Connect with us

Editorial

യുദ്ധ ഭീതി

Published

|

Last Updated

അമേരിക്ക പ്രകോപനം തുടര്‍ന്നാല്‍ ആണവായുധങ്ങള്‍ ഉപയോഗിച്ച് തിരിച്ചടിക്കുമെന്ന ഉത്തര കൊറിയയുടെ പ്രഖ്യാപനം മേഖലയില്‍ മാത്രമല്ല, ലോകത്തെയാകെ യുദ്ധ ഭീതിയുണര്‍ത്തിയിരിക്കുകയാണ്. അത്യന്തം സങ്കീര്‍ണവും നിഗൂഢവുമായ ഭരണ സംവിധാനമാണ് ഉത്തര കൊറിയയിലുള്ളത്. അവിടെ കുടുംബവാഴ്ചയും സ്വേച്ഛാധിപത്യവുമാണ് അരങ്ങേറുന്നത്. തനിക്കെതിരെ ശബ്ദിക്കുന്നവരെ മുഴുവന്‍, അത് കുടുംബക്കാരായാല്‍ പോലും, കൊന്നൊടുക്കുന്ന നവ യുവാവ് കിം ജോംഗ് ഉന്‍ ആണ് ഭരണത്തലവന്‍. ഈ രാജ്യത്തെ സംബന്ധിച്ച് പുറത്ത് വരുന്ന വാര്‍ത്തകള്‍ പലതും അതിശയോക്തിപരമാണ്. മാധ്യമ സ്വാതന്ത്ര്യം തീരെയില്ലാത്തതിനാല്‍ സര്‍ക്കാറിന് താത്പര്യമുള്ള വാര്‍ത്തകള്‍ മാത്രമേ പുറം ലോകത്തെത്തുകയുള്ളൂ. മിസൈലുകളില്‍ ഉപയോഗിക്കാവുന്ന ആണവായുധങ്ങള്‍ തങ്ങളുടെ പക്കല്‍ നിരവധിയുണ്ടെന്നാണ് ഉ. കൊറിയ അവകാശപ്പെടുന്നത്. മുങ്ങിക്കപ്പലുകളില്‍ നിന്ന് തൊടുത്തു വിടാവുന്ന ബാലിസ്റ്റിക് മിസൈലുകള്‍, അമേരിക്കയോളം എത്താന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ തുടങ്ങി മാരകമായ ആയുധങ്ങളുടെ വന്‍ ശേഖരം തങ്ങള്‍ക്കുണ്ടെന്നും അവര്‍ അവകാശപ്പെടുന്നു. എന്നാല്‍ ഇതിനൊന്നിനും വ്യക്തമായ തെളിവില്ലെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ പക്ഷം.

