സൂപ്പര്‍ സായ്‌

Posted on: April 17, 2017 3:35 pm | Last updated: April 17, 2017 at 3:35 pm

സിംഗപ്പൂര്‍: ഇന്ത്യന്‍ താരങ്ങള്‍ മുഖാമുഖം വന്ന ഫൈനല്‍ പോരാട്ടത്തില്‍ കിഡംബി ശ്രീകാന്തിനെ പരാജയപ്പെടുത്തി ബി സായ് പ്രണീത് സിംഗപ്പൂര്‍ ഓപണ്‍ സൂപ്പര്‍ സീരീസ് കിരീടം ചൂടി. മൂന്ന് ഗെയിമുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് സായ് കിരീടം സ്വന്തമാക്കിയത്. സായ്‌യുടെ ആദ്യ സൂപ്പര്‍ സീരീസ് കിരീടമാണിത്. സ്‌കോര്‍: 17-21, 21-17, 21-12.

ആദ്യ ഗെയിം കൈവിട്ടശേഷം തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയ സായ് രണ്ടും മൂന്നും ഗെയിമുകള്‍ സ്വന്തമാക്കി കിരീടത്തില്‍ മുത്തമിടുകയായിരുന്നു. പോരാട്ടം 54 മിനുട്ട് നീണ്ടു. ചരിത്രത്തിലാദ്യമായാണ് സൂപ്പര്‍ സീരീസ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യന്‍ താരങ്ങള്‍ ഏറ്റുമുട്ടുന്നത്.
ഉജ്ജ്വല പോരാട്ട വീര്യം പുറത്തെടുത്താണ് ശ്രീകാന്തിനെ സായ് കീഴടക്കിയത്. 19 മിനുട്ട് നീണ്ട ആദ്യ ഗെയിം സായ് 21-17ന് അടിയറവ് പറഞ്ഞു. ഇടവേള സമയത്ത് ശ്രീകാന്ത് 11-7ന് മുന്നിലായിരുന്നു. പിന്നീട് സ്‌കോര്‍ 14-15 ല്‍ എത്തിയെങ്കിലും അവസാന ഘട്ടത്തില്‍ പിടിമുറിക്കിയ ശ്രീകാന്ത് 17-21ന് ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമിന്റെ തുടക്കത്തില്‍ 6-1 സ്‌കോറിന് ശ്രീകാന്ത് ആധിപത്യം പുലര്‍ത്തി. ഇവിടെ നിന്നും പൊരുതിത്തുടങ്ങിയ സായ് സ്‌കോര്‍ 7-7, 10-10ല്‍ എത്തിച്ച ശേഷം 20-17ന് ഗെയിം പിടിച്ചെടുത്തു. മൂന്നാം ഗെയിമില്‍ സായ് സമഗ്രാധിപത്യം പുലര്‍ത്തി. ഒരു ഘട്ടത്തില്‍ 16-8 ന് ലീഡെടുത്ത സായ് 21-12 ന് ഗെയിമും കരിയറിലെ ആദ്യ സൂപ്പര്‍ സീരീസ് കിരീടവും നേടിയെടുത്തു.
ഇന്തോനേഷ്യയുടെ ആന്റണി ഗിന്റിംഗിനെ കീഴടക്കിയാണ് ശ്രീകാന്ത് ഫൈനലില്‍ കടന്നത്. സായ് പ്രണീത് കൊറിയയുടെ ലി ഡോംഗ് ക്യുനെ പരാജയപ്പെടുത്തി കലാശപ്പോരിന് ടിക്കറ്റെടുത്തു. ജനുവരിയില്‍ സഈദ് മോഡി ഗ്രാന്‍ പ്രീ ചാമ്പ്യന്‍ഷിപ്പില്‍ പ്രണീത് ഫൈനലിലെത്തിയിരുന്നു. ഇരുപത്തിനാലുകാരനായ ഹൈദരാബാദുകാരന്‍ കഴിഞ്ഞ വര്‍ഷാവസാനം കാനഡ ഓപണ്‍ കിരീടവും നേടിയിരുന്നു.