ആഗോള സമൂഹം കാണുന്ന ഇന്ത്യ

Posted on: April 19, 2017 6:00 am | Last updated: April 18, 2017 at 11:16 pm

ജനാധിപത്യവും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രമെന്ന നിലയില്‍ ലോകത്തിന്റെ മുമ്പില്‍ തിളങ്ങി നിന്നിരുന്ന ഇന്ത്യയെക്കുറിച്ച് ആഗോള സമൂഹത്തിന്റെ ഇന്നത്തെ കാഴ്ചപ്പാടെന്തെന്ന് വ്യക്തമാക്കുന്നതാണ് സ്വതന്ത്ര ഗവേണഷ സ്ഥാപനമായ പ്യൂ റിസര്‍ച്ച് സെന്ററിന്റെ പുതിയ റിപ്പോര്‍ട്ട്. വര്‍ഗീയതയും വംശീയതയും മതവിദ്വേഷ പ്രവര്‍ത്തനങ്ങളും അതിരൂക്ഷമായ രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നുവെന്നാണ് സെന്ററിന്റെ പഠനം കാണിക്കുന്നത്. മതവിദ്വേഷ പ്രവര്‍ത്തനങ്ങളുടെ ലോക റാങ്കിംഗില്‍ ഇന്ത്യ നാലാം സ്ഥാനത്താണെന്നാണ് സെന്ററിന്റെ വിലയിരുത്തല്‍. സിറിയ, നൈജീരിയ, ഇറാഖ് രാജ്യങ്ങളാണ് ഒന്നും രണ്ടും മൂന്നും സ്ഥാനത്ത്. മതവിദ്വേഷത്തെ തുടര്‍ന്നുണ്ടാകുന്ന കുറ്റകൃത്യങ്ങള്‍, വര്‍ഗീയ സംഘര്‍ഷങ്ങള്‍, സാമുദായിക ലഹളകള്‍, മതവുമായി ബന്ധപ്പെട്ട തീവ്രവാദ പ്രവര്‍ത്തനങ്ങള്‍, മതപരിവര്‍ത്തനത്തിന്റെ പേരിലുള്ള അതിക്രമങ്ങള്‍ തുടങ്ങിയ കുറ്റകൃത്യങ്ങളുടെ നിരക്ക് പരിശോധിച്ചാണ് സംഘടന പട്ടിക തയാറാക്കിയത്.

2014 മുതലാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ ഇന്ത്യയില്‍ വര്‍ധിച്ചതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും ഇടയിലാണ് കൂടുതല്‍ സംഘര്‍ഷം നിലനില്‍ക്കുന്നത്. ഗോഹത്യ ആരോപിച്ച് 2015ല്‍ ഇന്ത്യയില്‍ വിവിധയിടങ്ങളില്‍ മുസ്‌ലിംകള്‍ക്കെതിരെ നടന്ന തീവ്ര ഹിന്ദുത്വത്തിന്റെ ആക്രമണങ്ങളും ജനക്കൂട്ട ഹിംസയുമാണ് ഇന്ത്യയുടെ മോശം റാങ്കിംഗിനു പ്രധാന കാരണമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ കതായുന്‍ കിഷിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത കാലത്തായി മതങ്ങള്‍ക്ക് മേലുള്ള സര്‍ക്കാറിന്റെ നിയന്ത്രണവും ന്യൂനപക്ഷ സമുദായങ്ങളോടുള്ള വിരോധവും ശക്തമായിരിക്കയാണ്. ഗോവധ നിരോധം ശക്തമാക്കി മുസ്‌ലിംകളോട് മതവിദ്വേഷം പ്രകടിപ്പിച്ച സര്‍ക്കാര്‍, ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങളില്‍ പരാതികള്‍ ലഭിച്ചിട്ടും നടപടികള്‍ എടുക്കുന്നില്ലെന്നും കതായുന്‍ കിഷി വിലയിരുത്തുന്നു. ഐക്യരാഷ്ട്ര സഭയുടെയും യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒകളുടെയും റിപ്പോര്‍ട്ടുകളാണ് പഠന റിപ്പോര്‍ട്ട് തയാറാക്കാന്‍ അവലംബമാക്കിയത്.

