Connect with us

Gulf

വാഹന ഇന്‍ഷ്വറന്‍സ്: ക്യു സി ബി പുതിയ സര്‍ക്കുലറുകള്‍ ഇറക്കി

Published

|

Last Updated

ദോഹ: വാഹന ഇന്‍ഷ്വറന്‍സുമായി ബന്ധപ്പെട്ട് ഖത്വര്‍ സെന്‍ട്രല്‍ ബേങ്ക് (ക്യു സി ബി) ഗവര്‍ണര്‍ അബ്ദുല്ല ബിന്‍ സഊദ് അല്‍ താനി രണ്ട് സര്‍ക്കുലറുകള്‍ പുറത്തിറക്കി. ഇന്‍ഷ്വറന്‍സ് രേഖകള്‍ നല്‍കുന്നതിലെ മാനദണ്ഡങ്ങള്‍, ഇടപാടുകാരുടെ സംരക്ഷണം, വാഹനങ്ങളുടെ ഇന്‍ഷ്വറന്‍സ് കവറേജ് സംബന്ധിച്ച വ്യവസ്ഥകളടങ്ങിയതാണ് സര്‍ക്കുലറുകള്‍. പുതിയ നിര്‍ദേശങ്ങള്‍ ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു.

ഇന്‍ഷ്വറന്‍സ് കമ്പനികളിലെ ജീവനക്കാരും ബ്രോക്കര്‍മാരും അവരുടെ ബിസിനസ് കാര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുകയും തൊഴില്‍ വിവരമോ തൊഴില്‍ നമ്പറോ ഇന്‍ഷ്വറന്‍സ് രേഖയില്‍ ഉള്‍ക്കൊള്ളിക്കുകയും വേണം. ഉപഭോക്താക്കള്‍ക്ക് ജീവനക്കാരെ തിരിച്ചറിയുന്നതിനും രേഖയുടെ സ്രോതസ്സിന്റെ ഉത്തരവാദിത്വം നിര്‍ണിയിക്കുന്നതിനും വേണ്ടിയാണിത്. ഒരു കാരണവശാലും ഇടപാടുകാരില്‍ നിന്ന് പണം ശേഖരിക്കരുത്. ഇത് നിരോധിച്ചിട്ടുണ്ട്. കമ്പനിയെ സംബന്ധിച്ച വിവരം ഉപഭോക്താക്കള്‍ക്ക് നല്‍കണം. ഉന്നത നിലവാരത്തിലുള്ള സേവനം ലഭിക്കുന്നതിന് ഇടപാടുകാര്‍ക്ക് അവകാശമുണ്ട്. അപകടം കെട്ടിച്ചമക്കല്‍ അല്ലെങ്കില്‍ ട്രാഫിക്ക് റിപ്പോര്‍ട്ടില്‍ ഇല്ലാതിരിക്കുക തുടങ്ങിയ പശ്ചാത്തലങ്ങളില്‍ സ്വന്തം നിലക്ക് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ഇന്‍ഷ്വറന്‍സ് നല്‍കുന്നതില്‍ നിന്ന് പിന്മാറരുത്.

