ്റും തുവൈനി ഇബ്ന്‍ സൈദ് അല്‍ ബുസൈദ് ( 1856-1866) നുമായി ഭാഗിച്ചു നല്‍കി.

  ക്വയിസ് വിഭാഗം ഉലമാക്കളും ആയി ചേര്‍ന്ന് ഇമാമൈറ്റ് സ്ഥാപിക്കാന്‍ ശ്രമിച്ചു. നസന്‍ ഇബ്ന്‍ ക്വയിസ് അല്‍ ബുസൈദ് (1868-1871) സ്വയം ഇമാമായി പ്രഖ്യാപനം നടത്തി. പൊതുജനങ്ങളും ഹിനാവി ഗോത്രങ്ങളും ഇതു അംഗീകരിച്ചിരുന്നില്ല. ഇമാം നസന്‍ ഉള്‍പ്രദേശങ്ങളിലുള്ള ഗോത്രങ്ങളെ കേന്ദ്ര ഭരണത്തിനുള്ളില്‍ കൊണ്ടുവരാന്‍ ശ്രമിച്ചു. ബ്രിട്ടീഷുകാര്‍ ഇതിനെ എതിര്‍ത്തു. ബ്രിട്ടീഷുകാര്‍ അസന്റെ ശത്രു തുര്‍ക്കി ഇബ്‌നു സൈദ് ബുസൈദിനെ സാമ്പത്തികമായും രാഷ്ട്രീയമായും സഹായിച്ചു. 1871ല്‍ നടന്ന മത്ര യുദ്ധത്തില്‍ ഇമാം നസന്‍ കൊല്ലപ്പെട്ടു.
  1908ല്‍ ഒമാന്‍ ബ്രിട്ടനുമായി ഒരു സൗഹൃദസന്ധിയിലെത്തി. 1951ല്‍ ഈ കരാര്‍ പുതുക്കുകയും ഒമാന്‍ ഒരു സ്വതന്ത്ര്യ രാജ്യമായി അംഗീകരിക്കുകയും ചെയ്തു.
  19-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ മസ്‌കറ്റ് സുല്‍ത്താന് ഇബാദി മുസ്‌ലിംകളില്‍നിന്നും ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വന്നു. നിസ്‌വ നിവാസികളായ അവര്‍ക്ക് ഇമാമുകള്‍ ഭരിക്കണമെന്നായിരുന്നു. 1920 സീബ് സന്ധി പ്രകാരം ഇമാമിന് ഒമാനുള്ളില്‍ സ്വതന്ത്ര ഭരണം അനുവദിച്ചു കൊടുത്തു. പകരം സുല്‍ത്താന്റെ നാമമാത്രമായ പ്രാമാണ്യം ഇമാം അംഗീകരിച്ചു കൊടുക്കണം എന്നായിരുന്നു കരാര്‍. 1920ല്‍ ഒമാനില്‍ എണ്ണ കണ്ടെത്തി. എണ്ണ കണ്ടെത്തിയ ഫഹൂദ് ഭരിച്ചിരുന്നതു ഇമാമായിരുന്നു. എണ്ണപ്പാടത്തില്‍ പര്യവേക്ഷണവും ഖനനത്തിനും ആംഗ്ലോ പേര്‍ഷ്യന്‍ ഓയില്‍ കമ്പനിയെ സുല്‍ത്താന്‍ നിയമിച്ചു. .