കഴിഞ്ഞ വര്‍ഷം മെയില്‍ പ്രസിദ്ധീകരിച്ച അമേരിക്കയിലെ ഇന്റര്‍നാഷനല്‍ റിലീജിയസ് ഫ്രീഡം കമ്മീഷന്റിപ്പോര്‍ട്ടിലെ വിലയിരുത്തലും സമാനമായിരുന്നു. ഇന്ത്യയില്‍ മതസ്വാതന്ത്ര്യം കടുത്ത വെല്ലുവിളി നേരിടുകയാണ്. രാജ്യത്തെ മതന്യൂനപക്ഷങ്ങളായ മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ് വിഭാഗങ്ങള്‍ ഹൈന്ദവ സംഘടനകളില്‍ നിന്ന് രൂക്ഷമായ ഭീഷണിയും പീഡനവും അനുഭവിക്കുകയും ആക്രമണങ്ങള്‍ക്ക് വിധേയമാകുകയും ചെയ്യുന്നു. ഭരണകക്ഷിയായ ബി ജെ പിയിലെ നേതാക്കള്‍ ഈ ഹൈന്ദവ തീവ്രവാദ സംഘടനകളെ പിന്തുണക്കുകയും പ്രശ്‌നം വഷളാക്കുന്ന വിധത്തില്‍ പ്രസ്താവനകള്‍ നടത്തുന്നതായും ഫ്രീഡം റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ വര്‍ഷം യു എസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടണിലേക്ക് പുറപ്പെടുന്നതിന് തൊട്ടു മുമ്പിറങ്ങിയ റിപ്പോര്‍ട്ടില്‍ ഇന്ത്യയുമായുള്ള ഉഭയകക്ഷി ചര്‍ച്ചകളില്‍ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍കൂടി ഉള്‍പ്പെടുത്തണമെന്നും അമേരിക്കന്‍ സംഘടന ഭരണകൂടത്തോടാവശ്യപ്പെട്ടിരുന്നു. ഒബാമ- മോദി കൂടിക്കാഴ്ചയില്‍ ഇക്കാര്യം ചര്‍ച്ചക്ക് വന്നതായി യുഎസ് വക്താക്കള്‍ വെളിപ്പെടുത്തുകയുമുണ്ടായി.
ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ചു വ്യക്തമായ ധാരണയില്ലാത്തവരാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്നും ഇവിടെ മതവിദ്വേഷ പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ലെന്നുമായിരുന്നു ഫ്രീഡം റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ മോദി സര്‍ക്കാറിന്റെ പ്രതികരണം. പ്യൂ റിസര്‍ച്ച് സെന്ററിന്റെ പുതിയ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള പ്രതികരണവും വ്യത്യസ്ഥമല്ല. എന്നാല്‍, കണ്ണടച്ചാല്‍ ലോകത്തെ ഇരുട്ടിലാക്കാന്‍ കഴിയില്ല. ഇന്ത്യയില്‍ നടക്കുന്ന ഓരോ ചലനങ്ങളും ലോകം വ്യക്തമായി നിരീക്ഷിക്കുന്നുണ്ട്.

പ്രകോപനപരമായ വര്‍ഗീയ പ്രസ്താവനകളില്‍ ബി ജെ പി, ആര്‍ എസ് എസ് നേതാക്കള്‍ മത്സരത്തിലാണ്. അധികാരത്തിന്റെ തണലില്‍ അവരുടെ വര്‍ഗീയ ചിന്തകള്‍ക്ക് തീപിടിച്ചിരിക്കുന്നു. മതന്യൂനപക്ഷങ്ങള്‍ ഇന്ത്യയില്‍ ജീവിക്കുന്നതും ഭരണകൂടം അവര്‍ക്ക് എന്തെങ്കിലും അവകാശങ്ങള്‍ വകവെച്ചു കൊടുക്കുന്നതും സംഘ്പരിവാറിന്റെ ഔദാര്യം കൊണ്ടാണെന്ന് ധ്വനിപ്പിക്കുന്ന വാക്കുകളാണ് പലരുടെയും വായില്‍ നിന്ന് പുറത്തുവരുന്നത്. വര്‍ഗീയ സംഘര്‍ഷങ്ങളും ഗോമാംസ നിരോധം പോലുള്ള ഹിന്ദുത്വ അജന്‍ഡകളും അടിച്ചേല്‍പ്പിക്കുന്ന പ്രവണതയും വര്‍ധിക്കുന്നു. രാഷ്ട്രീയ പരിചയം, പക്വത, ജനസേവന ത്വര തുടങ്ങിയവയാണ് പൊതുവെ അധികാര പദവിയുടെ മാനദണ്ഡമെങ്കില്‍ തീവ്രവര്‍ഗീയ നിലപാടാണ് സംഘ്പരിവാര്‍ യോഗ്യതയായി കണക്കാക്കുന്നതെന്നാണ് യു പിയിലെയും മറ്റും അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. ജനാധിപത്യ, മതേതര തത്വങ്ങളെ തകിടം മറിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ ഇന്ത്യയോടുണ്ടായിരുന്ന ആഗോള സമൂഹത്തിന്റെ മതിപ്പ് പാടേ നഷ്ടമാകുമെന്ന് ബി ജെ പി നേതൃത്വം മനസ്സിലാക്കേണ്ടതുണ്ട്. ഡിജിറ്റലൈസേഷനിലൂടെയല്ല, ഓരോ പൗരനും ഭയരഹിതമായി ജീവിക്കാനുള്ള സാഹചര്യം ഉറപ്പ് വരുത്തുന്നതിലൂടെ മാത്രമേ രാജ്യത്തോടുള്ള പുറം ലോകത്തിന്റെ മതിപ്പും ആദരവും തിരിച്ചു പിടിക്കാനാവുകയുള്ളൂ.