അഭിനയത്തോട് അഭിനിവേശം ഉണ്ടാക്കിയത് നാടകമെന്ന്

Posted on: April 7, 2017 3:58 pm | Last updated: April 7, 2017 at 3:26 pm
SHARE

പട്ടാമ്പി;തന്റെ ചെറിയമ്മാവന്‍ മനോജിന്റെ നാടക അഭിനയമാണ് അഭിനയത്തോടുള്ള അഭിനിവേശം തനിക്ക് ഉണ്ടാക്കി തന്നതെന്ന് ഏഷ്യാനെറ്റിലെ പരസ്പരം സീരിയലിലെ വില്ലത്തിനായികയായ മീനാക്ഷിയെ അവതരിപ്പിക്കുന്ന സ്‌നേഹ. തന്റെ സ്‌ക്കൂള്‍ പഠനകാലത്ത് ചെറിയമ്മാവന്‍ മനോജ് ആറങ്ങോട്ടുകര നാടക സംഘത്തിന്റേയും മറ്റും പല പ്രമുഖ നാടകങ്ങളിലും അഭിനയിച്ച് ശ്രദ്ധ നേടിയിരുന്നു.
അമ്മാവന്റെ നാടകങ്ങള്‍ കണ്ട് പിന്നീടത് സ്‌ക്കൂളില്‍ അവതരിപ്പിക്കലായിരുന്നു ആദ്യ കാലത്ത് താന്‍ ചെയ്തിരുന്നതെന്ന് സ്‌നേഹ പറഞ്ഞു. ചെറിയമ്മാവന്‍ അഭിനയത്തിന്റേയും, ടെലിഫിലീമുകളുടേയും പിന്നാലെ നടന്നിരുന്ന കാലത്ത് വളരെ ആരാധനയോടെയാണ് നോക്കിക്കണ്ടിരുന്നത്. ചെറിയമ്മാവനെ പോലെ അഭിനയിക്കുക എന്നതായിരുന്നു കുട്ടിക്കാലത്ത് സ്‌നേഹയുടെ ആഗ്രഹം.

ചെറിയമ്മാവന് നാടക പാരമ്പര്യമൊന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും അഭിനയവും, ടെലിഫിലീമും സിനിമയുമൊക്കെയായി ബന്ധപ്പെട്ട് കുറേ കാലം നടന്നിട്ടുണ്ട്. പിന്നീട് ദുബൈയിലേക്ക് പോവുകയായിരുന്നു. ചെറിയമ്മാവന്റെ നിരവധി നാടകങ്ങള്‍ സ്‌നേഹ കണ്ടിട്ടുണ്ട്.നാടകം കാണാനും, നങ്ങ്യാര്‍ കൂത്ത് കാണാനും ചെറിയമ്മാവനൊപ്പം പല സ്ഥലങ്ങളിലും പോയിട്ടുണ്ട്. നാടകത്തിന് പോയാല്‍ ഏറ്റവും മുന്നില്‍ ഇരിക്കാനായിരുന്നു ഇഷ്ടം. സ്‌നേഹയുടെ അച്ഛന്‍ ദിവാകരനും ആദ്യകാലങ്ങളില്‍ നാടകങ്ങളില്‍ അഭിനയിച്ചിരുന്നു.
നാട്ടുകാരില്‍ പലരും ഇന്നും ഓര്‍ക്കുന്ന കഥാപാത്രമാണ് ചെമ്പകരാമന്‍ എന്ന നാടകത്തിലെ ചെമ്പകരാമന്റേത്. മൂന്ന് വയസു മുതല്‍ സ്‌നേഹ നൃത്തം പഠിച്ചു തുടങ്ങി.കലാമണ്ഡലം അധ്യാപികമാരായ ഗിരിജ, ദേവകി, കൈരളി എന്നീ ടീച്ചര്‍മാരായിരുന്നു ആദ്യ കാല ഗുരുക്കന്മാര്‍ . ഇപ്പോഴും നൃത്തം പഠിക്കുന്നു.

യു പി സ്‌കൂളില്‍ പഠിക്കുമ്പോള്‍ കവിതയെഴുതിയിരുന്നു. സ്‌ക്കൂള്‍ പഠനകാലത്ത് കലാഭവന്‍ മണി നായകനായ പുളളിമാന്‍ എന്ന സിനിമയില്‍ അഭിനയിച്ചു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ സംസ്ഥാന മോണോ ആക്റ്റ് മത്സരത്തില്‍ മൂന്ന് തവണ ഒന്നാം സ്ഥാനം നേടി. ആദ്യം സ്വന്തം സ്‌ക്രിപ്റ്റ് തന്നെയാണ് ചെയ്തത്. പിന്നീട് പ്രമുഖനാടക പ്രവര്‍ത്തകന്‍ അസീസ് പെരിങ്ങോടിന്റെ സ്‌ക്രിപ്റ്റ് ആണ് ചെയ്തത്. ആക്റ്റ് ലാബ് എന്നൊരു കോഴ്‌സും സ്‌നേഹ ചെയ്തിട്ടുണ്ട്. രണ്ടാം വര്‍ഷ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് പരസ്പരം സീരിയലില്‍ അഭിനയിക്കാന്‍ തുടങ്ങിയത്.
പൊന്നമ്പിളി എന്ന ഷോര്‍ട്ട് ഫിലിം ,ഏഷ്യാനെറ്റിലെ സൈക്യാട്രിയുമായി ബന്ധപ്പെട്ട ഷോര്‍ട്ട് ഫിലിം എന്നിവയിലും അഭിനയിച്ചിട്ടുണ്ട്. ന്യത്തവുമായി ബന്ധപ്പെട്ട് ദുബൈ, ഷാര്‍ജ, പൂന എന്നീ സ്ഥലങ്ങളില്‍ പരിപാടിക്ക് പോയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലുവ എന്നീ പ്രദേശങ്ങളില്‍ വെച്ച് സ്‌നേഹയെ ചില സ്ത്രീകള്‍കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്.
സീരിയലിലെ ദീപ്തി എന്ന കഥാപാത്രത്തിന് കണ്ണ് കാണാത്ത അവസ്ഥ വന്നപ്പോഴും, മീനാക്ഷി എന്ന കഥാപാത്രം ‘ര്‍ത്താവുമായി തെറ്റിപ്പിരിഞ്ഞപ്പോഴുമായിരുന്നു ഇത്. പരസ്പരം സീരിയലിലെ കഥാപാത്രം കുശുമ്പും, കുനുട്ടുമൊക്കെ ഉള്ള ഒരു പ്രീഡിഗ്രിക്കാരിയാണ്.
ആ വേഷം തിരിച്ചറിയപ്പെടുന്നൂ എന്നത് തന്നെ തനിക്കുള്ള അംഗീകാരമാണെന്നും സ്‌നേഹപറഞ്ഞു. അമ്മ. രജനി, സഹോദരന്‍; ദിഷ്ണു .

 

LEAVE A REPLY

Please enter your comment!
Please enter your name here