ഉ. കൊറിയയുടെ പല മിസൈല്‍ പരീക്ഷണങ്ങളും വന്‍ പരാജയമായിരുന്നുവെന്നും പറയപ്പെടുന്നു. ദക്ഷിണ കൊറിയ അമേരിക്കയുടെ ആശ്രിത രാജ്യമാണ്. ഒരിക്കല്‍ ഒന്നായിരിക്കുകയും പിരിഞ്ഞ ശേഷം കടുത്ത ശത്രുത പുലര്‍ത്തുകയും ചെയ്യുന്ന ഉത്തര, ദക്ഷിണ കൊറിയകളുടെ കാര്യത്തില്‍ അമേരിക്ക ഇടപെടുന്നത് പ്രധാനമായും ഈ ആശ്രിത വാത്സല്യത്തിന്റെ പേരിലാണ്. ഉത്തര കൊറിയയെപ്പോലെ “ഉത്തരവാദിത്വമില്ലാത്ത” ഒരു രാജ്യത്തിന് ആണവായുധങ്ങള്‍ കൈവരുന്നതും അത് വന്‍കിട ആയുധശക്തിയാകുന്നതും ലോകത്തിന് ഭീഷണിയാണെന്ന സിദ്ധാന്തവും അമേരിക്ക മുന്നോട്ട് വെക്കുന്നു. യു എസില്‍ ട്രംപ് അധികാരത്തില്‍ വന്ന ശേഷം ഉത്തര കൊറിയക്കെതിരായ പ്രസ്താവനകള്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകോപനപരത കൈവരിച്ചിരുന്നു.
ഇതിനുള്ള മറുപടിയെന്ന നിലയിലാണ് ഉത്തര കൊറിയന്‍ അധികാരികള്‍ യുദ്ധാഹ്വാനം നടത്തിയിരിക്കുന്നത്. ഉത്തര കൊറിയയുടെ സ്ഥാപക നേതാവായി അറിയപ്പെടുന്ന കിം ഇല്‍ സംഗിന്റെ 105-ാം ജന്‍മവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന കൂറ്റന്‍ സൈനിക പരേഡിനെ അഭിസംബോധന ചെയ്തു കൊണ്ട് രാജ്യത്തിന്റെ രണ്ടാമത്തെ മുതിര്‍ന്ന നേതാവ് ചോ റിയോംഗ് ഹേയാണ് അമേരിക്കയെ ആഞ്ഞടിച്ച് രംഗത്തെത്തിയത്. യുദ്ധത്തിന് ആര് ഇറങ്ങിയാലും യുദ്ധം കൊണ്ട് തന്നെ തിരിച്ചടിക്കും. ആണവാക്രമണത്തെ സ്വന്തം ആണവായുധങ്ങള്‍ കൊണ്ട് തന്നെ നേരിടും. ചോ റിയോംഗ് ഹേ പറഞ്ഞു.
യുദ്ധോത്സുകരായ ഭരണാധികാരികളാണ് എക്കാലത്തും ഏറ്റുമുട്ടലിന്റ ഇരുണ്ട നാളുകളിലേക്ക് ലോകത്തെ നയിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ ട്രംപിനെയും ഉ. കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നിനെയും ഒരേ പന്തിയിലേ കാണാനാകൂ. ജനാധിപത്യ രാജ്യത്തിന്റ തലവന്‍ എന്ന നിലയില്‍ ട്രംപ് കൂടുതല്‍ അപകടകാരിയാണ് താനും. അദ്ദേഹം അധികാരമേറ്റ ശേഷം അമേരിക്ക കൂടുതല്‍ അക്രമാസക്തമാകുകയാണ്. സിറിയയില്‍ ബശര്‍ അല്‍ അസദ് ഭരണകൂടം രാസായുധം പ്രയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി ശക്തമായ ബോംബാക്രമണത്തിലേക്ക് അമേരിക്ക എടുത്തുചാടി. ഒരു അന്താരാഷ്ട്ര സമിതിയുടെയും അനുമതിക്ക് അദ്ദേഹം കാത്തിരുന്നില്ല. സ്വന്തം കോണ്‍ഗ്രസിനെപ്പോലും നടപടി ബോധ്യപ്പെടുത്തിയുമില്ല. ഇതോടെ റഷ്യ അസദിന്റെ രക്ഷാകര്‍തൃ പദവി ഒരിക്കല്‍ കൂടി പ്രഖ്യാപിച്ചു. വന്‍ ശക്തികളുടെ നേരിട്ടുള്ള ഏറ്റുമുട്ടലിന് സിറിയ വേദിയാകാന്‍ പോകുകയാണ്. അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ ദിവസം അമേരിക്ക വിക്ഷേപിച്ചത് ലോകത്തെ ഏറ്റവും ശക്തിയേറിയ ബോംബാണ്. എല്ലാ ബോംബുകളുടെയും മാതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജി ബി യു 43 ബോംബ് ഇസില്‍ തീവ്രവാദികള്‍ക്ക് മേല്‍ വര്‍ഷിച്ചുവെന്നാണ് പറയുന്നത്. അഫ്ഗാന്‍ ഭരണകൂടത്തെ നോക്കുകുത്തിയാക്കി നടന്ന ഈ മാരക ആക്രമണം അഫ്ഗാനില്‍ നിന്ന് പിന്‍വാങ്ങിയെന്ന് പറയുന്ന അമേരിക്കയുടെ തിനിനിറം വെളിവാക്കുന്നു. ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയിലേക്ക് രണ്ട് ദശാബ്ദത്തിനിടെ ഇതാദ്യമായി സൈന്യത്തെ അയച്ചിരിക്കുകയാണ് ട്രംപ് ഭരണകൂടം.

ക്രൂരമായ ഇടപെടലിന്റെ ഈ പട്ടിക നീളുമെന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്. ഇത് അഹങ്കാരത്തിന്റെയും യുദ്ധവെറിയുടെയും ഉത്കൃഷ്ടതാവാദത്തിന്റെയും സുരക്ഷാ ഭീതിവത്കരണത്തിന്റെയും ആവിഷ്‌കാരങ്ങള്‍ മാത്രമാണ്. ആയുധക്കച്ചവടം തന്നെയാണ് ലക്ഷ്യം. അതത് രാജ്യങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചയുടെയും സമവായത്തിന്റെയും സാധ്യതകള്‍ ഉപയോഗിക്കുകയാണ് വേണ്ടത്. വീറ്റോ അധികാരമടക്കമുള്ള കീഴടങ്ങലുകള്‍ ഉണ്ടെങ്കിലും യു എന്‍ എന്നൊരു സംവിധാനം ഇവിടെയുണ്ടല്ലോ. രാഷ്ട്രങ്ങളുടെ മേഖലാപരമായ കൂട്ടായ്മകള്‍ വേറെയുമുണ്ട്. അവയൊന്നും ഉപയോഗിക്കാതെ സ്വയം ആണവ ശക്തിയായ അമേരിക്ക മറ്റുള്ളവയെ മര്യാദ പഠിപ്പിക്കാനിറങ്ങുമ്പോഴാണ് ലോകം പിളരുന്നത്. അങ്ങനെയാണ് ലോക മഹായുദ്ധങ്ങള്‍ ഉണ്ടാകുന്നത്. ഉത്തര കൊറിയയോടുള്ള മൃദു സമീപനം വ്യക്തമാക്കാനാണെങ്കിലും ചൈന പറഞ്ഞത് പ്രസക്തമാണ്: യുദ്ധത്തില്‍ ആരും ജയിക്കാന്‍ പോകുന്നില്ല.

Latest