Connect with us

International

കനത്ത സുരക്ഷയില്‍ ഫ്രാന്‍സില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

Published

|

Last Updated

സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ബെനോയിട് ഹാമോന്‍ വോട്ട് ചെയ്ത ശേഷം പുറത്തേക്ക് വരുന്നു

പാരീസ്: കനത്ത സുരക്ഷയില്‍ ഫ്രാന്‍സില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. യൂറോപ്യന്‍ യൂനിയനിലും പാശ്ചാത്യ രാജ്യങ്ങളിലും നിര്‍ണായക നയതന്ത്ര, സാമ്പത്തിക മാറ്റങ്ങള്‍ക്ക് കാരണമായേക്കാവുന്ന തിരഞ്ഞെടുപ്പ് ഫലത്തിനായി ഉറ്റുനോക്കുകയാണ് ലോകം. ആദ്യ ഘട്ട തിരഞ്ഞെടുപ്പില്‍ മികച്ച പോളിംഗ് രേഖപ്പെട്ടുത്തിയിട്ടുണ്ടെന്നും ഇന്നലെ പ്രാദേശിക സമയം എട്ടുവരെ വോട്ടെടുപ്പ് നടന്നതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇസില്‍ ഭീകരാക്രമണ ഭീതി നിലനില്‍ക്കുന്നതിനാല്‍ വന്‍ സുരക്ഷാ സംവിധാനങ്ങളാണ് രാജ്യത്താകമാനം ഏര്‍പ്പെടുത്തിയത്. ആകെ 66,546 പോളിംഗ് ബൂത്തുകളാണ് രാജ്യത്ത് സംവിധാനിച്ചത്. ബൂത്തുകളിലെ സുരക്ഷക്കായി അരലക്ഷം പോലീസുകാരും ഏഴായിരം സൈനികരും നിലയുറപ്പിച്ചിട്ടുണ്ട്.

പ്രമുഖരായ നാല് സ്ഥാനാര്‍ഥികളില്‍ മുന്നിലെത്തുന്ന ആദ്യ രണ്ട് പേര്‍ക്കാണ് മെയ് ഏഴിന് നടക്കുന്ന അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകുക. നാല് പേര്‍ക്കും ഒരുപോലെ വിജയസാധ്യത നല്‍കുന്നതാണ് അവസാനഘട്ടം പുറത്തുവരുന്ന അഭിപ്രായ സര്‍വെ പറയുന്നത്.
മുന്‍ മന്ത്രിയും എന്‍ മാര്‍ഷെ പാര്‍ട്ടിയുടെ നേതാവുമായ ഇമ്മാനുവല്‍ മാക്രോണ്‍, തീവ്രവലതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ ഫ്രണ്ടിന്റെ പ്രസിഡന്റ് മാരിനെ ലി പെന്‍, മുന്‍ മന്ത്രിയും റിപ്പബ്ലിക് പാര്‍ട്ടി നേതാവ് ഫ്രങ്കോയിസ് ഫില്ലണ്‍, ഇടതുപക്ഷ പാര്‍ട്ടിയായ ലാ ഫ്രാന്‍സ് ഇന്‍സൗമൈസ് പാര്‍ട്ടി നേതാവ് ജീന്‍ ലുക് മെലെഞ്ചണ്‍ എന്നിവരാണ് തിരഞ്ഞെടുപ്പില്‍ അങ്കം കുറിക്കുന്നത്.

ബ്രിട്ടന് പിന്നാലെ ഇ യുവില്‍ നിന്ന് ഫ്രാന്‍സിനെ മോചിപ്പിക്കുക, പുതിയ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടപ്പാക്കുക, കുടിയേറ്റ, മുസ്‌ലിംവിരുദ്ധ നിലപാടുകള്‍ എന്നിവയാണ് ഫ്രാന്‍സ് തിരഞ്ഞെടുപ്പില്‍ കൂടുതലായി ചര്‍ച്ച ചെയ്തത്. കടുത്ത കുടിയേറ്റവിരുദ്ധ നിലപാടും ഇ യുവിനോടുള്ള ബന്ധം വിച്ഛേദിപ്പിക്കണമെന്നും ആവശ്യം ഉയര്‍ത്തുന്ന ലി പെന്‍, മക്രോണ്‍ എന്നീ സ്ഥാനാര്‍ഥികളുടെ മുന്നേറ്റം ഭീതിയോടെയാണ് ലോകം നോക്കിക്കാണുന്നത്. അമേരിക്കയില്‍ തീവ്ര വലതുപക്ഷ പാര്‍ട്ടി നേതാവും കടുത്ത കുടിയേറ്റവിരുദ്ധ നിലപാടുകാരനുമായ ഡൊണാള്‍ഡ് ട്രംപിന് ലഭിച്ചതിന് സമാനമായ പിന്തുണ ഫ്രാന്‍സിലും ആവര്‍ത്തിക്കുകയാണെങ്കില്‍ ലി പെന്നായിരിക്കും ഫ്രാന്‍സിന്റെ അടുത്ത പ്രസിഡന്റ്.
എന്നാല്‍, മുസ്‌ലിം, കുടിയേറ്റവിരുദ്ധ വികാരങ്ങള്‍ക്ക് അമേരിക്കയിലേതിനെ പോലുള്ള വേരോട്ടം ഫ്രാന്‍സില്‍ ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

Latest