  1954ല്‍ ഇറാഖ് പെട്രോളിയം കമ്പനിക്ക് എണ്ണ ഖനനം ചെയ്യാന്‍ അനുവാദം നല്‍കിയതു ഇമാമിനെ ചൊടിപ്പിച്ചു. 1954ല്‍ ഇമാം ഗാലിബ് ബിന്‍ അലി അല്‍ ഹിനായി സുല്‍ത്താന്‍ പ്രാന്ത പ്രദേശങ്ങളിലേക്ക് ഗവണ്‍മെന്റ് നിയന്ത്രണം കൊണ്ടുവരുന്നു എന്ന് ആരോപിച്ചു അഞ്ചു വര്‍ഷം നീണ്ടു നിന്ന കലാപം നടത്തി (ജബല്‍ അക്തര്‍ യുദ്ധം). സുല്‍ത്താന്‍ സീബ് സന്ധി ഇല്ലാതാക്കുകയും ഇമാം ഓഫീസ് തകര്‍ക്കുകയും ചെയ്തു. ബ്രിട്ടീഷ്, ബലൂചി, ഗോത്ര സേനകളുടെ സഹായത്തോടെ കലാപം അടിച്ചമര്‍ത്തി. 1960കളില്‍ ഇമാം സഊദിയിലേക്ക് ഓടിപ്പോവുകയും അവരുടെ സഹായം തേടുകയും ചെയ്തു. 1980ല്‍ സഊദി ഇമാമിനുള്ള സഹകരണം അവസാനിപ്പിച്ചു.
  1964ല്‍ ദോഫാര്‍ പ്രവിശ്യയില്‍ ലഹള പൊട്ടിപ്പുറപ്പെട്ടു. കമ്മ്യൂനിസ്റ്റ് ഇടതു ഗവണ്‍മെന്റിന്റെ സാമ്പത്തിക ആയുധ സഹായം ലഭിച്ച വിമതരെ സഹായിചിരുന്നത് തെക്കന്‍ യമനായിരുന്നു. വിമതരുടെ ദോഫാര്‍ ലിബറേഷന്‍ ഫ്രണ്ട് എന്ന സംഘടന പിന്നീട് മാര്‍ക്‌സിസ്റ്റ് വാദ പോപുലര്‍ ഫ്രണ്ട് ഫോര്‍ ദ ലിബറേഷന്‍ ഓഫ് ഒമാന്‍ ആന്‍ഡ് അറബ് ഗള്‍ഫ് എന്ന സംഘടനയില്‍ ലയിച്ചു. പി എഫ് എല്‍ എ ഒയുടെ പ്രഖ്യാപിത ലക്ഷ്യം പേര്‍ഷ്യന്‍ ഗള്‍ഫ് ഭരിക്കുന്ന എല്ലാ രാജ്യങ്ങളെയും അട്ടിമറിക്കുക എന്നതായിരുന്നു. 1974ല്‍ ലഹള നടക്കുമ്പോള്‍ തന്നെ ബഹ്‌റൈനും ഒമാനും വേണ്ടി പ്രത്യേക സംഘടനകളായി രൂപാന്തരം പ്രാപിച്ച് പോപുലര്‍ ഫ്രണ്ട് ഫോര്‍ ദ ലിബറേഷന്‍ ഓഫ് ഒമാന്‍- പി എഫ് എല്‍ ഒ എന്ന് പേരു മാറ്റി.

  1970ല്‍ ഖാബൂസ് ബിന്‍ സഈദ് അല്‍ സൈദ് അധികാരമേറ്റത് ഒമാന്റെ ചരിത്രത്തിന് പുതിയ ദിശ പകര്‍ന്നു. ഇന്ത്യയിലും ഇംഗ്ലണ്ടിലും പഠിച്ച പുതിയ രാജാവിന്റെ വെല്ലുവിളി പകര്‍ച്ച വ്യാധികള്‍, നിരക്ഷരത, ദാരിദ്ര്യം എന്നിവയായിരുന്നു. നാട് വിട്ടു പോയ ഒമാനികളെ തിരിച്ചു കൊണ്ടുവന്നു ഒമാനെ പതിയെ പുരോഗമനത്തിലേക്കു നടത്താന്‍ അദ്ദേഹത്തിന്നായി.
  ദോഫാര്‍ ലഹള നിര്‍ത്താന്‍ വേണ്ടി സുല്‍ത്താന്‍ ഖാബൂസ് സായുധ സൈന്യത്തെ ശക്തിപ്പെടുത്തി. കീഴടങ്ങുന്ന വിമതര്‍ക്ക് പൊതുമാപ്പ് നല്‍കി. യു കെ, ഇറാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളില്‍ നിന്നു സൈനിക സഹായം നേടി. 1975ല്‍ ഗറില്ലകളെ 50 കിലോമീറ്ററിലേക്ക് ഒതുക്കാന്‍ സുല്‍ത്താനായി. 1983ല്‍ സൗത്ത് യമനും ഒമാനും തമ്മില്‍ നയതന്ത്ര കരാറോടെ വിമത ഭീഷിണി പടെ ഇല്ലാതായി.
  ഭരിക്കുന്ന 26 അംഗ മന്ത്രിസഭയെ തിരഞ്ഞെടുക്കുന്നത് സുല്‍ത്താന്‍ നേരിട്ടു തന്നെയാണ്. മജ്‌ലിസ് അല്‍ ശൂറ സാമ്പത്തിക വികസനവും സമൂഹിക സേവനങ്ങളെയും സംബന്ധിച്ച ബില്ലുകള്‍ നിയമമാകുന്നതിനു മുമ്പ് പരിശോധിച്ചു നോക്കുന്നു. നവംബര്‍ 1996ല്‍ എഴുതപ്പെട്ട ഒരു ഭരണഘടന രാജ്യം പ്രാബല്യത്തില്‍ വരുത്തി. ഖുര്‍ആനെയും പ്രാദേശിക നിയമങ്ങളും ഉള്‍കൊള്ളിച്ചിട്ടുള്ളവയാണ് ഭരണഘടന. മജ്‌ലിസ് അല്‍ ശൂറയില്‍ 83 അംഗങ്ങളുണ്ട്. മജ്‌ലിസ് അല്‍ ദൗല എന്ന സംസ്ഥാന കൗണ്‍സില്‍ 2000ത്തില്‍ രൂപവത്കരിച്ചു ജനാധിപത്യത്തിന്റെ പാഠങ്ങളും ഒമാന്‍ ജനതക്കു പകര്‍ന്നു നല്‍കുന്നു.