അപകടം പുനരന്വേഷിക്കണമെന്നുണ്ടെങ്കില്‍ ഇന്‍ഷ്വറന്‍സ് കമ്പനി, ട്രാഫിക് വകുപ്പിലെ പട്രോള്‍, ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടറുമായി ബന്ധപ്പെടണം. വാഹനങ്ങള്‍ കൂട്ടിയിടിക്കാത്ത അപകടങ്ങളില്‍ കാരണക്കാരായ വാഹനത്തിന് കേടുപാട് സംഭവിക്കാതിരിക്കുകയും പട്രോള്‍ സംഘം ട്രാഫിക് കേസായാണ് ഇത് പരിഗണിക്കുകയും ചെയ്തതെങ്കില്‍ ഇരക്ക് കമ്പനി ഇന്‍ഷ്വറന്‍സ് നല്‍കണം. കാരണക്കാരായ വാഹനത്തിന്റെ ഡ്രൈവറുടെ ലൈസന്‍സ് ആറ് മാസത്തില്‍ കുറഞ്ഞ കാലയളവില്‍ കാലാവധി കഴിഞ്ഞതാണെങ്കില്‍ ട്രാഫിക് കേസായി അപകടം മാറ്റുന്നത് കാത്തുനില്‍ക്കാതെ എത്രയും വേഗം ഇരക്ക് കമ്പനി ഇന്‍ഷ്വറന്‍സ് നല്‍കണം. ലൈസന്‍സ് കാലാവധി അവസാനിച്ച് ആറ് മാസം പിന്നിട്ടതാണെങ്കില്‍ ട്രാഫിക് കേസായി അപകടം മാറുകയും ചെയ്യുന്ന അവസരത്തില്‍ കോടതി വിധി വരുന്നതിന് മുമ്പ് ഇരക്ക് ഇന്‍ഷ്വറന്‍സ് നല്‍കണം. അപകടം വരുത്തിയയാള്‍ക്ക് ലേണിംഗ് ഡ്രൈവിംഗ് ലൈസന്‍സുണ്ടാകുകയും മൂന്ന് വര്‍ഷം മുമ്പ് ഖത്വരി ലൈസന്‍സ് എടുത്തയാള്‍ കൂടെയുണ്ടായിരിക്കെയുമാണെങ്കില്‍ കമ്പനി ഇന്‍ഷ്വറന്‍സ് നല്‍കണം. കൂടെയുള്ളയാള്‍ ഡ്രൈവിംഗ് അധ്യാപന ലൈസന്‍സ് ഉള്ളയാള്‍ ആകണമെന്നില്ല.

ലോഡ് ഇന്‍ഷ്വറന്‍സ് ചെയ്തില്ലെന്ന് ട്രാഫിക് റിപ്പോര്‍ട്ടില്‍ പ്രസ്താവിച്ചാല്‍ കമ്പനികള്‍ ഇന്‍ഷ്വറന്‍സ് നല്‍കണം. വര്‍ക്‌ഷോപ്പിലാണ് അപകടം നടന്നതെങ്കില്‍ ഇരക്ക് കമ്പനി ഇന്‍ഷ്വറന്‍സ് നല്‍കണം. തെറ്റായ ദിശയിലെ ഡ്രൈവിംഗിനിടെയുള്ള അപകടം, വാണിജ്യ കേന്ദ്രങ്ങളിലെയും ഗ്യാസ് സ്റ്റേഷനുകളിലെയും പാര്‍പ്പിട സമുഛയങ്ങളുടെ അകത്തെയും അപകടങ്ങള്‍ തുടങ്ങിയവക്കും ഇന്‍ഷ്വറന്‍സ് നല്‍കേണ്ടതുണ്ട്.
വാഹനത്തിന്റെ കേടുപാടുകള്‍ കണക്കാക്കുന്നതില്‍ ഇന്‍ഷ്വറന്‍സ് കമ്പനിയും ഇടപാടുകാരനും തമ്മില്‍ തര്‍ക്കമുണ്ടായാല്‍ ക്യു സി ബിയുടെ ലൈസന്‍സുള്ള വിദഗ്ധന്റെ സഹായം തേടാം. കേടുപാടുകള്‍, കാരണം പുനഃപരിശോധിക്കല്‍, ഇന്‍ഷ്വറന്‍സ് കവറേജ് തുടങ്ങിയവയെ സംബന്ധിച്ച കരട് റിപ്പോര്‍ട്ടാണ് വിദഗ്ധന്‍ നല്‍കേണ്ടത്. ഇതിനുള്ള ചെലവും ഫീസുമെല്ലാം ഇന്‍ഷ്വറന്‍സ് കമ്പനി വഹിക്കണം. തര്‍ക്കം തുടങ്ങി അഞ്ച് പ്രവൃത്തി ദിവസത്തിനകം വിദഗ്ധനെ സമീപിച്ചില്ലെങ്കില്‍ കക്ഷികള്‍ക്കും ഇരകള്‍ക്കും കമ്പനിയുടെ ചെലവില്‍ ഇത് ചെയ്യാവുന്നതാണെന്നും സര്‍ക്കുലറില്‍ പറയുന്നു.

 

Latest